'ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത് തടയുന്നു'; ലോകവ്യാപകമായി ഈജിപ്ഷ്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധം
സ്വീഡൻ, അയർലൻഡ്, യുകെ, സ്‌പെയിൻ, ഫിൻലാന്റ്, സൗത്ത് ആഫ്രിക്ക, ലിബിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ഈജിപ്ഷ്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധമുണ്ടായി.
കെയ്‌റോ: ഇസ്രായേൽ ഉപരോധത്തെ തുടർന്ന് കടുത്ത പട്ടിണിയിലായ ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത് തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലോകവ്യാപകമായി ഈജിപ്ഷ്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധം. റഫ അതിർത്തി തുടർന്ന് ഇസ്രായേൽ ഉപരോധം തകർക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സ്വീഡൻ, അയർലൻഡ്, യുകെ, സ്‌പെയിൻ, ഫിൻലാന്റ്, സൗത്ത് ആഫ്രിക്ക, ലിബിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ഈജിപ്ഷ്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധമുണ്ടായി. ജൂലൈ 21ന് സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ അനസ് ഹബീബ് നെതർലൻഡ്‌സിലെ ഈജിപ്ഷ്യൻ എംബസി താഴിട്ട് പൂട്ടി ഒറ്റക്ക് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ലോകമെമ്പാടുമുള്ള ഈജിപ്ഷ്യൻ എംബസികൾക്ക് മുന്നിലേക്ക് വ്യാപിച്ചത്.
ലൈവ് വീഡിയോ ചെയ്തുകൊണ്ടായിരുന്നു അനസ് ഹബീബിന്റെ പ്രതിഷേധം. 'ഗസ്സയിലേക്കുള്ള കവാടം തുറക്കപ്പെടുന്നത് വരെ നിങ്ങളുടെ എംബസികളും അടച്ചിടപ്പെടും' എന്ന് അനസ് വീഡിയോയിൽ പറഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷം പ്രതിഷേധക്കാർ വീണ്ടും ഈജിപ്ഷ്യൻ എംബസി താഴിട്ട് പൂട്ടി പ്രതിഷേധിച്ചിരുന്നു.
ജൂലൈ 26ന് ലണ്ടനിലെ ഈജിപ്ഷ്യൻ എംബസിക്ക് മുന്നിൽ പാത്രങ്ങളും പാനുകളുമായി എത്തിയവർ ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിടുന്നതിനെതിരെ പ്രതീകാത്മകമായി പ്രതിഷേധിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ ജൂലൈ 29ന് പ്രതിഷേധക്കാർ എംബസിയുടെ പുറത്തെ ഭിത്തിയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി ഒരു രാജ്യദ്രോഹിയാണെന്ന് സ്േ്രപ പെയിന്റ് ചെയ്തിരുന്നു.