ഗസ്സ വെടിനിർത്തൽ: ഹമാസ് അംഗീകരിച്ച നിർദേശങ്ങളിൽ കൈറോയിൽ ചർച്ച തുടരുന്നു

വെടിനിർത്തൽ ചർച്ചക്കിടയിലും റഫക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി

Update: 2024-05-09 10:54 GMT
Advertising

ദുബൈ: ഗസ്സയിൽ സമാധാനം പുലരുന്നതിനായി വെടിനിർത്തൽ ചർച്ച പുരോഗമിക്കുമ്പോഴും കരയാക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി. ദമാസ്‌കസിലെ കെട്ടിടത്തിലും ഇന്ന് പുലർച്ചെ ഇസ്രായേൽ യുദ്ധവിമാനങ്ങളുടെ ആക്രമണം ഉണ്ടായി. ഗസ്സ സിറ്റിയിൽ നടന്ന ആക്രമണത്തിൽ ഹമാസ് നാവികസേനാ മേധാവിയെ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.

തെക്കൻ ഗസ്സയിലെ ആശുപത്രികളിൽ മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് ബാക്കിയുള്ളതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. റഫ അതിർത്തിയുടെ നിയന്ത്രണം ഇസ്രായേൽ പിടിച്ചെടുത്തതോടെ ഇന്ധനം എത്തിക്കാനുള്ള സാധ്യതകൾ ഇല്ലാതായി. ഹമാസ് റോക്കറ്റാക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് അടച്ച കറം അബൂസാലം അതിർത്തി തുറക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഗസ്സയ്ക്കുള്ള സഹായങ്ങൾ ഇതുവഴി കടത്തിവിട്ട് തുടങ്ങിയെന്ന് ഇസ്രായേൽ അറിയിച്ചെങ്കിലും ഒറ്റ ട്രക്ക് പോലും ഗസ്സയിലെത്തിയില്ലെന്ന് യു.എൻ സഹായ ഏജൻസി പറഞ്ഞു. ഇസ്രായേലിനുള്ള ഒരു ആയുധ ഷിപ്‌മെൻറ് തടഞ്ഞ അമേരിക്കൻ നടപടിക്കെതിരെ ഇസ്രായേൽ രംഗത്തെത്തി.

അയർലൻഡിലെ ഡബ്ലിൻ ട്രിനിറ്റി കോളജ് യൂനിവേഴ്‌സിറ്റിയിൽ വിദ്യാർഥികൾ നടത്തുന്ന ഇസ്രായേൽ വിരുദ്ധ സമരം വിജയം കണ്ടു. ഇസ്രായേൽ കമ്പനിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന തങ്ങളുടെ ആവശ്യങ്ങൾ സർവകലാശാലാ അധികൃതർ അംഗീകരിച്ചതിനെത്തുടന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News