പൊലീസിന് നേരെ 'തെറിവിളി', സ്റ്റേഷനിലേക്ക് വിളിച്ചത് 12000ത്തിലേറെ തവണ; 55കാരി പിടിയിൽ

വിളിക്കുന്നതാകട്ടെ അടിയന്തര ഘട്ടങ്ങളിൽ മാത്രം ബന്ധപ്പെടാനുള്ള 911 എന്ന നമ്പറിലേക്കും

Update: 2022-08-19 13:53 GMT
Editor : banuisahak | By : Web Desk
Advertising

ഫ്ലോറിഡ: പൊലീസിനെ തെറി വിളിക്കാൻ വേണ്ടി മാത്രം ഫോൺ ഉപയോഗിക്കുന്ന ഒരു സ്ത്രീയുണ്ട് ഫ്ലോറിഡയിൽ. അവിശ്വസനീയമെങ്കിലും കാർല ജെഫേഴ്‌സൺ എന്ന 55കാരി ഈ വർഷം 12,512 തവണയാണ് ഫ്ലോറിഡയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചത്. ഫോൺ എടുക്കുന്ന പൊലീസുകാർക്കെതിരെ അസഭ്യ വർഷം നടത്തുകയാണ് ഇവരുടെ പതിവ്. വിളിക്കുന്നതാകട്ടെ അടിയന്തര ഘട്ടങ്ങളിൽ മാത്രം ബന്ധപ്പെടാനുള്ള 911 എന്ന നമ്പറിലേക്കും.

സെന്റ് പീറ്റേഴ്‌സ്ബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെയും പിനെലസ് കൗണ്ടി ഷെരീഫ് ഓഫീസിലെയും ഫോണുകളിലേക്ക് ഇവരുടെ കോളുകൾ എത്തിയിരുന്നു. സെന്റ് പീറ്റേഴ്‌സ്ബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഇൻകമിംഗ് ട്രാഫിക്കിന്റെ 10 ശതമാനവും ജെഫേഴ്‌സണിന്റെ കോളുകളാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം, 24 മണിക്കൂറിനുള്ളിൽ 512 തവണയാണ് ജെഫേഴ്സൺ പൊലീസിനെ വിളിച്ചത്. നിരന്തരം അസഭ്യം പറയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുകയാണ് ഇവർ ചെയ്യുന്നതെന്ന് കോടതിയിൽ നൽകിയ പരാതിയിൽ പൊലീസ് വ്യക്തമാക്കി. 'അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാനോ പരാതികൾ നൽകാനോ അല്ല അവർ വിളിക്കുന്നത്. അടിയന്തര നമ്പറിലേക്ക് വിളിക്കുന്നതിനാൽ കോൾ എടുക്കാതിരിക്കാൻ നിർവാഹമില്ല. എന്നാൽ, ഒരു കാര്യവുമില്ലാതെ പൊലീസുകാരെ അധിക്ഷേപിക്കുകയാണ്. ഇവരുടെ നിരന്തരമായ കോളുകൾ കാരണം മറ്റുള്ളവർക്ക് പൊലീസുമായി ബന്ധപ്പെടാനാകുന്നില്ല'; പൊലീസ് പറഞ്ഞു.

ഇനിയും ഇത്തരം നടപടികൾ തുടർന്നാൽ കേസെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ജൂണിൽ ജെഫേഴ്‌സണ് പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വീണ്ടും ഇതേ പ്രവർത്തി തന്നെ ഇവർ തുടർന്നു. തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പിന്നീട് കോളുകൾ പൊലീസിനെ തേടിയെത്തിയത്. 'ഫോൺ അക്രമം' അവസാനിപ്പിക്കാൻ ജെഫേഴ്‌സൺ തയ്യാറാകാത്തതിനെ തുടർന്ന് ഈ ആഴ്ച്ച ഇവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഉടൻ തന്നെ വിട്ടയച്ചു. ജെഫേഴ്‌സൺ മുൻപും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News