ഒബാമയുടെ മുൻ ഉപദേശകന്റെ വിദ്വേഷ പരാമർശം; ന്യൂയോർക്കിലെ ഹലാൽ ഭക്ഷണശാലയിൽ വൻ തിരക്ക്

വിദ്വേഷ പരാമർശം നടത്തിയ സ്റ്റുവർട്ട് സെൽഡോവിറ്റ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Update: 2023-11-24 04:36 GMT
Advertising

ന്യൂയോർക്ക്: യു.എസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേശകനായിരുന്ന സ്റ്റുവർട്ട് സെൽഡോവിറ്റ്‌സിന്റെ വിദ്വേഷ പരാമർശങ്ങൾക്ക് പിന്നാലെ മാൻഹാട്ടനിലെ ഹലാൽ ഭക്ഷണശാലയിൽ വൻ തിരിക്ക്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്ഷണം കഴിക്കാനായി നിരവധി പേരാണ് കടയിലെത്തുന്നത്. ഈജിപ്ഷ്യൻ സ്വദേശിയായ മുഹമ്മദ് ആണ് കട നടത്തുന്നത്. ഇയാൾക്കെതിരെ സെൽഡോവിറ്റ്‌സ് നടത്തിയ വംശീയാധിക്ഷേപങ്ങൾ വൈറലായതോടെയാണ് ഇവരെ പിന്തുണയ്ക്കാൻ ആളുകൾ കൂട്ടത്തോടെ കടയിലെത്തിയത്.

അതിനിടെ വിദ്വേഷ പരാമർശം നടത്തിയ സെൽഡോവിറ്റ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇസ്രായേൽ ആന്റ് ഫലസ്തീൻ അഫയേഴ്‌സ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സ്റ്റുവർട്ട് സെൽഡോവിറ്റസ് ബുധനാഴ്ചയാണ് അറസ്റ്റിലായത്. ക്രൂരമായ ഉപദ്രവം, ഭയപ്പെടുത്തുന്ന രീതിയിലുള്ള പിന്തുടരൽ, ജോലി സ്ഥലത്ത് ശല്യം ചെയ്യൽ, വിദ്വേഷം മൂലമുള്ള പിന്തുടരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സെൽഡോവിറ്റ്‌സിനെ അറസ്റ്റ് ചെയ്തത്.

മാൻഹാട്ടനിലുള്ള മുഹമ്മദിന്റെ കടയിലെത്തിയ സെൽഡോവിറ്റസ് ഗസ്സ യുദ്ധത്തെക്കുറിച്ച് തർക്കിക്കുന്ന ഒന്നിലധികം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ''ഞങ്ങൾ 4000 ഫലസ്തീൻ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയെങ്കിലും അത് മതിയാവില്ല'' എന്ന് തർക്കത്തിനിടെ പറയുന്ന വീഡിയോ സെൽഡോവിറ്റസ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. കച്ചവടക്കാരൻ സെൽഡോവിറ്റ്‌സിനോട് ''എനിക്ക് കേൾക്കണ്ട, നിങ്ങൾ ഇവിടെനിന്ന് പോകൂ'' എന്ന് പറയുന്നുണ്ട്. എന്നാൽ ''നിങ്ങൾ തീവ്രവാദിയാണ്, നിങ്ങൾ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മറ്റൊരു വീഡിയോയിൽ സെൽഡോവിറ്റ്‌സ് പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്നതും ഇഗ്ലീഷ് അറിയാത്തതിന്റെ പേരിൽ 'വിവരമില്ലാത്തവൻ' എന്ന് അധിക്ഷേപിക്കുന്നതും കാണാം. കച്ചവടക്കാരനെതിരെ ഈജിപ്തിലെ രഹസ്യ പൊലീസിനെ അണിനിരത്താൻ തന്റെ സർക്കാർ ബന്ധങ്ങൾ ഉപയോഗിക്കുമെന്നും സ്റ്റുവർട്ട് ഭീഷണിപ്പെടുത്തുന്നുണ്ട്. ''ഈജിപ്തിലെ ഇന്റലിജൻസ് ഏജൻസി നിങ്ങളുടെ മാതാപിതാക്കളെ പിടികൂടും. നിങ്ങളുടെ പിതാവിന് അദ്ദേഹത്തിന്റെ നഖങ്ങൾ ഇഷ്ടമാണോ? അവർ ഓരോന്നായി പുറത്തെടുക്കും''-സെൽഡോവിറ്റ്‌സ് ചിരിച്ചുകൊണ്ട് പറയുന്നതും വീഡിയോയിൽ കാണാം.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News