ഈജിപ്തിൽ ഒരു ഫറവോയുടെ ശവകുടീരം കൂടി കണ്ടെത്തി; തുത്തൻഖാമന്റേതിന് ശേഷം ആദ്യം !
രാജാക്കന്മാരുടെ താഴ്‌വരയിൽ മറ്റ് ഫറവോമാരുടെ ശവകുടീരമുള്ളതിന് 2 കിലോമീറ്ററോളം മാറിയാണ് 18ാം രാജവംശത്തിലെ ഫറവോമാരുടെ ശവകുടീരങ്ങൾ...
എത്ര കണ്ടാലും എത്ര കേട്ടാലും മതിവരാത്ത, അതിനിഗൂഢത പേറുന്ന ചരിത്രമാണ് ഈജിപ്തിന്റേത്. പിരമിഡുകളിലൂടെയും അത്യാഢംബരപൂർണമായി അടക്കം ചെയ്യപ്പെട്ട ഫറവോമാരിലൂടെയും, പഴയ പ്രൗഢിയോടെ തന്നെ നിലകൊള്ളുന്നുണ്ട് ഈജിപ്ഷ്യൻ സംസ്‌കാരം.
1922ലാണ് അവസാനമായൊരു ഫറവോയുടെ ശവകുടീരം ഈജിപ്തിൽ കണ്ടെത്തുന്നത്. ഈജിപ്ത് കണ്ട ഏറ്റവും പ്രായം കുറഞ്ഞ, ഏറ്റവും കുറഞ്ഞ കാലം രാജ്യം ഭരിച്ച തുത്തൻഖാമന്റേതായിരുന്നു ഇത്. ചരിത്രപരമായ ഈ കണ്ടെത്തലിന് പിന്നാലെ ഒരു ശവകുടീരവും ഈജിപ്തിൽ വെളിച്ചം കണ്ടില്ല. എന്നാലിപ്പോൾ തുത്തൻഖാമന്റെ മമ്മി കണ്ടെത്തി ഏതാണ്ട് ഒരു നൂറ്റാണ്ടിനിപ്പുറം മറ്റൊരു ശവകുടീരം കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
തുത്തൻഖാമന്റെ പൂർവികനായിരുന്ന തുത്‌മോസ് രണ്ടാമന്റെ ശവകുടീരമാണ് ഡോ.പിയേഴ്‌സ് ലിതർലാൻഡ് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരിക്കുന്നത്. ഈജിപ്തിന്റെ തെക്കുഭാഗത്ത്, നൈൽ നദിയ്ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന, രാജാക്കന്മാരുടെ താഴ്‌വര എന്ന് അറിയപ്പെടുന്ന പ്രദേശത്ത് തന്നെയായിരുന്നു ഈ ശവകുടീരവും.
ഈജിപ്തിന്റെ 18ാം രാജവംശത്തിലെ ഫറവോമാരുടേതിൽ, കണ്ടെത്താനുണ്ടായിരുന്ന ഒരേയൊരു ശവകുടീരമായിരുന്നു തുത്മോസിന്റേത്. ഇദ്ദേഹത്തിന്റെ മമ്മി നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കണ്ടെത്തിയിരുന്നെങ്കിലും ശവകുടീരം കണ്ടെത്തിയിരുന്നില്ല. ഫറവോമാരിൽ ഭൂരിഭാഗം പേരുടെയും മമ്മികൾ ശവകുടീരങ്ങൾക്ക് അകത്ത് തന്നെയാണുള്ളതെങ്കിലും അപൂർവം ചിലരുടെ ശവകുടീരം അവരെ അടക്കം ചെയ്ത സ്ഥലങ്ങളിൽ നിന്ന് മാറി, പ്രത്യേകം തന്നെ ഒരുക്കിയിരുന്നു. ഈ രീതിയിലാണ് തുത്മോസിന്റെ ശവകുടീരവും ഉണ്ടായിരുന്നത്.
