ബെർലിൻ: കിഴക്കൻ ജർമൻ സംസ്ഥാനമായ സാക്സോണി-അൻഹാൾട്ടിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി ചരിത്രവിജയം നേടിയിരിക്കുകയാണ്. 83 അംഗ സംസ്ഥാന പാർലമെന്റിൽ 39 സീറ്റുകൾ നേടിയ പാർട്ടിക്ക് കേവലഭൂരിപക്ഷത്തിന് കേവലം മൂന്ന് സീറ്റുകളുടെ കുറവ് മാത്രമാണുള്ളത്. ജർമനിയുടെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
എന്താണ് എഎഫ്ഡി?
2013ൽ അന്നത്തെ ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ യൂറോ നയങ്ങളോടുള്ള എതിർപ്പിന്റെ ഭാഗമായാണ് ആൾട്ടർനേറ്റീവ് ഫോർ ജർമനി എന്ന പാർട്ടി രൂപീകരിക്കപ്പെട്ടത്. എന്നാൽ 2015ൽ മെർക്കൽ കൊണ്ടുവന്ന തുറന്ന അഭയാർത്ഥി നയത്തിന് ശേഷം, പാർട്ടി കുടിയേറ്റ വിരുദ്ധ നിലപാടുകളിലേക്ക് ശക്തമായി ചുവടുമാറ്റി. വിദേശ പൗരന്മാരെയും, പ്രത്യേകിച്ചും മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ളവരെയും അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'റീമൈഗ്രേഷൻ' എന്ന ആശയമാണ് പാർട്ടിയുടെ ഏറ്റവും വിവാദപരമായ നയം. ഇത്തരം നിലപാടുകൾ കാരണം പാർട്ടിയെ പലപ്പോഴും ഹിറ്റ്‌ലറുടെ നാസി പാർട്ടിയുമായി താരതമ്യം ചെയ്യാറുണ്ട്. എങ്കിലും പാർട്ടി ഈ വാദത്തെ നിഷേധിക്കുന്നു. ജർമൻ രഹസ്യാന്വേഷണ ഏജൻസിയായ വെർഫാസുങ്‌ഷൂട്ട്‌സ് പാർട്ടിയെ ഒരു 'തീവ്ര വലതുപക്ഷ' സംഘടനയായിട്ടാണ് വിലയിരുത്തുന്നത്. അതിനാൽ തന്നെ ജർമനിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾ എഎഫ്ഡിയുമായി യാതൊരുവിധ സഖ്യത്തിനും തയ്യാറാവാത്ത 'പൊളിറ്റിക്കൽ ഫയർവാൾ' എന്ന നയമാണ് സ്വീകരിച്ചുപോരുന്നത്.
സാക്സോണി-അൻഹാൾട്ടിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങൾ മുൻനിർത്തിയാണ് പാർട്ടി പ്രധാനമായും പ്രചാരണം നടത്തിയത്. അധികാരത്തിൽ വന്നാൽ ആദ്യ ദിവസം തന്നെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങുമെന്നും ഡിറ്റൻഷൻ സെന്ററുകൾ വിപുലീകരിക്കുമെന്നും മുഖ്യ സ്ഥാനാർഥിയായ അൾറിച്ച് സീഗ്മുണ്ട് പ്രഖ്യാപിച്ചിരുന്നു.
വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങളാണ് പാർട്ടി ലക്ഷ്യമിടുന്നത്. നിലവിൽ നിരോധിച്ചിട്ടുള്ള ഹോംസ്‌കൂളിങ് നിയമവിധേയമാക്കുക, നാസി ഭരണകൂടത്തെ അമിതമായി ഫോക്കസ് ചെയ്യുന്ന നിലവിലെ പാഠ്യപദ്ധതി പരിഷ്കരിക്കുക, സ്കൂളുകളിൽ റെയിൻബോ പതാകകൾക്ക് പകരം ജർമൻ ദേശീയ പതാക മാത്രം ഉയർത്തുക തുടങ്ങിയവ ഇതിൽപ്പെടുന്നു.
അഭയാർത്ഥികളുടെ കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ കൊണ്ടുവരുന്ന കാര്യവും പാർട്ടി മുന്നോട്ടുവെച്ചു. കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി കാണാത്ത ഇവർ പുനരുപയോഗ ഊർജ മേഖലയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായിട്ടും കാറ്റാടിപ്പാടങ്ങളുടെ നിർമാണം തടയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സാക്സോണി-അൻഹാൾട്ടിലെ വിജയകാരണം
ജർമനിയിലെ 16 ഫെഡറൽ സംസ്ഥാനങ്ങളിൽ ഒന്നാണ് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സാക്സോണി-അൻഹാൾട്ട്. 1990കളിൽ ജർമനിയുടെ ഏകീകരണം നടക്കുന്നതുവരെ കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായിരുന്നു ഈ പ്രദേശം. ഏകീകരണത്തിന് ശേഷവും പടിഞ്ഞാറൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തങ്ങൾ സാമ്പത്തികമായും രാഷ്ട്രീയമായും അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ഇവിടുത്തെ ജനങ്ങൾക്കിടയിലുണ്ട്. ജീവിതനിലവാരത്തിലും വരുമാനത്തിലും പടിഞ്ഞാറൻ ജർമനിയെക്കാൾ അവർ പിന്നിലാണ്. മുൻ കമ്യൂണിസ്റ്റ് പൗരന്മാർക്കിടയിലുള്ള ഈ അതൃപ്തിയെയും ഒറ്റപ്പെടലിനെയും സമർത്ഥമായി വോട്ടാക്കി മാറ്റാൻ എഎഫ്ഡിക്ക് സാധിച്ചു.
ഈ വിജയത്തിന്റെ പ്രാധാന്യം എന്ത്?
സാക്സോണി-അൻഹാൾട്ട് ചെറിയൊരു സംസ്ഥാനമാണെങ്കിലും ഫലം വളരെ നിർണായകമാണ്. ഇവിടെ സർക്കാർ രൂപീകരിക്കാൻ എഎഫ്ഡിക്ക് കഴിഞ്ഞാൽ, വിദ്യാഭ്യാസ, സുരക്ഷാ കാര്യങ്ങളിൽ അവർക്ക് പൂർണ അധികാരം ലഭിക്കും. കൂടാതെ, ജർമൻ പാർലമെന്റിന്റെ ഉപരിസഭയായ ബുണ്ടസ്‌റാറ്റിൽ അവർക്ക് നാല് സീറ്റുകൾ ലഭിക്കും. എന്നാൽ കേവലഭൂരിപക്ഷം ഇല്ലാത്തതിനാലും മറ്റ് പാർട്ടികൾ സഖ്യത്തിന് തയ്യാറല്ലാത്തതിനാലും ഭരണത്തിലേറുന്നത് എളുപ്പമാകില്ല. ചാൻസലർ ഫ്രീഡ്രിക് മെർസിന്റെ സർക്കാരിനേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. വിലക്കയറ്റവും ഇന്ധന പ്രതിസന്ധിയും കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾ സർക്കാരിന്റെ സാമ്പത്തിക നയങ്ങളോടുള്ള എതിർപ്പും ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിച്ചു.
യൂറോപ്യൻ യൂണിയനെ സംബന്ധിച്ചിടത്തോളം എഎഫ്ഡിയുടെ മുന്നേറ്റം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണമെന്നും ഏകീകൃത കറൻസി സംവിധാനം ഉപേക്ഷിക്കണമെന്നും പാർട്ടി വാദിക്കുന്നു. കൂടാതെ, റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈന് നൽകുന്ന പിന്തുണയെ അവർ ശക്തമായി എതിർക്കുന്നു. പകരം റഷ്യക്ക് മേലുള്ള ഉപരോധങ്ങൾ പിൻവലിക്കണമെന്നും അവരുമായുള്ള സാമ്പത്തിക-ഊർജ ബന്ധങ്ങൾ പുനഃസ്ഥാപിക്കണമെന്നുമാണ് പാർട്ടിയുടെ നിലപാട്.
എഎഫ്ഡിയുടെ വിജയത്തിൽ റഷ്യയുടെ താല്പര്യമെന്ത്?
ജർമനിയിലെ തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡിയുടെ ചരിത്രവിജയത്തെ ഏറ്റവും കൂടുതൽ സ്വാഗതം ചെയ്യുന്ന രാജ്യങ്ങളിലൊന്ന് റഷ്യയാണ്. ജർമനിക്കുള്ളിൽ ഒരു 'റഷ്യൻ ശബ്ദമായി' എഎഫ്ഡി മാറുന്നതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളുണ്ട്.
യുക്രൈൻ യുദ്ധത്തിലെ നിലപാട്
റഷ്യ-യുക്രൈൻ യുദ്ധത്തിൽ യൂറോപ്യൻ യൂണിയനും നാറ്റോയും സ്വീകരിക്കുന്ന നിലപാടിന് കടകവിരുദ്ധമാണ് എഎഫ്ഡിയുടേത്. യുക്രൈന് സാമ്പത്തികമായും സൈനികമായും ജർമനി നൽകുന്ന പിന്തുണയെ പാർട്ടി ശക്തമായി എതിർക്കുന്നു. യുക്രൈന് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും, റഷ്യയുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നുമാണ് പാർട്ടിയുടെ പരസ്യമായ നിലപാട്. ജർമൻ രാഷ്ട്രീയത്തിൽ എഎഫ്ഡി കൂടുതൽ ശക്തരാകുന്നത് യുക്രൈനുള്ള പാശ്ചാത്യ പിന്തുണ ദുർബലപ്പെടുത്താൻ റഷ്യയെ സഹായിക്കും.
ഉപരോധങ്ങളും ഊർജ പ്രതിസന്ധിയും
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ പൂർണമായും പിൻവലിക്കണമെന്നാണ് എഎഫ്ഡിയുടെ മറ്റൊരു പ്രധാന ആവശ്യം. ഉപരോധങ്ങൾ കാരണം നിർത്തിവെച്ച റഷ്യൻ ഗ്യാസ് ഇറക്കുമതി ഉൾപ്പെടെയുള്ള ഊർജ-സാമ്പത്തിക ബന്ധങ്ങൾ മോസ്കോയുമായി പുനഃസ്ഥാപിക്കണമെന്ന് അവർ വാദിക്കുന്നു. റഷ്യൻ ഗ്യാസ് നിലച്ചതോടെ ജർമനിയിലുണ്ടായ വിലക്കയറ്റവും ജീവിതച്ചെലവിലെ വർധനവും ചൂണ്ടിക്കാട്ടിയാണ് എഎഫ്ഡി ജനങ്ങളുടെ പിന്തുണ നേടുന്നത്.
യൂറോപ്പിലെ ഭിന്നതയും റഷ്യൻ താല്പര്യവും
യൂറോപ്യൻ യൂണിയനെ ദുർബലപ്പെടുത്തുക എന്നത് കാലങ്ങളായുള്ള റഷ്യൻ താല്പര്യമാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ചും, ഏകീകൃത കറൻസിയായ യൂറോ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്ന എഎഫ്ഡിയുടെ നിലപാടുകൾ വ്‌ളാദിമിർ പുടിന്റെ നയതന്ത്ര ലക്ഷ്യങ്ങൾക്ക് തികച്ചും അനുകൂലമാണ്. ഒറ്റക്കെട്ടായി നിൽക്കുന്ന യൂറോപ്പിന് പകരം ഭിന്നിച്ചുനിൽക്കുന്ന യൂറോപ്പാണ് റഷ്യ ആഗ്രഹിക്കുന്നത്. ജർമനിയുടെ ഭരണതലത്തിലേക്ക് എഎഫ്ഡി അടുക്കുംതോറും അത് റഷ്യയെ സംബന്ധിച്ചിടത്തോളം യൂറോപ്പിൽ തങ്ങളുടെ സ്വാധീനം വർദിപ്പിക്കാനും, യുക്രൈൻ വിഷയത്തിൽ പാശ്ചാത്യ സഖ്യത്തിൽ വിള്ളൽ വീഴ്ത്താനുമുള്ള സുവർണാവസരമായാണ് വിലയിരുത്തപ്പെടുന്നത്.
ഇനി എന്ത്?
ജർമനിയിൽ രണ്ട് പ്രധാന സംസ്ഥാന തെരഞ്ഞെടുപ്പുകൾ കൂടി ഉടൻ നടക്കാനിരിക്കുകയാണ്. മുൻ കിഴക്കൻ ജർമൻ സംസ്ഥാനമായ മെക്ലെൻബർഗ്-ഫോർപ്പോമേണിലും, തലസ്ഥാനമായ ബെർലിനിലും സെപ്റ്റംബർ 20ന് തെരഞ്ഞെടുപ്പ് നടക്കും. പുറത്തുവന്ന അഭിപ്രായ സർവേകളിൽ മെക്ലെൻബർഗ്-ഫോർപ്പോമേണിൽ എഎഫ്ഡി തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്. സാക്സോണി-അൻഹാൾട്ടിലെ ഈ കൂറ്റൻ വിജയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും പാർട്ടിക്കും അതിന്റെ പ്രാദേശിക നേതൃത്വത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.