ഹിന്ദു ആത്മീയ സംഘത്തിന് വേണ്ടി വനിതാ ജീവനക്കാരെ മാറ്റിനിർത്തി; പ്രതിഷേധത്തെത്തുടർന്ന് ഈഫൽ ടവർ അടച്ചു

ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്തയുടെ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടെയാണ് സംഭവം

Update: 2026-09-08 05:43 GMT

പാരീസ്: പാരീസിലെ വിഖ്യാത സ്മാരകമായ ഈഫൽ ടവറിൽ സന്ദർശനത്തിനെത്തിയ ഹൈന്ദവ ആത്മീയ സംഘത്തിന് വേണ്ടി വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റിനിർത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കി. തിങ്കളാഴ്ച ജീവനക്കാർ നടത്തിയ അപ്രതീക്ഷിത സമരത്തെത്തുടർന്ന് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാതെ ഈഫൽ ടവർ അടച്ചുപൂട്ടേണ്ടി വന്നു. സംഭവം ഫ്രാൻസിൽ വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് നൂറോളം പേരടങ്ങുന്ന ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (BAPS) പ്രതിനിധി സംഘം ഈഫൽ ടവർ സന്ദർശിക്കാനെത്തിയത്. പാരീസിന്റെ പ്രാന്തപ്രദേശത്ത് പുതിയ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾക്കായി എത്തിയതായിരുന്നു സംഘം. എന്നാൽ, സന്ദർശന വേളയിൽ സ്ത്രീകളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന സംഘത്തിന്റെ ആവശ്യപ്രകാരം, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് കൗണ്ടറുകളിൽനിന്നും ജോലിസ്ഥലങ്ങളിൽനിന്നും മാറിനിൽക്കാൻ നിർദേശം നൽകുകയും പകരം പുരുഷ ജീവനക്കാരെ നിയോഗിക്കുകയുമായിരുന്നു.

Advertising
Advertising

തങ്ങളുടെ ജോലിസ്ഥലത്തുനിന്ന് ഇത്തരത്തിൽ അപമാനിച്ച് മാറ്റിനിർത്തിയത് ജീവനക്കാർക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായി. വനിതാ ജീവനക്കാരെ മനഃപൂർവം അപമാനിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും, കമ്പനിയിൽ ഇനി ഒരിക്കലും ഇത്തരം വിവേചനം ആവർത്തിക്കാതിരിക്കാനാണ് മാനേജ്‌മെന്റുമായി ചർച്ച ആവശ്യപ്പെട്ട് സമരം ആരംഭിച്ചതെന്നും ജീവനക്കാരുടെ യൂണിയൻ പ്രതിനിധി ഡയാൻ ഡാവോയ്ൻ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.

മാനേജ്‌മെന്റിന്റെയും സംഘാടകരുടെയും പ്രതികരണം

വനിതകളുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തണമെന്ന സന്ദർശക സംഘത്തിന്റെ ആവശ്യം സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്ന് ഈഫൽ ടവർ നടത്തുന്ന കമ്പനിയായ 'സെറ്റ്' സമ്മതിച്ചു. ഈ നടപടി ഫ്രഞ്ച് റിപ്പബ്ലിക്കൻ മൂല്യങ്ങൾക്കും ലിംഗസമത്വ തത്വങ്ങൾക്കും തീർത്തും വിരുദ്ധമാണെന്നും, ജീവനക്കാരോട് ഇതിൽ ക്ഷമാപണം നടത്തിയെന്നും കമ്പനി അറിയിച്ചു. ഒരു കാരണവശാലും ഇത്തരം വിവേചനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കമ്പനി പ്രസിഡന്റ് ഏരിയൽ വെയ്ൽ വ്യക്തമാക്കി.

അതേസമയം, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഈഫൽ ടവർ അധികൃതരുമായി കൂടിയാലോചിച്ചാണ് സന്ദർശനം ക്രമീകരിച്ചിരുന്നതെന്നും, ഉണ്ടായ അസൗകര്യങ്ങളിലും വിഷമങ്ങളിലും ക്ഷമ ചോദിക്കുന്നുവെന്നും BAPS പാരീസ് ഘടകം എക്സിലൂടെ പ്രതികരിച്ചു. പരസ്പര ബഹുമാനത്തിലും സേവനത്തിലും അധിഷ്ഠിതമായ ആത്മീയ സംഘടനയാണ് തങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാരീസ് ഡെപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗ്വാർ വ്യക്തമാക്കി. ചരിത്രസ്മാരകങ്ങളിലോ പാരീസിലെവിടെയുമോ ലിംഗസമത്വം ആർക്കുവേണ്ടിയും അടിയറവ് വെക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് രാഷ്ട്രീയ നേതാക്കളും സംഭവത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഫ്രാൻസിൽ സ്ത്രീകളുടെ സാന്നിധ്യം പരിമിതപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് തീവ്ര വലതുപക്ഷ നേതാവ് മറൈൻ ലെ പെൻ പറഞ്ഞു. രാജ്യത്ത് ഒരു സംസ്കാരത്തിനും വിശ്വാസത്തിനും സ്ത്രീകൾ എവിടെ നിൽക്കണമെന്ന് നിർദേശിക്കാൻ അവകാശമില്ലെന്ന് മുൻ പ്രധാനമന്ത്രി ഗബ്രിയേൽ അത്താലും തുറന്നടിച്ചു. വിദേശ സന്ദർശകരുടെ താല്പര്യങ്ങൾക്ക് വേണ്ടി സ്ത്രീകൾ മാറിനിൽക്കേണ്ട സാഹചര്യം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യായേൽ ബ്രോൺ-പിവെയും വ്യക്തമാക്കി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News