രാജാക്കന്മാരുടെ താഴ്‌വരയിൽ മറ്റ് ഫറവോമാരുടെ ശവകുടീരമുള്ളതിന് 2 കിലോമീറ്ററോളം മാറിയാണ് 18ാം രാജവംശത്തിലെ ഫറവോമാരുടെ ശവകുടീരങ്ങൾ. ഇവിടെ പ്രധാനമായും സ്ത്രീകളെയാണ് അടക്കം ചെയ്തിരുന്നത്. തുത്മോസിന്റെ പത്‌നിയും അർധസഹോദരിയുമായ ഹത്‌ഷേപ്‌സൂതിന്റെ ശവകുടീരവും ഇവിടെയാണ്. ലക്ഷോർ സിറ്റിയിൽ ഗിസ പിരമിഡിന് സമീപം തീബൻ നെക്രോപൊളിസ് എന്ന ഈ പ്രദേശത്തിന്റെ പടിഞ്ഞാറൻ താഴ്‌വരയിലായിരുന്നു തുത്മോസിന്റെ ശവകുടീരം. കൊട്ടാരത്തിലെ അന്തപുര സ്ത്രീകളുടെ മമ്മികൾ സൂക്ഷിച്ചിരുന്ന പ്രദേശത്ത്, അധികം ശ്രദ്ധയെത്താത്ത ഭാഗത്തായിരുന്നു ഇത്..
രണ്ട് വർഷം മുമ്പ് തന്നെ ഇവിടെ ലിതർലാൻഡും സംഘവും ഇവിടെ തിരച്ചിൽ ആരംഭിച്ചിരുന്നു. കാര്യമായ പ്രതീക്ഷയോടെയായിരുന്നില്ല ഇത്. കൊട്ടാരം സ്ത്രീകളുടെ ശവകുടീരമുള്ളിടത്തെങ്ങനെ തുത്മോസിന്റെ കുടീരമുണ്ടാകും? പക്ഷേ കഴിഞ്ഞ ദിവസം മണ്ണ് മാറ്റി മാറ്റിയെത്തിയപ്പോൾ ഒരു കാര്യം ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടു. ശവകുടീരമുള്ളതിൽ ഒരിടത്ത് മണ്ണ് ഒരു പ്രത്യേക രീതിയിലാണ്. അവിടെ പ്രത്യേകമായി എന്തോ ഉണ്ട്... വീണ്ടും പരിശോധിച്ചപ്പോൾ അലങ്കരിച്ച നിലയിൽ ഒരു പ്രവേശനകവാടം... - ഫറവോമാർക്ക് മാത്രം അനുവദിക്കപ്പെട്ടിരുന്ന അവകാശം.
ഇത്രയും കാലമായിട്ടും യാതൊരുവിധ കേടുപാടുകളും തുത്മോസിന്റെ കല്ലറയ്ക്ക് പറ്റിയിരുന്നില്ല. ആ കല്ലറയുടെ മേൽക്കൂരയ്ക്ക് നീലനിറമായിരുന്നു. മഞ്ഞ നക്ഷത്രങ്ങളാൽ അലങ്കരിച്ച അത്തരം മേൽക്കൂരകൾ ഫറവോമാരുടെ കല്ലറകളുടെ മാത്രം പ്രത്യേകതയായിരുന്നു. വലിയ സ്‌റ്റെയർകേസുകളും നിരതെറ്റിയ പോലെ പണിതുയർത്തിയ ഇടനാഴികളുമായിരുന്നു തുത്മോസിന്റെ ശവകുടീരത്തിൽ ഉണ്ടായിരുന്നത്. കഷ്ടിച്ച് ഒരാൾക്ക് നിരങ്ങി നീങ്ങാവുന്ന പത്ത് മീറ്റർ മാത്രം നീളമുള്ള പ്രവേശനകവാടം കഴിഞ്ഞാൽ 40 സെന്റിമീറ്റർ വീതിയുള്ള ഒരു ഇടനാഴിയാണ്. ഈ ഇടനാഴിയെത്തുന്നത് അലങ്കരിച്ച മേൽക്കൂരയുള്ള വലിയ മുറിയിലേക്കും.
