മുസ്‌ലിംകളെ അപമാനിച്ചു;ശ്രീലങ്കയിൽ ബുദ്ധ സന്ന്യാസിക്ക് നാല് വർഷം തടവ്

മ്യാൻമറിലെ തീവ്ര ബുദ്ധ സന്യാസി വിരാതുവുമായി അടുത്ത ബന്ധമുള്ള ജ്ഞാനസാര മുസ്ലിംകൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെട്ടയാളാണ്

Update: 2024-03-29 12:13 GMT
Advertising

ശ്രീലങ്കയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തെ അപമാനിച്ചതിന് രാജ്യത്തെ തീപ്പൊരി ബുദ്ധ സന്യാസി(ബുദ്ധിസ്റ്റ് മോങ്ക്)യെ നാല് വർഷത്തെ തടവിന് ശിക്ഷിച്ചു. 2016ൽ നടന്ന വാർത്താസമ്മേളനത്തിനിടെ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിന് ഗലാഗോദാത്തെ ജ്ഞാനസാരക്കെതിരെ കൊളംബോ ഹൈക്കോടതി ജഡ്ജി ആദിത്യ പടബെൻഡിഗെയാണ് ശിക്ഷ വിധിച്ചത്. മാർച്ച് 28ന് പുറത്തുവന്ന കോടതി ഉത്തരവ് വാർത്താ ഏജൻസിയായ എഎഫ്പിയടക്കം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജ്ഞാനസാരയ്ക്ക് കോടതി 330 ഡോളർ പിഴ ചുമത്തിയതായും ശിക്ഷ അനുഭവിക്കാൻ ഉടൻ കസ്റ്റഡിയിലെടുത്തതായും ഒരു കോടതി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

മ്യാൻമറിലെ തീവ്ര ബുദ്ധ സന്യാസി വിരാതുവുമായി അടുത്ത ബന്ധമുള്ള ജ്ഞാനസാര ശ്രീലങ്കൻ ജനസംഖ്യയുടെ പത്ത് ശതമാനമുള്ള മുസ്ലിംകൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെട്ടയാളാണ്. 

ഇതാദ്യമായല്ല ജ്ഞാനസാര തടവിലാകുന്നത്. കാണാതായ കാർട്ടൂണിസ്റ്റിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും കോടതിയലക്ഷ്യത്തിനും 2018ൽ ആറ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന അദ്ദേഹത്തിന് മാപ്പ് നൽകിയതിനെത്തുടർന്ന് ഒമ്പത് മാസത്തിന് ശേഷം ജയിൽ മോചിതനായി.

മുൻ പ്രസിഡന്റ് ഗോതബയ രാജപക്സെ പിന്നീട് ജ്ഞാനസാരയെ മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമ പരിഷ്‌കാരങ്ങൾ ശിപാർശ ചെയ്യുന്ന പാനലിന്റെ നേതാവാക്കി. ജ്ഞാനസാരയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഈ നടപടി വിരോധാഭാസമാണെന്നാണ് പ്രതിപക്ഷ നേതാവ് ഷാനകിയൻ രസമാണിക്കം അന്ന് വിമർശിച്ചത്.

ഏതായാലും ജ്ഞാനസാരക്കെതിരെയുള്ള ശിക്ഷാവിധി ശ്രീലങ്കയിലെ മതസമൂഹങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും വിഭാഗീയതയുടെയും തീവ്രവാദത്തിന്റെയും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.

Buddhist monk Galagodam Gnanasara was sentenced to four years in prison for insulting the Muslim community in Sri Lanka.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News