ചൈന - തായ്‍വാന്‍ പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശവുമായി മസ്ക്

റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്നിന്‍റെ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്ന പരാമര്‍ശത്തിനു പിന്നാലെയാണ് പുതിയ ഇടപെടല്‍

Update: 2022-10-08 15:48 GMT

ചൈന - തായ്‍വാന്‍ പ്രതിസന്ധി പരിഹരിക്കാൻ പുതിയ നിർദേശവുമായി ടെസ്‌ല മേധാവി ഇലോൺ മസ്ക്. തായ്‍വാന്‍റെ അധികാരങ്ങളിൽ കുറച്ച് ബീജിങിന് കൈമാറണമെന്ന് മസ്ക് അഭിപ്രായപ്പെട്ടു. റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്നിന്‍റെ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്ന പരാമര്‍ശത്തിനു പിന്നാലെയാണ് ചൈന - തായ്‍വാന്‍ പ്രശ്നത്തിലെ ഇടപെടല്‍.

തായ്‍വാനുവേണ്ടി ഒരു അധികാര പരിധി കണ്ടെത്തുന്നതാണ് ഹിതകരമെന്ന് മസ്ക് പറഞ്ഞു. എല്ലാവരെയും ഇത് സന്തോഷിപ്പിക്കില്ലെന്നും മസ്ക് വിശദീകരിച്ചു. ഫിനാൻഷ്യൽ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മസ്കിന്‍റെ പ്രതികരണം. ടെസ്‍ല ഇലക്ട്രിക് കാറിന്‍റെ ചൈനയിലെ ഫാക്ടറിയെ കുറിച്ച് പറയുന്നതിനിടെയായിരുന്നു പരാമര്‍ശം.

Advertising
Advertising

തായ്‌വാനെ തങ്ങളുടെ നിയന്ത്രണത്തിലാക്കാനാണ് വര്‍ഷങ്ങളായി ചൈനയുടെ നീക്കം. എന്നാല്‍ ചൈനയുടെ അവകാശവാദങ്ങളെ തായ്‌വാൻ സർക്കാർ ശക്തമായി എതിർക്കുന്നു. ദ്വീപിലെ 23 ദശലക്ഷം ആളുകൾക്ക് മാത്രമേ തീരുമാനമെടുക്കാന്‍ അവകാശമുള്ളൂവെന്നും തായ്‍വാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ അധീനതയിലുള്ള യുക്രൈനിലെ നാല് പ്രദേശങ്ങളിൽ യു.എൻ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്ന് മസ്ക് നിര്‍ദേശിച്ചിരുന്നു. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയ റഷ്യയുടെ ഭാഗമാണെന്ന് ഔദ്യോഗികമായി യുക്രൈൻ അംഗീകരിക്കണമെന്നും മസ്ക് ആവശ്യപ്പെട്ടു. തുടർന്ന് മസ്കിനെതിരെ യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി ഉൾപ്പെടെ രംഗത്തെത്തി. തുടര്‍ന്ന് മസ്ക് തന്നെ ട്വിറ്ററില്‍ വോട്ടെടുപ്പ് നടത്തി- "ഏത് മസ്കിനെയാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം? യുക്രൈനെ പിന്തുണയ്ക്കുന്ന മസ്കിനെ? അതോ റഷ്യയെ പിന്തുണയ്ക്കുന്ന മസ്കിനെ?"

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News