രാജാക്കന്മാരുടെ കല്ലറകളിലുള്ള, മതാചാരപ്രകാരമുള്ള എഴുത്തുകൾ ആ മുറിയുടെ ഭിത്തിയിലുണ്ടായിരുന്നു. ഇതാണ് അത് ഒരു രാജാവിന്റെ ശവകുടീരമാണെന്ന നിഗമനത്തിലേക്ക് ലിതർലാൻഡിനെയും കൂട്ടരെയും എത്തിച്ചത്. ആ പ്രദേശം 18ാം രാജവംശത്തിലെ ഫറവോമാർക്ക് വേണ്ടി നീക്കിവച്ചിരുന്നതിനാൽ കല്ലറ തുത്മോസിന്റേതാകാമെന്ന് അവർ ഉറപ്പിച്ചു. ആ മുറിയ്ക്കപ്പുറത്ത് ഇതിന് കൂടുതൽ തെളിവുണ്ടാകുമെന്ന് പ്രതീക്ഷിച്ച സംഘത്തിന് പക്ഷേ തെറ്റി.
പ്രവേശനമുറിയ്ക്കപ്പുറം വലിയ കെട്ടുകളായി സ്വർണവും മറ്റ് അമൂല്യ വസ്തുക്കളും പ്രതീക്ഷിച്ച ലിതർലാൻഡിനെയും കൂട്ടരെയും കാത്തിരുന്നത് പൂർണമായും ഒഴിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളുള്ള മറ്റൊരു മുറി ആയിരുന്നു. അവിടം പരിശോധിച്ച ഗവേഷകർക്ക് ഒരു കാര്യം മനസ്സിലായി. ഇത് മനപ്പൂർവം കാലിയാക്കിയ ഒരു മുറിയാണ്.. ഇവിടം കൊള്ളയടിക്കപ്പെട്ടിട്ടില്ല. പിന്നീടാണ് ആ പ്രദേശത്ത് നടന്ന ഒരു പ്രളയത്തെ കുറിച്ച് അവർ ചരിത്രരേഖകളിൽ നിന്ന് തപ്പിയെടുത്തത്.
ഒരു വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു തുത്മോസിന് ശവകുടീരം ഒരുക്കിയിരുന്നത്. തുത്മോസിനെ അടക്കിയതിന് ഏതാനും വർഷങ്ങൾക്ക് ശേഷം ഇവിടെ പ്രളയമുണ്ടായി. ഈ പ്രളയം ശവകുടീരത്തിന് കാര്യമായ കോട്ടം വരുത്തിയില്ലെങ്കിലും ഇനിയൊരു പ്രളയത്തിന്റെ സാധ്യത കണക്കിലെടുത്ത് സ്വർണവും രത്‌നങ്ങളുമടക്കമുള്ള അമൂല്യവസ്തുക്കൾ അവിടെ നിന്ന് മാറ്റി. ഈ വസ്തുക്കൾ എവിടെയാണ് എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. തുത്മോസിനായി കരുതിയ എല്ലാ അമൂല്യവസ്തുക്കളും ഈ കല്ലറയ്ക്കുള്ളിൽ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
