വെടിനിർത്തൽ കരാർ; നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറി ഹമാസ്
ബന്ദികളില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കഫീർ ബിബാസിന്റെയും, നാല് വയസുള്ള സഹോദരന്‍ ഏരിയലിന്റെയും അമ്മ ഷിരി ബിബാസിന്റെയും ഒഡെഡ് ലിഫ്ഷിറ്റ്സ് എന്നയാളുടെയും മൃതദേഹങ്ങളാണ് കൈമാറിയത്.
ഗസ്സസിറ്റി: കൊല്ലപ്പെട്ട നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് കൈമാറി. ഗസ്സയിൽ അന്താരാഷ്ട്ര റെഡ്‌ക്രോസ് സംഘത്തിനാണ് മൃതദേഹങ്ങള്‍ കൈമാറിയത്.
ബന്ദികളില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കഫീർ ബിബാസിന്റെയും, നാല് വയസുള്ള സഹോദരന്‍ ഏരിയലിന്റെയും അമ്മ ഷിരി ബിബാസിന്റെയും ഒഡെഡ് ലിഫ്ഷിറ്റ്സ് എന്നയാളുടെയും മൃതദേഹങ്ങളാണ് കൈമാറിയത്.
പിന്നാലെ നാല് കറുത്ത ശവപ്പെട്ടികളുമായി റെഡ്‌ക്രോസ് സംഘം, ഇസ്രായേലിനെ ഏൽപ്പിക്കാനായി തിരിക്കുകയും ചെയ്തു. ശവപ്പെട്ടികളിൽ ബന്ദികളുടെ ചെറിയ ചിത്രവും ഉണ്ടായിരുന്നു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹമാസ് പിടിയിലിരിക്കെ ബന്ദികൾ കൊല്ലപ്പെടുന്നത്.
അതേസമയം കുട്ടികളുടെ പിതാവ് യാർഡൻ ബിബാസിനെ ഫെബ്രുവരി ഒന്നിന് മോചിപ്പിച്ചിരുന്നു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസില്‍ വെച്ചാണ് മൃതദേഹങ്ങള്‍ കൈമാറിയത്. തണുപ്പ് അവഗണിച്ചും നൂറുകണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്. ആയുധമേന്തിയ ഹമാസ് പോരാളികള്‍ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദി കൈമാറ്റം നടക്കുന്നത്. അതേസമയം ഇസ്രായേലിന് ഇന്നത്തേത് ഏറെ സങ്കടമുള്ളതും ബുദ്ധിമുട്ടേറിയതുമായ ദിവസമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ഇവരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് നെതന്യാഹു നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു.
'ബന്ദികളെ ജീവനോടെ നിങ്ങളിലേക്ക് തിരികെ എത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, പക്ഷേ നിങ്ങളുടെ സൈന്യവും നേതാക്കളും അവരെ തിരികെ കൊണ്ടുവരുന്നതിനുപകരം അവരെ കൊല്ലാനാണ് തീരമാനിച്ചിരിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കഫീറും സഹോദരനും മാതാവും കൊല്ലപ്പെട്ടതായി 2023 നവംബറില്‍ തന്നെ ഹമാസ് അറിയിച്ചിരുന്നു.