ഗസ്സ വെടിനിർത്തല്‍; ഈജിപ്തിന്‍റെ നിരായുധീകരണ നിർദേശം തള്ളി ഹമാസ്

ഒന്നര മാസം നീണ്ടുനിൽക്കുന്നതാണ്​ മധ്യസ്ഥ രാജ്യമായ ഈജിപ്ത്​ മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം

Update: 2025-04-15 01:45 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട്​ കൈറോയിൽ നടന്ന ചർച്ചയിൽ പുരോഗതിയില്ല. ഒന്നര മാസം നീണ്ടുനിൽക്കുന്നതാണ്​ മധ്യസ്ഥ രാജ്യമായ ഈജിപ്ത്​ മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം. ആദ്യ ആഴ്ച 10 ബന്ദികളെയും രണ്ടാമത്തെ ആഴ്ച ബാക്കിയുള്ളവരെയും മോചിപ്പിക്കണമെന്നാണ്​ വ്യവസ്ഥ. അവസാന വാരത്തിൽ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം. ഇതിനു പകരമായി ഫലസ്തീൻ തടവുകാരുടെ മോചനത്തിനു പുറമെ ഗസ്സയിലേക്ക്​ പൂർണമായ തോതിലുള്ള സഹായ വസ്തുക്കളും താൽക്കാലിക വസതികളും ഇസ്രായേൽ കൈമാറണമെന്നും നിർദേശത്തിലുണ്ട്​.

ഹമാസ്​ തങ്ങളുടെ ആയുധങ്ങൾ പൂർണമായും അടിയറ വെച്ചെങ്കിൽ മാത്രമേ സമ്പൂർണ വെടിനിർത്തൽ സാധ്യമാകൂ എന്ന ഈജിപ്ത്​ നിർദേശം തള്ളിയതായി സംഘടന അറിയിച്ചു. നിരായുധീകരണം വെടിനിർത്തൽ ഉപാധിയായി അംഗീകരിക്കാൻ കഴിയില്ലെന്ന്​ ഹമാസ്​ ഈജിപ്​തിനെ അറിയിച്ചതോടെ ചർച്ചയും വഴിമുട്ടി​. എന്നാൽ ഇഡാൻ അലക്സാണ്ടർ ഉൾപ്പെടെ ജീവനോടെയുള്ള 24 ബന്ദികളുടെ മോചനത്തിന്​ എല്ലാ ശ്രമങ്ങളും തുടരുമെന്ന്​ അമേരിക്കയുടെ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ പറഞ്ഞു. ഗസ്സയിലേക്ക്​ സഹായം എത്തിക്കാനും ബന്ദികളുടെ മോചനവും ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ ചർച്ച തുടരമെന്ന്​ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും അറിയിച്ചു.

Advertising
Advertising

അതിനിടെ,180 ദശലക്ഷം ഡോളറിന്‍റെ എയ്താൻ(Eitan)പവർപാക്ക്​ എഞ്ചിനുകൾ ഇസ്രായേലിന് ​കൈമാറാൻ യു.എസ്​ സ്റ്റേറ്റ്​ വകുപ്പ്​ തീരുമാനിച്ചു. അമേരിക്കയിൽ നിന്ന്​ കൂടുതൽ സ്ഫോടകവസ്​തുക്കൾ ലഭിക്കുന്നതോടെ ഗസ്സയിൽ വ്യോമസേന വ്യാപക ആ​ക്രമണത്തിന്​ തയാറെടുക്കുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഇസ്രാ​യേൽ മാധ്യമങ്ങൾ റി​പ്പോർട്ട്​ ചെയ്തു. ഇസ്രാ​യേൽ സുരക്ഷ അമേരിക്കയുടെ ദേശീയതാൽപര്യവുമായി ചേർന്നു നിൽക്കുന്ന ഒന്നാണെന്ന്​ പെന്‍റഗൺ വ്യക്​തമാക്കി.അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്​. ഭക്ഷ്യ,കുടി​വെള്ള, മരുന്ന്​ ക്ഷാമം ഗസ്സയെ കടുത്ത മാനുഷിക ദുരന്തത്തിലേക്ക്​ തള്ളിയിട്ടതായി യുഎൻ അറിയിച്ചു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News