എന്തായാലും കല്ലറ പൂർണമായും ഒഴിപ്പിച്ചെങ്കിലും ഏതാനും ചില വസ്തുക്കൾ അവിടെ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു ഉള്ള് പൊള്ളയായ അലബാസ്റ്റർ ജാറുകളുടെ ശേഷിപ്പുകൾ. ഈ ജാറുകളിൽ തുത്മോസിന്റെയും പത്‌നി ഹത്‌ഷേപ്‌സൂതിന്റെയും പേരുകൾ കൊത്തിവച്ചിരുന്നു. ഇതോടെ ശവകുടീരം ആരുടേതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായി. തുത്മോസിന്റെ ശവകുടീരത്തിൽ നിന്ന് എന്ന് പറയാവുന്ന ഏക വസ്തു ഈ അലബാസ്റ്റർ ജാറുകളുടെ അവശിഷ്ടങ്ങളാണ്. മരിച്ചവരെ അടക്കം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ചില കസേരകളുടെ ഭാഗങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
തുത്മോസിന്റെ കല്ലറയ്ക്കായി 12 വർഷത്തോളം നീണ്ട തെരച്ചിലാണ് ലിതർലാൻഡും സംഘവും നടത്തിയത്. ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പും ഗവേഷണത്തിനുണ്ടായിരുന്നു. തുത്മോസിന്റെ ശവകുടീരത്തിനായി തീബൻ കുന്നുകളിൽ നടത്തിയ തിരച്ചിലിൽ 54ഓളം കല്ലറകളാണ് സംഘം കണ്ടെത്തിയത്. 30 രാജപത്‌നിമാരുടെയും അന്തപ്പുരം സ്ത്രീകളുടെയും കല്ലറകളായിരുന്നു ഇവ. ഇതിലൊരു കല്ലറ ആയിരുന്നു തുത്മോസിന്റേതും... ഇത് ഏതെങ്കിലും രാജ്ഞിയുടെ കല്ലറ ആകാമെന്ന് കരുതി വലിയ ശ്രദ്ധ കൊടുക്കാതെ ആയിരുന്നു ലിതർലാൻഡിന്റെ തെരച്ചിൽ. എന്നാൽ ആരും കണ്ടെത്താതിരിക്കാൻ തന്നെയാകണം രാജ്ഞിമാരുടെ കല്ലറകളുടെ നിഴലിൽ തുത്മോസിനും കല്ലറ ഒരുക്കിയത്.
തുത്മോസിന്റെ മമ്മി കണ്ടെത്തിയത്, 19ാം നൂറ്റാണ്ടിൽ ദെയ്ർ-അൽ-ബാഹ്‌രി കുന്നിലെ ഒരു പ്രദേശത്തായിരുന്നു. ഇവിടെയാണ് ഹത്‌ഷേപ്‌സൂതിന്റെ ക്ഷേത്രമുള്ളത്. ഭരണകാലത്ത് പോലും ഹത്‌ഷേപ്‌സൂതിന്റെ പേരിനൊപ്പം അറിയപ്പെടാനായിരുന്നു തുത്മോസിന്റെ വിധി. സൈനികകാര്യങ്ങളിലും ഭരണത്തിലുമൊന്നും പൂർവികരുടേത് പോലെ മികവ് പുലർത്താനാവാഞ്ഞ ഫറവോ ആയിരുന്നു ഇദ്ദേഹം. അതുകൊണ്ട് തന്നെ ഹത്‌ഷേപ്‌സൂതിന് പലപ്പോഴും ഇക്കാര്യങ്ങളിൽ ഇടപെടേണ്ടി വന്നു. ഫലമോ ഹത്‌ഷേപ്‌സൂതിന്റെ ഭർത്താവായ ഫറവോ എന്നതായി തുത്മോസിന്റെ വിശേഷണം. അദ്ദേഹത്തിന്റെ മമ്മി കണ്ടെത്തിയത് ഹത്‌ഷേപ്‌സൂതിന്റെ ക്ഷേത്രപരിസരത്തായതിനാൽ, മരണശേഷവും ഈ വിധി വാങ്ങേണ്ട ഫറവോ ആയി തുത്മോസ് മാറിയെന്ന് വിലയിരുത്തുകയാണ് ചരിത്രകാരന്മാർ...