ഇറാൻ- ഇസ്രായേൽ സംഘർഷം ശക്തം; കുത്തനെ കൂടി എണ്ണവില

ഏറ്റുമുട്ടൽ നീളുന്നത് ഗൾഫ് രാഷ്ട്രങ്ങളേയും ഗുരുതരമായി ബാധിക്കും

Update: 2025-06-14 01:04 GMT
Editor : Jaisy Thomas | By : Web Desk

തെഹ്റാൻ: ഇറാൻ- ഇസ്രായേൽ സംഘർഷം ശക്തമാകുന്നതിനിടെ എണ്ണവില കുത്തനെ ഉയരുന്നു. ഇന്ന് ഏഴ് ശതമാനം ഉയർന്ന് വില 74 ഡോളറിലേക്കെത്തി. സംഘർഷം അവസാനിപ്പിക്കാൻ സൗദിയുൾപ്പെടെ രാഷ്ട്രങ്ങൾ ട്രംപുമായി സംസാരിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ നീളുന്നത് ഗൾഫ് രാഷ്ട്രങ്ങളേയും ഗുരുതരമായി ബാധിക്കും.

ഇറാനും ഗൾഫ് രാഷ്ട്രങ്ങൾക്കും ഇടയിലുള്ള സ്ട്രെയ്റ്റ് ഓഫ് ഹൊർമൂസ് വഴിയാണ് ഇറാന്റേതുൾപ്പെടെ ക്രൂഡ്ഓയിൽ കയറ്റുമതി. സംഘർഷം നീണ്ടാൽ ഇതുവഴിയുളള യാത്ര തടസ്സപ്പെടും. നിലവിൽ എഴുപത്തിയഞ്ച് പിന്നിടാനിരിക്കുന്ന എണ്ണവില വൈകാതെ 90 കടക്കും. എണ്ണയുൽപാദന രാജ്യങ്ങൾക്ക് വിലയേറ്റം ഗുണമാണെങ്കിലും സംഘർഷം തിരിച്ചടിയാണ് സൃഷ്ടിക്കുക. വില വർധിച്ചാൽ ഡിമാന്റ് കുറയുമെന്നതാണ് പ്രധാന കാരണം. ജിസിസി വിപണികളേയും ഇത് ഗുരുതരമായി ബാധിക്കും. ഓഹരി വിപണിയിലും നിക്ഷേപത്തിലും ഇത് പ്രകടമാണ്.

ആയിരത്തി അഞ്ഞൂറിലേറെ കി.മീ താണ്ടിയാണ് ഇറാൻ ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നത്. ഇവയുടെ വ്യതിയാനം പോലും മേഖലയിൽ യുദ്ധഭീതി സൃഷ്ടിക്കും. സംഘർഷം തടയാൻ ഇന്നലെ രാത്രി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി സംസാരിച്ചിരുന്നു. ഈ സാഹചര്യം സൗദി മുന്നറിയിപ്പായി നൽകിയതുമാണ്. എണ്ണ വില ഉയരുന്നത് യുഎസിനും പ്രയാസമുണ്ടാക്കും. ഇസ്രയേൽ ആക്രമണം തുടർന്നാൽ സ്ഥിതി പ്രവചനാതീതമാകുമെന്നാണ് അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News