പോൺതാരവുമായുള്ള ബന്ധം: ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തി

2006 മുതലുള്ള രഹസ്യബന്ധം പുറത്തുപറയാതിരിക്കാൻ പോൺതാരം സ്‌റ്റോമി ഡാനിയൽസിന് ട്രംപ് 1.30 ലക്ഷം യു.എസ് ഡോളർ നൽകിയെന്നാണ് കേസ്

Update: 2023-04-01 07:02 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: അവിഹിതബന്ധം പുറത്തുപറയാതിരിക്കാൻ പോൺ താരത്തിന് പണം നൽകിയ കേസിൽ മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ. അമേരിക്കയിലെ മാൻഹാട്ടൻ ഗ്രാൻഡ് ജൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. പോൺതാരം സ്‌റ്റോമി ഡാനിയൽസിന് 1.30 ലക്ഷം യു.എസ് ഡോളർ(ഏകദേശം 1.06 കോടി രൂപ) നൽകിയെന്ന കേസിലാണ് നടപടി.

ഇതാദ്യമായാണ് ഒരു മുൻ യു.എസ് പ്രസിഡന്റ് ക്രിമിനൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. കുറ്റത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ട്രംപിനോട് കോടതിക്കു മുൻപാകെ കീഴടങ്ങാൻ മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോണി ആൽവിൻ ബ്രാഗ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച കോടതിയിൽ ട്രംപിനു മുന്നിൽ കുറ്റം വായിച്ചുകേൾപ്പിക്കുമെന്നാണ് കോടതി വൃത്തങ്ങൾ പറയുന്നത്.

2006 മുതൽ ട്രംപുമായി ബന്ധമുണ്ടെന്നാണ് സ്റ്റോമി ഡാനിയൽസ് ആരോപിച്ചത്. ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്ന കാര്യം ട്രംപ് സമ്മതിച്ചിരുന്നെങ്കിലും ലൈംഗികബന്ധമുണ്ടായില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 2016ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ട്രംപ് സ്‌റ്റോമിക്ക് പണം നൽകുകയായിരുന്നു. അന്ന് ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കൽ കോഹനാണ് ഈ പണം നടിക്ക് കൈമാറിയത്. ഇക്കാര്യം കോഹൻ കോടതിയിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയവേട്ടയാണ് തനിക്കെതിരെ നടക്കുന്നതെന്നാണ് ട്രംപ് പ്രതികരിച്ചത്. നടപടിക്ക് വൻ തിരിച്ചടിയുണ്ടാകും. 2024 നമ്മുടെ റിപബ്ലിക്കിനെ എക്കാലത്തേക്കുമായി രക്ഷിക്കുന്ന വർഷമാകും. നിങ്ങളുടെ പിന്തുണയോടെ നമ്മൾ അമേരിക്കൻ ചരിത്രത്തിന്റെ അടുത്ത വലിയ അധ്യായം കുറിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ട്രംപിന് കനത്ത തിരിച്ചടിയാകുന്നതാണ് പുതിയ നിയമനടപടി.

ട്രംപ് കീഴടങ്ങിയിട്ടില്ലെങ്കിൽ അറസ്റ്റ് നടപടികളുണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന്റെ മുന്നോടിയായി സ്‌റ്റോമിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 2018ൽ ട്രംപുമായുള്ള ബന്ധം പുറത്തുപറയരുതെന്ന് അവർക്ക് ഭീഷണിയും മുന്നറിയിപ്പും ലഭിച്ചിരുന്നുവെന്നാണ് അഭിഭാഷകർ പറഞ്ഞത്.

Summary: Former US President Donald Trump has been indicted in relation to an alleged hush-money payment made to a porn star Stormy Daniels before the 2016 presidential election

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News