Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലെ മെഡിക്കൽ സംവിധാനങ്ങൾ അവതാളത്തിലെന്ന് റെഡ്ക്രോസ് സൊസൈറ്റി മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ തുടർച്ചയായ ബോംബാക്രമണവും ഉപരോധവും മൂലം ഗസ്സയിലെ ആശുപത്രികൾക്ക് അടിയന്തര സംരക്ഷണം ആവശ്യമാണ്. സഹായ വിതരണ കേന്ദ്രങ്ങളിലുൾപ്പടെ ഇസ്രായേലി ആക്രമണങ്ങൾ മൂലമുള്ള മരണനിരക്ക് വർധിച്ചുവരുന്നതിനാൽ ആരോഗ്യ സംരക്ഷണ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും റെഡ്ക്രോസ് സൊസൈറ്റി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. താൽക്കാലിക ഭക്ഷ്യവിതരണത്തിനായി ഇസ്രായേലും അമേരിക്കയും ആരംഭിച്ച ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നടത്തുന്ന സഹായ കേന്ദ്രങ്ങളിലെത്തിയ നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തു.
സഹായ കേന്ദ്രങ്ങളിൽ സഹായം തേടിയെത്തുന്ന സാധാരണക്കാർക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഞായറാഴ്ച നടന്ന ഈ ആക്രമണം.
മേയ് 27ന് ജിഎച്ച്എഫ് സഹായവിതരണം ആരംഭിച്ചതിന് ശേഷം തുച്ഛമായ ഭക്ഷണപ്പൊതികൾ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 125 ആളുകൾ കൊല്ലപ്പെടുകയും 736ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുറഞ്ഞത് ഒമ്പത് പേരെ ഇപ്പോഴും കാണാനില്ല. ഇവ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണെന്ന് റെഡ്ക്രോസ് സൊസൈറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ ആക്രമണം തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗസ്സയിലെ ആശുപത്രികളിൽ അവശേഷിക്കുന്ന ചുരുക്കം മെഡിക്കൽ സൗകര്യങ്ങളെ അപകടത്തിലാക്കുമെന്ന് റെഡ് ക്രോസ് ആശങ്ക പ്രകടിപ്പിച്ചു.
ഭാഗികമായി മാത്രം പ്രവർത്തിക്കുന്ന ചില ആശുപത്രികൾക്ക് മേൽ ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ട്. ഇത് ചികിത്സയിലുള്ള രോഗികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ തങ്ങളെ നിർബന്ധിതരാക്കുന്നു. ഇത് വലിയൊരു വെല്ലുവിളിയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം. ആരോഗ്യ സംരക്ഷണ മേഖലയിലയുടേയും, ജീവനക്കാരുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.