'ഗസ്സ- എല്ലാവരും ഒരേ പോലെ വിശന്നിരിക്കുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലം'; മുഴുവൻ ആളുകളും കൊടുംപട്ടിണിയിലെന്ന് യുഎൻ
ജനസംഖ്യയുടെ നൂറു ശതമാനവും ക്ഷാമത്തിന്‍റെ വക്കിലാണെന്ന് യുഎൻ
ജനീവ: ഈ ഭൂമിയിൽ എല്ലാവരും ഒരേ പോലെ വിശന്നിരിക്കുന്ന സ്ഥലമുണ്ടെങ്കിൽ അത് ഗസ്സയാണെന്ന് ഐക്യരാഷ്ട്ര സഭ. ഫലസ്തീൻ പ്രദേശത്തെ മുഴുവൻ ജനങ്ങളും ക്ഷാമത്തിന്‍റെ ഭീഷണിയിലാണെന്ന് യുഎന്നിന്‍റെ മാനുഷിക ഏജൻസിയായ OCHA യുടെ വക്താവ് ജെൻസ് ലാർക്ക് വ്യക്തമാക്കി.
''ഒരു രാജ്യം അല്ലെങ്കിൽ ആ രാജ്യത്തിനുള്ളിലെ ഒരു പ്രദേശത്തെ മുഴുവൻ ആളുകളും പട്ടിണിക്കിരയാകുന്ന ഒരേയൊരു സ്ഥലം' എന്നാണ് ഗസ്സയെക്കുറിച്ച് ലാര്‍ക്ക് പറഞ്ഞത്. ജനസംഖ്യയുടെ നൂറു ശതമാനവും ക്ഷാമത്തിന്‍റെ വക്കിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിൽ ഐക്യരാഷ്ട്രസഭ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ലാർക്ക് വിശദീകരിച്ചു. ഉപരോധം ഭാഗികമായി നീക്കിയതിനുശേഷം 900 ട്രക്കുകൾ മുനമ്പിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ 600 ട്രക്കുകൾ മാത്രമേ അതിർത്തിയിലെ ഗസ്സ ഭാഗത്ത് ഇറക്കിയിട്ടുള്ളൂ, സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തിനുള്ളിൽ വിതരണത്തിനായി കുറച്ച് ഷിപ്പ്‌മെന്‍റുകൾ മാത്രമേ എടുത്തിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസ്സയിൽ സഹായം എത്തിക്കാനുള്ള ദൗത്യം ഇന്ന് ലോകത്തിലെ മാത്രമല്ല, സമീപകാല ചരിത്രത്തിലെയും ഏറ്റവും തടസ്സപ്പെട്ട സഹായ പ്രവർത്തനങ്ങളിൽ ഒന്നായി മാറുന്ന സാഹചര്യമാണെന്നും ലാര്‍ക്ക് പറയുന്നു. എന്നാൽ ഇസ്രായേലിന്‍റെ ഐക്യരാഷ്ട്രസഭ അംബാസഡർ ഡാനിയേൽ മെറോൺ ഈ അവകാശവാദങ്ങളെ നിഷേധിച്ചു. ഐക്യരാഷ്ട്രസഭ ഏജൻസികൾ ഇസ്രായേലിനെ പൈശാചികമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. സാധാരണക്കാര്‍ക്ക് മാനുഷിക സഹായം എത്തിക്കാനുള്ള ഇസ്രായേലിന്‍റെയും പങ്കാളികളുടെയും ശ്രമങ്ങളെ അവര്‍ വിമര്‍ശിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. യുഎൻ ഹമാസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും എന്നാൽ ആവശ്യക്കാര്‍ക്ക് തങ്ങൾ സഹായം ഉറപ്പാക്കുന്നുണ്ടെന്നും മെറോൺ എക്സിൽ കുറിച്ചു.
ഗസ്സയിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ ദേർ അൽ-ബലാഹിലെ ഒരു ഫീൽഡ് ആശുപത്രിയിലെ ഒരു വെയർഹൗസിൽ സായുധ സംഘം റെയ്ഡ് നടത്തിയതായി യുഎൻ വക്താവ് വെള്ളിയാഴ്ച പറഞ്ഞു. പോഷകാഹാരക്കുറവുള്ള കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ, സാധനങ്ങൾ, മരുന്നുകൾ, പോഷക സപ്ലിമെന്‍റുകൾ എന്നിവ സംഘം കൊള്ളയടിക്കുന്നുവെന്നും വക്താവ് വ്യക്തമാക്കി.
അതേസമയം ഗസ്സയിലെ വെടിനിർത്തൽ കരാറിനുള്ള യുഎസ് നിർദേശത്തോടുള്ള ഇസ്രായേലിന്‍റെ പ്രതികരണം സമഗ്രമായി അവലോകനം ചെയ്യുകയാണെന്ന് ഹമാസ് വെള്ളിയാഴ്ച പറഞ്ഞു. മുൻ നിര്‍ദേശങ്ങളെക്കാൾ ഇസ്രായേലിന് അനുകൂലമായി കൂടുതൽ പക്ഷപാതപരമായാണ് പുതിയ നിർദേശമെന്ന് ഹമാസ് വിശേഷിപ്പിച്ചു. ഡൊണാൾഡ് ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്കോഫ് അവതരിപ്പിച്ച കരട് കരാർ ഇസ്രായേൽ അംഗീകരിച്ചതായി വ്യാഴാഴ്ച ബിന്യാമിൻ നെതന്യാഹു ഗസ്സയിൽ തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളോട് പറഞ്ഞു.
ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. വിവിധ ഫലസ്തീൻ വിഭാഗങ്ങളുമായി യുഎസ് നിർദേശം ചർച്ച ചെയ്തു വരികയാണെന്ന് ഹമാസ് പ്രതികരിച്ചു. എന്നാൽ പുതിയ നിർദേശം നിലവിലെ രൂപത്തിൽ നടപ്പാക്കിയാൽ ഗസ്സയിൽ കൊലപാതകങ്ങളും പട്ടിണിയും തുടരാൻ മാത്രമേ സഹായിക്കൂ എന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസിം നയീം പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ 58 പേർ കൂടി കൊല്ലപ്പെട്ടു. ഖാൻ യൂനുസിലാണ് കൂടുതൽ മരണം. ഹമാസ് ചെറുത്തുനിൽപ്പിൽ 4 ഇസ്രായേൽ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടിണി മൂലം വലയുന്ന ഗസ്സ നിവാസികൾക്കായി ഏർപ്പെടുത്തിയ താൽക്കാലിക ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് നേരെ ഇസ്രായേൽ അതിക്രമം ഇന്നലെയും തുടർന്നു.