ട്രംപിൻ്റെ കഴുത്തില്‍ ചുവന്ന പാടുകള്‍; എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി ഡോക്ടര്‍

79കാരനായ പ്രസിഡൻ്റിൻ്റെ ആരോഗ്യനിലയെ കുറിച്ച് പലപ്പോഴായി അഭ്യൂഹങ്ങള്‍ ഉയരാറുണ്ട്

Update: 2026-03-03 09:43 GMT

വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയെ കുറിച്ച് പലപ്പോഴായി പല അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ 79കാരനായ പ്രസിഡന്റിന്റെ കഴുത്തില്‍ തെളിഞ്ഞുകണ്ട ചുവന്ന പാട് പലരുടെയും ശ്രദ്ധയില്‍പെട്ടിരുന്നു. ഇതോടെ, ഒരിക്കല്‍ കൂടി ട്രംപിന്റെ ആരോഗ്യാവസ്ഥ ചര്‍ച്ചയിലെത്തി. കഴുത്തിലെ ചുവന്ന പാടിന് കാരണമെന്താണെന്ന് സംബന്ധിച്ചും ട്രംപിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നും അഭ്യൂഹങ്ങളുയര്‍ന്നു. എന്നാല്‍, പിന്നാലെ ട്രംപിന്റെ ഡോക്ടര്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുകയാണ്.

Advertising
Advertising

ചര്‍മ്മത്തിലെ ചികിത്സയുടെ ഭാഗമായി പുരട്ടിയ ക്രീം കാരണമാണ് പ്രസിഡന്റിന്റെ കഴുത്തില്‍ ചുവന്ന പാടുകളുണ്ടായത് എന്നാണ് ഡോ. ഷോണ്‍ ബാര്‍ബബെല്ല പറഞ്ഞത്. അതേസമയം, എന്ത് അസുഖത്തിന്റെ ഭാഗമായാണ് ക്രീം ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒരു ക്രീമാണ് പുരട്ടിയത്. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയോളം ക്രീം പുരട്ടേണ്ടിവരും. അതിനാല്‍ കഴുത്തിലെ പാട് ഒന്നിലേറെ ആഴ്ചകളില്‍ തുടരാനിടയുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. 


കഴിഞ്ഞ വര്‍ഷം ട്രംപിന്റെ വലത് കൈയിലെ പാടുകള്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വൈറ്റ്ഹൗസ് വിശദീകരണം നല്‍കിയിരുന്നു. ഇടയ്ക്കിടെയുള്ള ഹസ്തദാനം മൂലമാണിതെന്നാണ് വൈറ്റ് ഹൗസ് പറഞ്ഞത്. ട്രംപിന് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (സിവിഐ) ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കാലിലെ സിരകള്‍ ഹൃദയത്തിലേക്ക് രക്തം തിരികെയെത്തിക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥയാണിത്. ഇതിന്റെ ഭാഗമായി കണങ്കാലില്‍ വീക്കവുമുണ്ടാകാറുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് വൈറ്റ് ഹൗസ് വിശദമായി പറഞ്ഞിരുന്നു. ട്രംപിന്റെ ഹൃദയം, ശ്വാസകോശം, നാഡിവ്യൂഹം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നുമാണ് വൈറ്റ് ഹൗസ് ഡോക്ടര്‍ വ്യക്തമാക്കിയത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യനിലയെ നിശിതമായി വിമര്‍ശിച്ചയാളെന്ന നിലയില്‍ ട്രംപിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അമേരിക്കക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News