ഗസ്സ വെടിനിര്‍ത്തൽ; കരാറിന് ഒരാഴ്ച കൂടി സാവകാശം വേണമെന്ന് നെതന്യാഹു, ആവശ്യം അംഗീകരിച്ച് ട്രംപ്
അടുത്ത ആഴ്ചയോടെ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ട്രംപ് പറയുന്നത്
തെൽ അവിവ്: ഗസ്സയിൽ വെടിനിർത്തൽ കരാറിന് ഒരാഴ്ച കