'കുഞ്ഞു സാച്ചറിനുള്ള ബര്‍ത്ത് ഡേ ഗിഫ്റ്റ്'; ഇസ്രായേല്‍ ബന്ദിക്ക് സ്വര്‍ണ നാണയം സമ്മാനിച്ച് ഹമാസ്

ബന്ദിമോചന ചടങ്ങിന്റെ വേദിയില്‍ സ്ഥാപിച്ച ബാനറില്‍, കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പുള്ള യഹ്‍യ സിന്‍വാറിന്റെ ഏറെ വൈറലായ ചിത്രവും ഇടംപിടിച്ചു. 'ജറൂസലം, ഞങ്ങള്‍ നിന്റെ പടയാളികള്‍' എന്ന അര്‍ഥത്തില്‍ അറബി-ഹീബ്രു വാചകവും ബാനറിലുണ്ട്

Update: 2025-02-16 12:57 GMT
Editor : Shaheer | By : Web Desk

ഗസ്സ സിറ്റി: ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ജനുവരി 19ന് നടന്ന ആദ്യഘട്ട ബന്ദിമോചനത്തില്‍ മൂന്ന് ഇസ്രായേലി വനിതകള്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണുടക്കിയത് അവരുടെ കൈകളിലുണ്ടായിരുന്ന ബാഗുകളിലായിരുന്നു. ആ ബാഗുകളില്‍ എന്താണുള്ളതെന്നാണ് ലോകം തിരഞ്ഞത്. ബന്ദി കാലത്ത് എടുത്ത ഫോട്ടോകള്‍ ചേര്‍ത്തുള്ള സോവനീറും ഗസ്സയുടെ ഭൂപടവും മോചന സര്‍ട്ടിഫിക്കറ്റുമായിരുന്നു അതിലുണ്ടായിരുന്നത്. ഫലസ്തീന്‍ പതാക ആലേഖനം ചെയ്ത ടാഗുകള്‍ അണിഞ്ഞാണ് ഇവരെ റെഡ്ക്രോസ് പ്രതിനിധികള്‍ക്കു കൈമാറിയിരുന്നത്.

ശനിയാഴ്ച നടന്ന ബന്ദിമോചനവും അത്തരം പ്രതീകാത്മക നടപടികളിലൂടെ വാര്‍ത്തകളില്‍ നിറയുകയാണ്. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലായിരുന്നു ആറാംഘട്ട ബന്ദി കൈമാറ്റം നടന്നത്. യുഎസ്-ഇസ്രായേല്‍ പൗരന്‍ സാഗുയി ദെകെല്‍ ചെന്‍, റഷ്യന്‍-ഇസ്രായേല്‍ പൗരന്‍ സാഷ ട്രൂഫനോവ്, അര്‍ജന്റീന-ഇസ്രായേല്‍ പൗരന്‍ യായിര്‍ ഹോണ്‍ എന്നിവരാണു കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയത്. ഇക്കൂട്ടത്തില്‍ ദെകെല്‍ ചെന്നിന് സ്വര്‍ണ നാണയമാണ് ഹമാസ് സമ്മാനിച്ചത്. കഴിഞ്ഞ ദിവസം ജനിച്ച മകള്‍ സാച്ചര്‍ മസാലിനുള്ള ജന്മദിന സമ്മാനമായിരുന്നു അത്. 2024 ഡിസംബറിലായിരുന്നു സാച്ചറിന്റെ ഒന്നാം ജന്മദിനം.

Advertising
Advertising

2023 ഒക്ടോബര്‍ ഏഴിന് നിര്‍ ഓസില്‍നിന്ന് ദെകെല്‍ ഹമാസ് പിടിയിലാകുമ്പോള്‍ ഭാര്യ അവിറ്റാല്‍ ഏഴു മാസം ഗര്‍ഭിണിയായിരുന്നു. അവിറ്റാലും ഇവരുടെ രണ്ടു പെണ്‍മക്കളും വീട്ടിലെ സുരക്ഷിതമായ ഒരിടത്ത് ഒളിച്ചിരുന്നാണു രക്ഷപ്പെട്ടത്. ദെകല്‍ ഗ്രാമത്തിലുള്ള സ്വന്തം വര്‍ക്ഷോപ്പില്‍നിന്നു പിടിയിലായി. 2023 ഡിസംബറില്‍ അവിറ്റാല്‍ മൂന്നാമതൊരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കി. ഈ വിവരം ഹമാസ് ദെകെലിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇനിയും കണ്ടിട്ടില്ലാത്ത മകള്‍ക്കുള്ള സമ്മാനമായാണു മടങ്ങുംവഴി സ്വര്‍ണ നാണയം കൊടുത്തുവിട്ടത്. ഭാര്യയ്ക്കുള്ള കമ്മലാണ് നല്‍കിയതെന്ന് ഇസ്രായേല്‍ മാധ്യമമായ യെദിയോത്ത് അഹ്റാനോത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍, യായിര്‍ ഹോണിന് ഹമാസ് നല്‍കിയ സമ്മാനം അല്‍പം വ്യത്യസ്തമായിരുന്നു. ഇസ്രായേലിനുള്ള മുന്നറിയിപ്പും ബന്ദികളുടെ കുടുംബങ്ങള്‍ക്കുള്ള അപായസൂചനയുമായിരുന്നു അത്. ഗസ്സയില്‍ ബന്ദിയായി കഴിയുന്ന മതാവ് സാംഗോക്കറിന്റെയും അമ്മ ഐനാവിന്റെയും ചിത്രങ്ങള്‍ അടങ്ങിയ ഒരു അവര്‍ഗ്ലാസ് ആണ് 46കാരനായ ഹോണിനു ലഭിച്ചത്. ഇതിനു മുകളില്‍ ബന്ദിമോചനത്തിനുള്ള സമയം അതിക്രമിക്കുകയാണെന്ന അര്‍ഥത്തില്‍ 'time is running out' എന്നും എഴുതിയിരുന്നു. ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രായേലില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളി കൂടിയാണ് ഐനാവ്.

