ഗസ്സയിൽ രണ്ട് ബന്ദികളെ കൂടി കൈമാറി ഹമാസ്
ശനിയാഴ്ച ആറ് പേരെയാണ് കൈമാറുക, പകരം 602 ഫലസ്തീനികളെ വിട്ടയയ്ക്കും
ഗസ്സ സിറ്റി: രണ്ട് ഇസ്രായേലി ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്. ശനിയാഴ്ച ആറുപേരെയാണ് വിട്ടയക്കുന്നത്. ഇതിൽ രണ്ടുപേരെയാണ് രാവിലെ റഫയിൽ റെഡ്ക്രോസിന് കൈമാറിയത്. അവേര മെങ്കിസ്റ്റു, തൽ ഷോഹാം എന്നിവരെയാണ് മോചിപ്പിച്ചത്.
ഇവരെ ഇസ്രായേലിലേക്ക് കൊണ്ടുപോവുകയാണെന്നും പ്രാഥമിക വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്നും ഇസ്രായേൽ സൈന്യം പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. ബാക്കിയുള്ള ബന്ദികളെ മധ്യ ഗസ്സയിൽ വെച്ചാകും റെഡ് ക്രോസിന് കൈമാറുക. ഇതിന് പകരമായി 602 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയയ്ക്കും.
അതേസമയം, ബന്ദിയായിരിക്കെ കൊല്ലപ്പെട്ട ഇസ്രായേലി വനിത ഷിറി ബീബസിന്റെ യഥാർഥ മൃതദേഹം വെള്ളിയാഴ്ച ഹമാസ് കൈമാറി. റെഡ്ക്രോസ് അധികൃതർക്കാണ് മൃതദേഹം കൈമാറിയത്.
ഹമാസിന്റെ ബന്ദിയായിരിക്കെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഷിറി മരിച്ചത്. ഇവരുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ഇസ്രായേൽ വ്യോമാക്രമത്തിൽ ചിതറി മറ്റു മൃതദേഹ ഭാഗങ്ങളുമായി കൂടിച്ചേർന്നതാണ് മൃതദേഹം മാറിനൽകാൻ കാരണമായതെന്ന് ഹമാസ് വിശദീകരിക്കുന്നു.