ഡി.എൻ.എ മോഷ്ടിക്കുമോയെന്ന ഭയം; റഷ്യയിലെത്തിയ ഇമ്മാനുവൽ മാക്രോൺ കോവിഡ് പരിശോധന നിരസിച്ചു

ഫ്രഞ്ച് പ്രസിഡന്റ് കോവിഡ് പരിശോധന നിരസിച്ച സാഹചര്യത്തിൽ ചർച്ച നടത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ രണ്ടു നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു

Update: 2022-02-12 11:05 GMT
Editor : afsal137 | By : Web Desk
Advertising

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി കൂടിക്കാഴ്ച്ച നടത്താൻ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കോവിഡ് പരിശോധന നിരസിച്ചുവെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച വാർത്ത റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. ഡിഎൻഎ വിവരങ്ങൾ റഷ്യ മോഷ്ടിക്കുമോ എന്ന സംശയത്തിനാലാണ് മാക്രോൺ കോവിഡ് പരിശോധന നിരസിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

നീളമുള്ള മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് വ്‌ളാഡിമർ പുടിനും ഇമ്മാനുവൽ മാക്രോണും ചർച്ച നടത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് കോവിഡ് പരിശോധന നിരസിച്ച സാഹചര്യത്തിൽ ചർച്ച നടത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ രണ്ടു നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഒന്നുകിൽ റഷ്യൻ അധികൃതർ നടത്തുന്ന പിസിആർ ടെസ്റ്റ് അംഗീകരിച്ച് പുടിനോട് ഒരുമിച്ചിരുന്ന് സംഭാഷണത്തിലേർപ്പെടുക, അല്ലെങ്കിൽ ടെസ്റ്റ് നിരസിച്ച് കൂടുതൽ കർശനമായ വ്യവസ്ഥകൾ പാലിച്ച് സാമൂഹിക അകലത്തിൽ ചർച്ച നടത്തുക എന്നിവയായിരുന്നു അധികൃതർ മുന്നോട്ട് വെച്ച രണ്ട് നിർദേശങ്ങൾ.

''ഹസ്തദാനം വേണ്ടെന്നുള്ളതും നീണ്ട മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നാകും ചർച്ച നടത്തുകയെന്നും ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ അവർ പ്രസിഡന്റിന്റെ ഡിഎൻഎയിൽ കൈക്കടത്തുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല,'' ഫ്രഞ്ച് പ്രസിഡന്റിനെ റഷ്യൻ ഡോക്ടർമാർ പരിശോധിച്ചാൽ സുരക്ഷാ ആശങ്കകളുണ്ടാകുമെന്ന് ഫ്രഞ്ച് സുരക്ഷവിഭാഗം കരുതുന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മാക്രോൺ ടെസ്റ്റ് നിരസിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. റഷ്യയ്ക്ക് ഇതിൽ പ്രശ്‌നമൊന്നുമില്ലെന്നും എന്നാൽ പുടിന്റെ ആരോഗ്യം സംരക്ഷിക്കാൻ അദ്ദേഹത്തിൽ നിന്ന് 6 മീറ്റർ (20 അടി) അകലം ആവശ്യമാണെന്നും വക്താവ് വിശദീകരിച്ചു. ഇതിൽ രാഷ്ട്രീയമില്ലെന്നും ചർച്ചകളെ ഇത് ഒരു തരത്തിലും തടസ്സപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാക്രോണിന്റെ സംഘത്തിലെ മറ്റു ചിലർ വെളിപ്പെടുത്തിയത് മാക്രോൺ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഒരു ഫ്രഞ്ച് പിസിആർ ടെസ്റ്റും റഷ്യയിൽ എത്തിയപ്പോൾ സ്വന്തം ഡോക്ടർ ഒരു ആന്റിജൻ ടെസ്റ്റും നടത്തിയെന്നാണ്. ''റഷ്യൻ ഹെൽത്ത് പ്രോട്ടോക്കോൾ 'ഞങ്ങളുടെ സുരക്ഷാ ചട്ടങ്ങൾക്ക്, സ്വീകാര്യമോ അനുയോജ്യമോ ആണെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല'', ഫലങ്ങൾക്കായി കാത്തിരിക്കേണ്ട സമയദൈർഘ്യത്തെ പരാമർശിച്ച് മാക്രോണിന്റെ ഓഫീസ് വ്യക്തമാക്കി. ഇതിനെ ചൊല്ലി വലിയ തോതിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് ഇമ്മാനുവൽ മാക്രോൺ നേരിട്ടത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News