ഒക്ടോബര്‍ ഏഴിന് നിര്‍ ഓസില്‍ വച്ചാണ് മാതാവ് സാംഗോക്കര്‍ പങ്കാളി ഇലാന ഗ്രിറ്റ്സെവ്സ്‌കിക്കൊപ്പം പിടിയിലാകുന്നത്. 30കാരിയായ ഇലാന കഴിഞ്ഞ നവംബറില്‍ മോചിതയായിരുന്നു. രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ വൈകിപ്പിക്കുന്നതിനിടെയാണ് ബന്ദികളുടെ കുടുംബത്തിനും ഭരണകൂടത്തിനും ഹമാസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യായിര്‍ ഹോണിന്റെ സഹോദരന്‍ എയ്താനും ബന്ദിയായി ഗസ്സയില്‍ കഴിയുന്നുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ ഇരുവരും ഒരു തുരങ്കത്തില്‍ ഒപ്പമുണ്ടായിരുന്നതായാണു വിവരം. ഇതിനുശേഷം ഗസ്സയില്‍ വച്ച് ഇരുവരും കണ്ടതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ദെകെല്‍ ചെന്നും യായിര്‍ ഹോണും സാഷ ട്രൂഫനോവും യുദ്ധകാലത്തുടനീളം ഖാന്‍ യൂനിസിലായിരുന്നു കഴിഞ്ഞത്. ദെകെലും ഹോണും ഹമാസ് നിയന്ത്രണത്തില്‍ ഒരിടത്ത് ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്നും സൂചനയുണ്ട്. ട്രൂഫനോവ് മറ്റൊരിടത്ത് ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ പിടിയിലുമായിരുന്നു. ഗസ്സ കടല്‍ത്തീരത്തിലൂടെ ട്രൂഫനോവ് കറങ്ങിനടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ മോചനത്തിനു തൊട്ടുമുന്‍പ് വെള്ളിയാഴ്ച ഇസ്ലാമിക് ജിഹാദ് പുറത്തുവിട്ടിരുന്നു. ട്രൂഫനോവ് കടലില്‍ ചൂണ്ടയെറിഞ്ഞ് മീന്‍ പിടിക്കുന്നതും ഡയറിയില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.

ഖാന്‍ യൂനിസില്‍ നടന്ന ബന്ദിമോചന ചടങ്ങിന്റെ വേദിയിലും ഹമാസ് പലതരത്തിലുള്ള സന്ദേശങ്ങള്‍ കൈമാറാന്‍ ശ്രമിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴ് ആക്രമണം നടന്ന 11 ഇസ്രായേലി ഗ്രാമങ്ങളുടെയും സൈനിക താവളങ്ങളുടെയും ചിത്രങ്ങള്‍ സ്റ്റേജിന്റെ പശ്ചാത്തലത്തില്‍ സ്ഥാപിച്ച ബാനറിലുണ്ടായിരുന്നു. യുദ്ധകാലത്ത് കൊല്ലപ്പെട്ട അല്‍ഖസ്സാം ബ്രിഗേഡ്സ് തലവന്‍ മുഹമ്മദ് ദൈഫ്, ഖാന്‍ യൂനിസ് ബ്രിഗേഡ് കമാന്‍ഡര്‍ റാഫിഹ് സലാമ അടക്കമുള്ള പോരാളികളുടെ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം അല്‍അഖ്സ ഓപറേഷന്റെ മുഖ്യസൂത്രധാരന്‍ യഹ്‍യ സിന്‍വാറും ബാനറില്‍ ഇടംപിടിച്ചു. കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പുള്ള സിന്‍വാറിന്റെ ഏറെ വൈറലായ ചിത്രമായിരുന്നു നല്‍കിയിരുന്നത്. 'ജറൂസലം, ഞങ്ങള്‍ നിന്റെ പടയാളികള്‍' എന്ന അര്‍ഥത്തില്‍ ഒരു അറബി-ഹീബ്രു വാചകവും ബാനറിലുണ്ട്. ജറൂസലം അല്ലാത്ത ഒരിടത്തേക്കും മടക്കമില്ലെന്ന പ്രഖ്യാപനവുമുണ്ട്. ട്രംപിന്റെയും നെതന്യാഹുവിന്റെയും ഗസ്സ പിടിച്ചടക്കല്‍ പദ്ധതികള്‍ക്കുള്ള മറുപടിയായിരുന്നു ഇത്.

Summary: Hamas gifts gold coin to freed Israeli hostage, for his newborn baby

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News