അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ആശുപത്രിയില്‍; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

Update: 2023-12-18 02:24 GMT
Editor : Jaisy Thomas | By : Web Desk

ദാവൂദ് ഇബ്രാഹിം

കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.ദാവൂദിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും ഗുരുതാരവസ്ഥയിലാണെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആശുപത്രിയില്‍ കഴിയുന്ന ദാവൂദിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം ചികിത്സയിലുള്ള ആശുപത്രി നിലയില്‍ ദാവൂദ് മാത്രമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഉന്നത അധികാരികള്‍ക്കും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. ദാവൂദിന്‍റെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധുക്കളായ അലിഷാ പാർക്കർ, സാജിദ് വാഗ്‌ലെ എന്നിവരിൽ നിന്ന് കണ്ടെത്താൻ മുംബൈ പൊലീസ് ശ്രമം നടത്തുന്നുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

അതേസമയം ദാവൂദ് ഇബ്രാഹിം കറാച്ചിയിലാണ് താമസിക്കുന്നതെന്നും വീണ്ടും വിവാഹിതനായെന്നും ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ ഇബ്രാഹിം പാർക്കര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നതെന്ന് റിപ്പോർട്ട്. ദാവൂദ് പുനർവിവാഹം കഴിച്ചുവെന്നും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ പത്താൻ സ്വദേശിയാണെന്നും സഹോദരി പുത്രൻ എൻ.ഐ.എക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.

സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ ഇന്ത്യ അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. 250 പേരുടെ മരണത്തിന് കാരണമാകുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News