യുകെ: കുടുംബത്തോടൊപ്പം റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് ഒരു മുടിയിഴ കിട്ടിയെന്ന് വിചാരിക്കുക. ഭൂരിഭാഗം ആളുകളും ഇതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഉടൻ തന്നെ പരാതിപ്പെടുകയും ചെയ്യും. എന്നാൽ, സൗജന്യമായി ഭക്ഷണം ലഭിക്കുന്നതിന് വേണ്ടി സ്വന്തം തലമുടി മനഃപൂർവം ഇട്ടതെങ്കിലോ?
യുകെയിലെ റെസ്റ്റോറന്റിൽ ഇത്തരമൊരു സംഭവമാണ് നടന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു. 'ദി വൂൾപാക്ക്' എന്ന റെസ്റ്റോറന്റ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങളിൽ, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഒരു സ്ത്രീ സ്വന്തം തലയിൽ നിന്ന് മുടി പറിച്ചെടുത്ത് പകുതി കഴിച്ച ഭക്ഷണത്തിൽ ഇടുന്നത് വ്യക്തമായി കാണാം.
മുടി പാതി കഴിച്ച ഭക്ഷണത്തിലേക്ക് ഇടുകയും സ്പൂണ്‍ വെച്ച് ഇളക്കുകയും ചെയ്ത ശേഷം സ്ത്രീ വെയ്റ്ററെ വിളിക്കുകയും അതിന് പകരം മറ്റൊരു വിഭവം ആവശ്യപ്പെടുകയും ചെയ്തു. റെസ്റ്റോറന്റ് അധികൃതർ പറയുന്നതനുസരിച്ച്, ജീവനക്കാർ അവർക്ക് പുതിയൊരു വിഭവം നൽകി. എന്നാൽ ഓർഡർ ചെയ്ത ആദ്യത്തെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും കുട്ടി നേരത്തെ തന്നെ കഴിച്ചുതീർത്തിരുന്നതിനാൽ, പകരം നൽകിയ പുതിയ ഭക്ഷണം അവർ വീട്ടിലേക്ക് കൊണ്ടുപോകാനായി പാക്ക് ചെയ്ത് വാങ്ങുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഭക്ഷണത്തിൽ നിന്ന് കിട്ടിയ മുടിയുടെ യഥാർഥ ഉറവിടം റെസ്റ്റോറന്റ് അധികൃതർ കണ്ടെത്തിയത്. തുടർന്ന് അവർ ഈ വീഡിയോ ഓൺലൈനിൽ പങ്കുവെക്കുകയായിരുന്നു.
"ഭക്ഷണത്തിനിടയിൽ, കുട്ടിയുടെ മാക്രോണി ചീസിൽ മുടി കണ്ടെത്തിയതായി മുതിർന്നവരിൽ ഒരാൾ പരാതിപ്പെട്ടു. ഞങ്ങളുടെ ജീവനക്കാർ ഉടൻ തന്നെ അതിനോട് പ്രതികരിക്കുകയും ആ പ്ലേറ്റ് മാറ്റുകയും ചെയ്തു. അവർക്ക് ഇഷ്ടമുള്ള മറ്റൊരു വിഭവം പുതുതായി തയ്യാറാക്കി നൽകാൻ ഞങ്ങളുടെ ഷെഫ് തയ്യാറായി," റെസ്റ്റോറന്റ് അധികൃതര്‍ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കുട്ടി ആദ്യത്തെ ഭക്ഷണം ഏതാണ്ട് മുഴുവനായി കഴിച്ചിരുന്നതിനാലാണ് പകരം നൽകിയ വിഭവം അവർ വീട്ടിലേക്ക് കൊണ്ടുപോയതെന്നും റെസ്റ്റോറന്റ് കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് മുടിയുടെ ഉറവിടം റെസ്റ്റോറന്റ് തിരിച്ചറിഞ്ഞത്. “പരാതി ഉന്നയിച്ച സ്ത്രീ തന്നെയാണ് ആ മുടിയിഴയുടെ ഉറവിടം എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടുപോയി,” റെസ്റ്റോറന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
ഇതിനുപുറമെ, റെസ്റ്റോറന്റിലെ മറ്റ് ചില സാധനങ്ങൾ കൂടി ഈ സ്ത്രീ മോഷ്ടിച്ചതായി അധികൃതർ ആരോപിക്കുന്നു. ടേബിളിൽ ഇരുന്ന കെച്ചപ്പ് ബോട്ടിൽ, ഐസ്ക്രീം ബൗൾ, സ്റ്റെയിൻലെസ് സ്റ്റീൽ ടീസ്പൂൺ എന്നിവയും ഇവർ എടുത്തുമാറ്റുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇതേക്കുറിച്ച് റെസ്റ്റോറന്റ് ഫേസ്ബുക്കിൽ കുറിച്ച പരിഹാസരൂപേണയുള്ള കുറിപ്പ് ഇങ്ങനെയായിരുന്നു:
"എല്ലാവർക്കും നല്ലൊരു ഹെയ്ൻസ് കെച്ചപ്പ് ബോട്ടിൽ ഇഷ്ടമാണെന്ന് ഞങ്ങൾക്കറിയാം, ഒരു സ്റ്റെയിൻലെസ് സ്റ്റീൽ ടീസ്പൂണിന്റെ ആകർഷണീയതയും ഞങ്ങൾക്ക് മനസ്സിലാകും. എങ്കിലും ഞങ്ങളുടെ ഉപഭോക്താക്കളെ ഒരു കാര്യം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു; ഈ വക സാധനങ്ങളൊന്നും നിലവിൽ ഞങ്ങളുടെ ടേക്ക് എവേ മെനുവിൽ ഉൾപ്പെടുത്തിയിട്ടുള്ളതല്ല."
പ്രതിസന്ധി ഘട്ടത്തിൽ മികച്ച രീതിയിൽ പെരുമാറിയ തങ്ങളുടെ ജീവനക്കാരെ റെസ്റ്റോറന്റ് അഭിനന്ദിച്ചു: “വളരെ ക്ഷമയോടും പ്രൊഫഷണലിസത്തോടും കൂടിയാണ് ഞങ്ങളുടെ ടീം ഈ സാഹചര്യം കൈകാര്യം ചെയ്തത്. സാധാരണക്കാരായ ആളുകൾ കാണിക്കുന്നതിനേക്കാൾ വലിയ ആത്മസംയമനം പാലിച്ച ഞങ്ങളുടെ ജീവനക്കാരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു.”
ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും, സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ജീവനക്കാർക്ക് പിന്തുണ നൽകിയ റെസ്റ്റോറന്റ് അധികൃതരെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തു.