'മനുഷ്യരെ കൊല്ലുന്ന അറവുശാലകൾ'; ഗസ്സയിലെ ജിഎച്ച്എഫ് സഹായ കേന്ദ്രങ്ങൾക്കെതിരെ വിമര്‍ശനം

സഹായ കേന്ദ്രങ്ങളിൽ സഹായം തേടിയെത്തുന്ന സാധാരണക്കാർക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഞായറാഴ്ച നടന്ന ആക്രമണം

Update: 2025-06-09 06:38 GMT
Editor : Jaisy Thomas | By : Web Desk

തെൽ അവിവ്: ഞായറാഴ്ച ഗസ്സയിലെ രണ്ട് സഹായ വിതരണ കേന്ദ്രങ്ങൾക്ക് സമീപം ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേലി സൈനികര്‍ നടത്തിയ വെടിവെപ്പിൽ കുറഞ്ഞത് 13 ഫലസ്തീനികൾ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താല്‍ക്കാലിക ഭക്ഷ്യവിതരണത്തിനായി ഇസ്രായേലും അമേരിക്കയും ആരംഭിച്ച വിവാദമായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നടത്തുന്ന സഹായ കേന്ദ്രങ്ങളിൽ സഹായം തേടിയെത്തുന്ന സാധാരണക്കാർക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഞായറാഴ്ച നടന്ന ആക്രമണം.

മേയ് 27ന് ജിഎച്ച്എഫ് സഹായവിതരണം ആരംഭിച്ചതിന് ശേഷം  തുച്ഛമായ ഭക്ഷണപ്പൊതികൾ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 130 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 700 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കുറഞ്ഞത് ഒമ്പത് പേരെ ഇപ്പോഴും കാണാനില്ല.'മനുഷ്യ കശാപ്പുശാലകൾ' എന്നാണ് ഈ സഹായകേന്ദ്രങ്ങളെ ഗസ്സയിലെ ഗവൺമെന്‍റ് മീഡിയ ഓഫീസ് വിശേഷിപ്പിച്ചത്. ഇസ്രായേൽ സൈന്യം നിരാശരായ സാധാരണക്കാരെ മരണത്തിലേക്ക് നയിച്ചുവെന്നും ആരോപിച്ചു. "ഇവ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ്," എന്ന് പ്രസ്താവനയിൽ പറഞ്ഞു. ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും ജിഎച്ച്എഫിന്‍റെ സഹായ വിതരണം ഉടൻ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

Advertising
Advertising

ഇസ്രായേലിന്‍റെ നിരന്തരമായ ആക്രമണവും ഉപരോധവും മൂലം പ്രവര്‍ത്തനം താളംതെറ്റിയതോടെ യുനര്‍വ പോലെയുള്ള യുഎന്‍ സംഘങ്ങളും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ഗസ്സ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ സംഘമെന്ന ലേബലില്‍ അമേരിക്കയുടെ പിന്തുണയോടെ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന പേരിലൊരു സംഘം രൂപം കൊള്ളുന്നത്. കഴിഞ്ഞ മേയ് മാസം മുനമ്പില്‍ സുരക്ഷിത സഹായ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ഈ കേന്ദ്രങ്ങള്‍ വഴി ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുമെന്നായിരുന്നു ജിഎച്ച്എഫ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, സംഘം പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ, ഹമാസ് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ കേന്ദ്രങ്ങളില്‍നിന്ന് സഹായം സ്വീകരിക്കരുതെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ജിഎച്ച്എഫ് ഒരു ജീവകാരുണ്യ സംഘടനയല്ലെന്നാണ് ഹമാസ് ചൂണ്ടിക്കാട്ടുന്നത്. ജീവകാരുണ്യത്തിന്റെയും ആതുര സേവനത്തിന്റെയും മറവില്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ഇറങ്ങിയ നിഗൂഢസംഘമാണെന്നാണ് ആരോപണം.

റഫയിലെ അൽ-അലം പ്രദേശത്തെ സഹായ കേന്ദ്രത്തിന് സമീപം പട്ടിണി കിടന്ന നൂറുകണക്കിന് പലസ്തീനികൾ ഒത്തുകൂടിയതോടെയാണ് പ്രാദേശിക സമയം രാവിലെ 6 മണിയോടെ ഏറ്റവും പുതിയ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പുലർച്ചെ 4:30 മുതൽ തന്നെ ആളുകൾ ക്യൂവിൽ നിൽക്കാൻ തുടങ്ങിയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തിരക്ക് കൂടുന്നതിനു മുൻപ് ഭക്ഷണം വാങ്ങാമെന്ന ലക്ഷ്യത്തിലായിരുന്നു ഇവര്‍. “ഏകദേശം ഒന്നര മണിക്കൂറിനുശേഷം, നൂറുകണക്കിന് ആളുകൾ സ്ഥലത്തേക്ക് നീങ്ങി, സൈന്യം വെടിയുതിർത്തു,” സാക്ഷിയായ അബ്ദുള്ള നൂർ അൽ-ദിൻ പറഞ്ഞു. എന്നാൽ സൈന്യത്തെ അപകടത്തിലാക്കുന്ന രീതിയിൽ തടിച്ചുകൂടിയ ആളുകൾക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

"ഇത് ഞങ്ങൾക്ക് ഒരു കെണിയാണ്, സഹായമല്ല," തെക്കൻ ഗസ്സയിലെ നാസർ ആശുപത്രിയിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിനോട് സംസാരിക്കവേ അദാം ദഹ്മാൻ പറഞ്ഞു. പരിക്കേറ്റവരെല്ലാം 17 നും 30 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്.ആശുപത്രിക്ക് പുറത്തുനിന്നുള്ള ദൃശ്യങ്ങളിൽ രക്തത്തിൽ കുതിര്‍ന്ന വസ്ത്രങ്ങളുമായി വിലപിക്കുന്ന കുടുംബങ്ങളെ കാണാം. തങ്ങളുടെ സഹായ വിതരണ കേന്ദ്രങ്ങളിലോ പരിസരത്തോ ഒരു അക്രമവും നടന്നിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ജിഎച്ച്എഫ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. ഞായറാഴ്ച മൂന്ന് സ്ഥാപനങ്ങളിലും ഭക്ഷണം എത്തിച്ചിരുന്നുവെന്നും അദ്ദേഹം അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News