ട്രംപിൻ്റെ ഗസ്സ സമാധാനകരാർ; നിർണായകയോഗം ഇന്ന് കെയ്റോയിൽ
സമാധാന ചർച്ചകൾക്കിടയിലും ഗസ്സയിൽ ഇന്നലെ 24 പേർ കൊല്ലപ്പെട്ടു
Photo| AP
ഗസ്സ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സമർപ്പിച്ച ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത് ചർച്ചചെയ്യാനുള്ള നിർണായകയോഗം ഇന്ന് കെയ്റോയിൽ ചേരും. ഈജിപ്തിലെ ശറമുശൈഖിലാണ് നിർണായക ചർച്ച നടക്കുന്നത്. പ്രാരംഭ ചർച്ചകളിൽ പരോഗതിയുണ്ടെന്നും ബന്ദികളുടെമോചനം വൈകില്ലെന്നും യു.എസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
ചർച്ചയ്ക്കായി ഖലീലുൽ ഹയ്യ ഉൾപ്പെടെയുള്ള ഹമാസ് നേതാക്കൾ ഇന്നലെ ഉച്ചയോടെ ദോഹയിൽ നിന്ന് കൈറോയിൽ വിമാനമിറങ്ങി. മന്ത്രി റോൺഡെർമറിന്‍റെ നേതൃത്വത്തിലുള്ള ഇസ്രയേൽ സംഘം ഇന്ന് കൈറോയിലെത്തും. ബന്ദി വിഷയം കൈകാര്യം ചെയ്യുന്ന ഗാൽ ഹിർഷ്, ഐ.ഡി.എഫിലെ നിറ്റ്സൻ അലോൺ എന്നിവർക്കൊപ്പം ഷിൻബെത്ത്, മൊസാദ് പ്രതിനിധികളും സംഘത്തിലുണ്ടാകും. നേർക്കുനേർ കാണില്ലെങ്കിലും ഹമാസ്, ഇസ്രായേൽ സംഘങ്ങൾ തമ്മിലുള്ള പരോക്ഷ ചർച്ചകളാകും നടക്കുക. ഈജിപ്തും ഖത്തറുമാണ് പ്രധാന മധ്യസ്ഥർ. മിഡിലീസ്റ്റിലെ യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്‍റെ മരുമകനും ഉപദേഷ്ടാവുമായ ജരേദ് കുഷ്നർ എന്നിവരും ചർച്ചയുടെ ഭാഗമാകും. വേണ്ടിവന്നാൽ അടുത്ത ദിവസങ്ങളിലും ചർച്ചകൾ നടക്കുമെന്ന് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു. ദോഹയിൽ ആക്രമണം നടത്തി ഇസ്രയേൽ വധിക്കാൻ പ്ലാനിട്ട ഖലീലുൽ ഹയ്യ തന്നെയാണ് കൈറോയിൽ ഹമാസിനായി ചർച്ചക്കെത്തിയതെന്നത് സയണിസ്റ്റ് രഷ്ട്രത്തിന് വലിയ തിരിച്ചടിയാണ്.
ഹമാസ് പിൻവലിഞ്ഞാൽ ഗസ്സയിൽ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഗസ്സയിൽ ഇന്നലയും ഇസ്രയേൽ വ്യാപക ആക്രമണം തുടർന്നു. 24 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ആക്രമണം നിർത്തിയിട്ടില്ലെന്നാണ് ഇസ്രായേൽ വാദം. ഇസ്രയേൽ വെടിനിർത്തിയെന്ന യു.എസ് പ്രസിഡന്‍റ് ട്രംപിന്‍റെ വാദം സൈനികമേധാവി ഇയാൾ സാമിർ തള്ളി. ആക്രമണം നിർത്തിയ ഇസ്രയേലിനെ അഭിനന്ദിച്ച് യു.എസ്പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച രംഗത്തുവന്നിരുന്നു.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ യൂറോപ്പിലങ്ങോളം ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ തുടരുകയാണ്. ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ യൂറോപ്യൻ നഗരങ്ങളിൽ നടന്നുവരുന്ന റാലികളിൽ വൻ ജനാവലിയാണ് അണിനിരക്കുന്നത്. ഇസ്രയേൽ തടങ്കലിൽ കഴിയുന്ന ഗ്ലോബൽ സേുമൂദ് ഫ്ലോട്ടില്ലയിലെ സന്നദ്ധപ്രവർത്തകരെ വിട്ടയക്കണമെന്ന ആവശ്യവും യൂറോപ്പിൽ ശക്തിയാർജിച്ചു. ജയിലിൽ 42 ആക്റ്റിവിസ്റ്റുകൾ നിരാഹാരം ആരംഭിച്ചതായി ഫ്ലോട്ടില സംഘാടകർ അറിയിച്ചു.