യുഎസ് നടുങ്ങിയ ദിനം: സെപ്തംബർ 11ന്റെ ഓർമയിൽ ലോകം
ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററും വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരവുമാണ് 2001 സെപ്തംബർ 11 ആക്രമണത്തിൽ തകർന്നടിഞ്ഞത്
ന്യൂയോര്‍ക്ക്: 24 വർഷം മുൻപ് ഇതുപോലൊരു സെപ്തംബറിലെ പതിനൊന്നാം തീയതിയാണ് ലോകരാഷ്ട്രീയത്തെ മാറ്റിമറിച്ച ഭീകരാക്രമണം യുഎസിലുണ്ടായത്. അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായിരുന്ന ലോകവ്യാപാര കേന്ദ്രവും പെന്റഗൺ ആസ്ഥാനവുമാണ് അന്ന് തകർന്നത്.
പക്ഷേ അമേരിക്കയ്ക്കത് യുദ്ധം തുടങ്ങാനുള്ള ഒരു കാരണമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഭീകരതക്കെതിരായ യുദ്ധം എന്നുവിളിച്ച് പരമാധികാര രാജ്യങ്ങളിൽ കടന്നുകയറുകയായിരുന്നു അമേരിക്ക.
ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററും വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരവുമാണ് 2001 സെപ്തംബർ 11 ആക്രമണത്തിൽ തകർന്നടിഞ്ഞത്. അമേരിക്കയിൽ നിന്ന് തന്നെ റാഞ്ചിയ വിമാനങ്ങൾ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. 110 നിലകളിലായി ലോകവ്യാപാരകേന്ദ്രത്തിലുണ്ടായിരുന്ന 2595 പേരും വിമാനങ്ങളിലെ 265 പേരും പെന്റഗണിലെ 125 പേരും അടക്കം ആകെ മുവ്വായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ് അമേരിക്കയിൽ പ്രവേശിച്ചതെന്നും ഇതിൽ 19 പേർ ചേർന്നാണ് ചാവേർ ആക്രമണം നടത്തിയത് എന്നും എഫ്ബിഐ പറഞ്ഞു. ഇവർ അൽഖാഇദ ഭീകരരാണെന്നും സൂത്രധാരൻ ഉസാമ ബിൻലാദനാണെന്നും അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷ് പ്രഖ്യാപിച്ചു.
ആക്രമണത്തെ കുറിച്ച് പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉയർന്നിരുന്നു. അമേരിക്ക അറിഞ്ഞുകൊണ്ടു തന്നെ നടത്തിയതാണ് ആക്രമണം എന്നുവരെ സിദ്ധാന്തങ്ങളുണ്ടായി. ഏതായിരുന്നാലും ആക്രമണം നടന്ന ഉടനെ ഉസാമയെ സംരക്ഷിക്കുന്നു എന്നു പറഞ്ഞ് ജോർജ് ഡബ്ല്യൂ ബുഷ് അഫ്ഗാനിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ആക്രമണത്തിൽ താലിബാൻ സർക്കാർ തകർന്നു. താലിബാൻ നേതാവ് മുല്ലാ ഉമറും അൽഖാഇദ നേതാവ് ഉസാമ ബിൻലാദനും രക്ഷപ്പെട്ടെന്ന് അമേരിക്ക അറിയിച്ചു.
ഭീകരതക്കെതിരായ യുദ്ധം പിന്നീട് അമേരിക്ക ഇറാഖിലേക്ക് മാറ്റി. അവിടത്തെ ഭരണാധികാരിയായ സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലുന്നതിലേക്ക് വരെ കാര്യങ്ങൾ നീണ്ടു. യുഎസ് അധിനിവേശം കാരണം അഫ്ഗാനിസ്ഥാനിൽ മാത്രം ഒന്നരലക്ഷം ജീവനുകൾ പൊലിഞ്ഞു. യമനിൽ തൊണ്ണൂറായിരം , ഇറാഖിൽ മൂന്നു ലക്ഷം , പാകിസ്ഥാനിൽ ആഭ്യന്തര സംഘർഷങ്ങളിൽ അറുപതിനായിരം , അങ്ങനെ കൂടുതൽ ജീവനുകൾ ഇല്ലാതാക്കാനും പുതിയ യുദ്ധമുഖങ്ങൾ തുറക്കാനും സെപ്റ്റംബർ 11 അമേരിക്ക ആയുധമാക്കി.
2011 മേയ് 1ന് പാകിസ്താനിൽ വെച്ച് ഉസാമ ബിൻലാദനെ വധിച്ചതായി അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. ഭീകരവിരുദ്ധയുദ്ധം എന്നു പറഞ്ഞ് നടത്തുന്ന യുദ്ധങ്ങൾ കാര്യമായി ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്ന് അമേരിക്കക്ക് ബോധ്യമായി തുടങ്ങിയിരുന്നു. പിന്നീട് താലിബാനുമായി കരാറുണ്ടാക്കി അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്റെ കൈകളിൽ തന്നയേൽപ്പിച്ചു അമേരിക്ക. ഭീകരത എന്നത് ഇപ്പോഴും അമേരിക്ക നിശ്ചയിക്കുന്ന അളവുകോലിലാണ് ലോകരാജ്യങ്ങൾ കാണുന്നത്. ഗസ്സയിൽ പതിനായിരങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേൽ വംശഹത്യയെ പിന്തുണക്കുന്ന യുഎസ് ഭരണകൂടം വർത്തമാന കാലത്ത് അതിന്റെ തെളിവാണ്.