'വംശഹത്യക്ക് കൂട്ടുനിന്ന ട്രംപിനെ ജയിലിലടക്കുക': കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെഡ്രോ

ഗസ്സയിൽ തുടരുന്ന മനുഷ്യത്വരഹിതമായ വംശഹത്യയ്ക്കെതിരെ വാഷിംഗ്ടണിനും തെൽ അവീവിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) വഴി നിയമനടപടി സ്വീകരിക്കുമെന്നും കൊളംബിയൻ പ്രസിഡന്റ് പറഞ്ഞു.

Update: 2025-10-02 07:38 GMT

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ Photo: Press tv

ബൊഗോട്ട: ഗസ്സയിലേക്ക് സഹായവുമായി യാത്ര തിരിച്ച ​ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയ്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണം അപലപനീയമെന്ന് കൊളംബിയൻ പ്രസിഡന്റ് ​ഗുസ്താവോ പെഡ്രോ. ഇസ്രായേലിന്റെ വംശഹത്യാ പദ്ധതികൾക്ക് അമേരിക്ക കൂട്ട് നിൽക്കുകയാണെന്നും ട്രംപിനെ എത്രയും വേ​ഗം ജയിലിലടക്കണമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഗുസ്താവോ പറഞ്ഞു.

ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി യാത്രതിരിച്ച സുമൂദ് ഫ്ലോട്ടില്ല കപ്പലുകൾ ഇസ്രായേൽ തടയുകയും അതിലെ ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 37 രാജ്യങ്ങളിൽ നിന്നുള്ള 201ലധികം ആളുകളെ വഹിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരുന്ന സുമൂ​ദ് ഫ്ലോട്ടിലയിലെ 13 ബോട്ടുകളെയാണ് ഇതിനോടകം ഇസ്രായേൽ പിടിച്ചെടുത്തത്.

Advertising
Advertising

ഫ്ലോട്ടിലയിൽ തടവിലാക്കപ്പെട്ടവരിൽ രണ്ട് കൊളംബിയൻ ആക്ടിവിസ്റ്റുകളും ഉൾപ്പെട്ടതിനെ തുടർന്നാണ് ഗുസ്താവോയുടെ പ്രതികരണം. മാനുവേല ബെഡോയ, ലൂണ ബാരെറ്റോ എന്നീ കൊളംബിയൻ ആക്ടിവിസ്റ്റുകളെയാണ് ഇസ്രായേൽ കസ്റ്റഡിയിലെടുത്തത്. 'സുമൂദ് ഫ്ലോട്ടിലയിലുള്ളവരെ തടവിലാക്കിയതിലൂടെ ബിന്യമിൻ നെതന്യാഹു മറ്റൊരു അന്താരാഷ്ട്ര കുറ്റകൃത്യം കൂടി ചെയ്തിരിക്കുകയാണ്.'

ഗുസ്താവോ എക്‌സിൽ കുറിച്ചു.

'അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വംശഹത്യയിൽ പങ്കാളിയായിക്കൊണ്ടിരിക്കുന്നു. ജയിലല്ലാതെ മറ്റൊന്നും അയാൾ അർഹിക്കുന്നില്ല.' ഗുസ്താവോ കൂട്ടിച്ചേർത്തു. ​ഗസ്സയിൽ തുടരുന്ന മനുഷ്യത്വരഹിതമായ വംശഹത്യയ്ക്കെതിരെ വാഷിംഗ്ടണിനും തെൽ അവിവിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) വഴി നിയമനടപടി സ്വീകരിക്കുമെന്നും കൊളംബിയൻ പ്രസിഡന്റ് പറഞ്ഞു. ഇസ്രായേലിനെതിരെ കൊളംബിയൻ വിദേശകാര്യ മന്ത്രാലയം കേസുകൾ ഫയൽ ചെയ്യുമെന്നും കൊളംബിയൻ നിയമസംഘത്തെ പിന്തുണയ്ക്കാൻ അന്താരാഷ്ട്ര അഭിഭാഷകരോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News