Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ദോഹ: ഖത്തറിൽ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളാണ് ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തിയത്.
ഖത്തറിന് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയാണെന്ന് ബഹ്റൈൻ അറിയിച്ചു. ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അന്തരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ആക്രമണം അന്തരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ഇറാന്റെ ആക്രമണം സമാധാന അന്തരീക്ഷം ഇല്ലാതാക്കുമെന്ന് സൗദി അറേബ്യ പ്രതികരിച്ചു.
യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം. ദോഹയിൽ സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകളുള്ളത്. ഖത്തറിലെ അമേരിക്കയുടെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഖത്തറിൽ യുഎസ് സൈനിക താവളത്തില്‍ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു.
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിന്റെ ആക്രമണത്തിന് തിരിച്ചടിയായാണ് ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ആക്രമിച്ചത്. ആറോളം മിസൈലുകൾ അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.