Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും 'ദൈവത്തിന്റെ ശത്രുക്കൾ' എന്ന് വിളിച്ച് ഇറാനിലെ മുഖ്യ പുരോഹിതൻ ഗ്രാൻഡ് ആയത്തുള്ള നാസർ മക്രിം ഷിരാസി. ഇസ്‌ലാമിക് റിപ്പബ്ലിക് നേതൃത്വത്തെ ഭീഷണിപ്പെടുത്തിയ അമേരിക്കൻ, ഇസ്രായേൽ നേതാക്കളെ ഒന്നിച്ച് താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്‌ലിംകളോട് ഗ്രാൻഡ് ആയത്തുള്ള നാസർ മക്രിം ഷിരാസി ആവശ്യപ്പെട്ടു.
ഇറാൻ ഇസ്രായേൽ സംഘർഷത്തിനിടയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കുമെന്നും ഇറാനിൽ ഭരണമാറ്റമുണ്ടാക്കുമെന്നും അമേരിക്കയും ഇസ്രയേലും ആവർത്തിച്ചു പറഞ്ഞ പശ്ചാത്തലത്തിലാണ് മതവിധി പുറപ്പെടുവിച്ചിരിക്കുന്നത്. ആയത്തുള്ള ഖാംനഈയെ ഉപദ്രവിക്കുന്ന ആർക്കും വധശിക്ഷ നൽകണമെന്നും മതവിധിയിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ശത്രുരാജ്യങ്ങളായ അമേരിക്കയും ഇസ്രയേലുമായി മുസ്‌ലിംകളോ ഇസ്‌ലാമിക രാഷ്ട്രങ്ങളോ നൽകുന്ന ഏതൊരു പിന്തുണയും സഹകരണവും നിഷിദ്ധമായി കണക്കാക്കുമെന്നും ഷിരാസിയുടെ മതവിധിയിൽ പറയുന്നു.
ജൂൺ 13 ന് ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഇറാൻ ഇസ്രായേൽ സംഘർഷം ആരംഭിക്കുന്നത്. ഇസ്രായേൽ നഗരങ്ങളിൽ തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. അതേസമയം, ആണവായുധങ്ങൾ പിന്തുടരുകയാണെന്ന ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു. യുഎസും ഇസ്രായേലും സൈന്യം സംയുക്തമായി ഇറാനിലെ മൂന്ന് ആണവ അനുബന്ധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാന്റെ അവകാശവാദത്തെ പിന്തുണക്കുന്ന റിപ്പോർട്ട് വാഷിംഗ്‌ടൺ പോസ്റ്റും പങ്കുവെച്ചു. ഈ നീക്കം ഇറാനിൽ ശക്തമായ പ്രതികരണത്തിന് കാരണമായി. തുടർന്ന് ഇറാൻ ഖത്തറിലെ ഒരു അമേരിക്കൻ സൈനിക കേന്ദ്രത്തിൽ ആക്രമണം നടത്തുകയും മിഡിൽ ഈസ്റ്റിലുടനീളം സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുകയും ചെയ്തു. എന്നാൽ ഖത്തർ ആക്രമണത്തിന്റെ തൊട്ടടുത്ത ദിവസം ട്രംപ് വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഇറാനും ഇസ്രയേലും സംഘർഷത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.