വാക്സിനെടുക്കാതിരിക്കാന്‍ മനഃപൂര്‍വം കോവിഡ് രോഗിയായ ചെക്ക് ഗായികക്ക് ദാരുണാന്ത്യം

ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഒരാൾ രണ്ട് ഡോസ് വാക്സിൻ എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്‍റെ തെളിവ് ഹാജരാക്കുകയോ വേണം

Update: 2022-01-20 02:27 GMT
Editor : Jaisy Thomas | By : Web Desk

കോവിഡ് വാക്സിൻ എടുക്കാതെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അറിഞ്ഞുകൊണ്ട് രോഗം വരുത്തിവച്ച ചെക്ക് ഗായിക ഹനാ ഹോർക്ക (57) അന്തരിച്ചു. ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഒരാൾ രണ്ട് ഡോസ് വാക്സിൻ എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്‍റെ തെളിവ് ഹാജരാക്കുകയോ വേണം.

രാജ്യത്ത് സാംസ്‌കാരിക, കായിക പരിപാടിയില്‍ പങ്കെടുക്കുന്നതിനും ഹോട്ടലുകളിലും ബാറുകളിലും പ്രവേശിക്കണമെങ്കിലും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനോ അല്ലെങ്കില്‍ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചതിനോ തെളിവു നല്‍കണം. എന്നാല്‍ കടുത്ത വാക്‌സിന്‍ വിരോധിയായ ഗായിക ഹന ഹോര്‍ക സ്വയം രോഗം ഏറ്റുവാങ്ങുകയായിരുന്നു. 57കാരിയായ ഇവര്‍ ഞായറാഴ്ച മരിച്ചതായി മകന്‍ ജാന്‍ റെക് അറിയിച്ചു. ഹനയുടെ ഭര്‍ത്താവും മകനും വാക്‌സിന്‍ എടുത്തിരുന്നു. അസോണൻസ് ബാൻഡിന്‍റെ ഗായികയായിരുന്നു ഹന. ക്രിസ്മസിന് മുമ്പ് താനും പിതാവും വാക്‌സിനേഷൻ എടുത്തപ്പോൾ മാതാവ് അതിനോട് വിമുഖത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് റെക് പബ്ലിക് റേഡിയോ iRozhlas.cz-നോട് പറഞ്ഞു.

Advertising
Advertising

വാക്സിനെടുക്കാതെ സാധാരണ ജീവിതം തുടരാനായിരുന്നു ഹനയുടെ തീരുമാനം. കുത്തിവെപ്പ് എടുക്കുന്നതിനെക്കാള്‍ രോഗത്തെയാണ് അവര്‍ ഇഷ്ടപ്പെട്ടതെന്നും മകന്‍ വ്യക്തമാക്കി. എന്നാല്‍ മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് താന്‍ കോവിഡിനെ അതിജീവിച്ചുവെന്നും രോഗം കഠിനമായിരുന്നുവെന്നും ഹന സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ഇനി തനിക്ക് തിയറ്ററിലും സംഗീത പരിപാടിക്കും കടല്‍ യാത്രയും നടത്താമെന്നും അവര്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അമ്മയുടെ മരണത്തിന് ഉത്തരവാദികള്‍ നാട്ടിലെ ചില വാക്‌സിന്‍ വിരുദ്ധരാണെന്നും മകന്‍ റെക് ആരോപിച്ചു. അവര്‍ അമ്മയില്‍ വാക്‌സിന്‍ വിരുദ്ധത കുത്തിവയ്ക്കുകയായിരുന്നുവെന്നും അവരുടെ കയ്യില്‍ രക്തം പുരണ്ടിരിക്കുകയാണെന്നും റെക് കുറ്റപ്പെടുത്തി. ആരാണ് അമ്മയെ സ്വാധീനിച്ചതെന്ന് തനിക്കറിയാം. സ്വന്തം കുടുംബത്തെക്കാള്‍ അമ്മ അപരിചിതരെ വിശ്വസിച്ചു എന്നത് വേദനിപ്പിക്കുന്നതാണെന്നും റെക് പറഞ്ഞു.10.7 ദശലക്ഷം ആളുകളുള്ള രാജ്യത്ത് ചൊവ്വാഴ്ച 20,000ത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News