'വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല, ചാര്‍ലിയുടെ കൊലയാളിയോട് ഞാൻ ക്ഷമിക്കുന്നു'; ചാര്‍ലി കിര്‍ക്കിന്‍റെ സംസ്കാരച്ചടങ്ങിനിടെ ഭാര്യ

ചാര്‍ലി കിര്‍ക്കിനോടുള്ള ആദര സൂചകമായി ഞായറാഴ്ച പതിനായിരങ്ങളാണ് അരിസോണയിലെ ഗ്ലെൻഡേലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്

Update: 2025-09-22 08:09 GMT
Editor : Jaisy Thomas | By : Web Desk

അരിസോണ: വലതുപക്ഷ ആക്ടിവിസ്റ്റ് ചാര്‍ലി കിര്‍ക്കിന്‍റെ ഘാതകന് താൻ മാപ്പ് നൽകുന്നതായി അദ്ദേഹത്തിന്‍റെ വിധവ എറിക്ക കിര്‍ക്ക്. തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ അരിസോണയിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ കിര്‍ക്കിന്‍റെ ശവസംസ്‌കാര ചടങ്ങിനെത്തിയ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും പതിനായിരക്കണക്കിനുവരുന്ന കിര്‍ക്കിന്‍റെ ആരാധകരെയും സാക്ഷിനിര്‍ത്തിയാണ് എറിക്കയുടെ വൈകാരിക പ്രഖ്യാപനം. എറിക് ജീവിച്ചിരുന്നുവെങ്കില്‍ സമാനമായ തെറ്റുകള്‍ ചെയ്യുന്നവരോട് അദ്ദേഹവും ഇതുതന്നെയാവും ചെയ്യുക എന്നും അവര്‍ പറഞ്ഞു.

Advertising
Advertising

ഉട്ടാ വാലി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടെ കിര്‍ക്കിനെ വെടിവച്ചു കൊന്ന കേസില്‍ കുറ്റാരോപിതനായ ടൈലര്‍ റോബിന്‍സണെ അഭിസംബോധന ചെയ്തുകൊണ്ടാണ് എറിക്ക മാപ്പ് നൽകുന്നതായി അറിയിച്ചത്. "ആ മനുഷ്യൻ, ആ ചെറുപ്പക്കാരൻ. ഞാൻ അവനോട് ക്ഷമിച്ചു" ശബ്ദം ഇടറിക്കൊണ്ട് എറിക്ക പറഞ്ഞു. "ഞാൻ അവനോട് ക്ഷമിക്കുന്നു, കാരണം അത് ക്രിസ്തു ചെയ്ത കാര്യമായിരുന്നു. ചാർലി ചെയ്യുമായിരുന്നതും അതുതന്നെയാണ്. വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല" അവര്‍ പറഞ്ഞു.

ചാര്‍ലി കിര്‍ക്കിനോടുള്ള ആദര സൂചകമായി ഞായറാഴ്ച പതിനായിരങ്ങളാണ് അരിസോണയിലെ ഗ്ലെൻഡേലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്. സംസ്കാരച്ചടങ്ങൾക്കും അനുസ്മരണ ശുശ്രൂഷകൾക്കും സ്റ്റേഡിയം ആതിഥേയത്വം വഹിച്ചു. 63,000-ത്തിലധികം പേർക്ക് ഇരിക്കാവുന്നതും 73,000-ത്തിലധികം പേർക്ക് പങ്കെടുക്കാവുന്നതുമായ ഈ വേദി വലിയ ജനപങ്കാളിത്തം കണക്കിലെടുത്താണ് തെരഞ്ഞെടുത്തത്. കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ സെപ്റ്റംബ‍ർ 10ന് നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ചാ‍ർലി കിർക്കിന് വെടിയേറ്റത്. 33 മണിക്കൂ‍ർ നീണ്ട അന്വേഷണത്തിനൊടുവിൽ 22കാരനായ ടൈലർ റോബിൻസണെ എഫ്ബിഐ പിടികൂടുകയായിരുന്നു. നിലവിൽ യൂട്ടാ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെൻ്റിൻ്റെ കസ്റ്റഡിയിലാണ് പ്രതി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News