'കൂടുതൽ സർപ്രൈസുകൾക്ക് ഒരുങ്ങിയിരിക്കുക'; ഇസ്രായേലിനോട് ഹിസ്ബുല്ല

''നെതന്യാഹു അന്ത്യത്തോടടുക്കുകയാണ്. എതിർനിരയെ ചരിത്രപരവും സുപ്രധാനവുമായൊരു വിജയത്തിലേക്കാണ് അദ്ദേഹം നയിക്കുന്നത്. നിങ്ങളുടെ ചതിയും യജമാനന്മാരുടെ സമ്മർദവുമൊന്നും വിലപ്പോകില്ല.''

Update: 2024-05-26 12:38 GMT
Editor : Shaheer | By : Web Desk

ബെഞ്ചമിന്‍ നെതന്യാഹു, ഹസന്‍ നസ്റുല്ല

Advertising

ബെയ്‌റൂത്ത്: റഫയിൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ഇസ്രായേലിനു ഭീഷണിയുമായി ഹിസ്ബുല്ല. കൂടുതൽ അപ്രതീക്ഷിത നീക്കങ്ങൾ കാത്തിരുന്നോളൂവെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്‌റുല്ല മുന്നറിയിപ്പ് നൽകി. താങ്കളുടെ ചതിയോ താങ്കളുടെ യജമാന്മാരുടെ സമ്മർദമോ ഒന്നും വിലപ്പോകില്ലെന്നും ചെറുത്തുനിൽപ്പ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ലബനാനിലെ ചെറുത്തുനിൽപ്പ്-സ്വാതന്ത്രദിന വാർഷികത്തോടനുബന്ധിച്ച് ഹിസ്ബുല്ല പുറത്തുവിട്ട ടെലിവിഷൻ പ്രഭാഷണത്തിലായിരുന്നു ഹസൻ നസ്‌റുല്ലയുടെ മുന്നറിയിപ്പ്. ഗസ്സ യുദ്ധത്തിലൂടെ ഒരു ലക്ഷ്യവും നേടാൻ ഇസ്രായേലിനായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇത് അവരുടെ നേതാക്കൾ തന്നെ സമ്മതിച്ച കാര്യമാണെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു.

''ശത്രുവിനു ഒരു ലക്ഷ്യവും നേടാനായിട്ടില്ല. അത് ദേശീയ സുരക്ഷാ കൗൺസിൽ തലവൻ സമ്മതിച്ചതാണ്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളുടെ നടപടി അധിനിവേശകർ നേരിട്ട വലിയ തോൽവിയാണ്. തൂഫാൻ അൽഅഖ്‌സ പോരാട്ടത്തിന്റെ ഫലമാണത്. തൂഫാൻ അൽഅഖ്‌സയുടെയും ചെറുത്തുനിൽപ്പ് പോരാട്ടങ്ങളുടെ ദൃഢചിത്തതയുടെയും ഫലമാണ് ഇപ്പോൾ രാജ്യാന്തര ക്രിമിനൽ കോടതിയിൽ ഇസ്രായേൽ നേരിടുന്നത്.''

ഇസ്രായേൽ ഒരു കാലത്തും അന്താരാഷ്ട്ര പ്രമേയങ്ങളെ മാനിച്ചിട്ടില്ലെന്നും ഹസൻ നസ്‌റുല്ല പ്രസംഗത്തിൽ ആരോപിച്ചു. ഐ.സി.ജെ ഉത്തരവ് വന്ന ശേഷവും റഫായിൽ കടുത്ത ആക്രമണമാണ് അവർ അഴിച്ചുവിട്ടത്. നാശത്തിലേക്കാണ് നെതന്യാഹുവിന്റെ പോക്കെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

''നെതന്യാഹു അന്ത്യത്തോടടുക്കുകയാണ്. എതിർനിരയെ ചരിത്രപരവും സുപ്രധാനവുമായൊരു വിജയത്തിലേക്കാണ് അദ്ദേഹം നയിക്കുന്നത്. താങ്കളുടെ ചതിയും നിങ്ങളുടെ യജമാനന്മാരുടെ സമ്മർദവുമൊന്നും വിലപ്പോകില്ല. ഈ ചെറുത്തുനിൽപ്പ് മുന്നോട്ടുപോകും. ഒക്ടോബർ ഏഴിനു നടന്ന ചെറുത്തുനിൽപ്പ് നിങ്ങളെ ഞെട്ടിച്ചതാണ്. ഇനിയും കൂടുതൽ സർപ്രൈസുകൾക്കായി സജ്ജമായിക്കൊള്ളൂ..''

യുദ്ധത്തിലേക്കു പോകുമ്പോൾ ഞങ്ങൾ എപ്പോഴും സുതാര്യമായിരിക്കും. വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ഗസ്സയെ സഹായിക്കലാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നു വ്യക്തമാക്കിയതാണ്. ലബനാനുനേരെയുള്ള ഏതു കടന്നുകയറ്റവും ചെറുക്കുകയാണു രണ്ടാമത്ത ലക്ഷ്യം. മനഃശാസ്ത്രപരമായി യുദ്ധം ജയിക്കാൻ തനിക്കറിയാമെന്നു ജനങ്ങളെ വിശ്വസിപ്പിക്കാൻ നോക്കുകയാണ് നെതന്യാഹു. എന്നാൽ, ഏതു സൈന്യവുമായാണ് ദക്ഷിണ ലബനാനിലേക്കു പോകുന്നതെന്നാണ് ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി അവിഗ്ദർ ലീബർമാൻ പോലും അദ്ദേഹത്തോട് ചോദിച്ചതെന്നും നസ്‌റുല്ല ചൂണ്ടിക്കാട്ടി.

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിസ്ബുല്ല രംഗത്തെത്തിയിരുന്നു. ലബനാൻ അതിർത്തിയിൽ നിന്ന് പലതവണയാണ് ഇസ്രായേൽ നഗരങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നത്. ഹമാസിന്റെ പ്രതിരോധശക്തിക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഇസ്രായേൽ സൈന്യം പതറുമ്പോഴാണു കൂടുതൽ തലവേദന സൃഷ്ടിച്ച് ഹിസ്ബുല്ല ആക്രമണവും വരുന്നത്. ഇപ്പോൾ റഫായിലും ഇസ്രായേൽ പിടിമുറുക്കി ആക്രമണം ശക്തമാക്കിയതോടെ പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്‌റുല്ല.

അതിനിടെ, കഴിഞ്ഞ ദിവസം ഹസൻ നസ്‌റുല്ലയുടെ മാതാവ് ഹജ്ജ ഉമ്മു ഹസൻ അന്തരിച്ചിരുന്നു. ഹിസ്ബുല്ല തന്നെയാണു വിവരം പുറത്തുവിട്ടത്. ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിലാണ് ഖബറടക്ക ചടങ്ങുകൾ നടക്കുന്നത്. പൊതുരംഗത്ത് പരസ്യമായി പ്രത്യക്ഷപ്പെടാറുന്നതു പതിവില്ലാത്ത ഹിസ്ബുല്ല തലവൻ മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തുമോ എന്ന കാര്യം വ്യക്തമല്ല.

Summary: 'Expect more surprises': Hezbollah chief Hassan Nasrallah warns Israel's Benjamin Netanyahu amid war on Palestine

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News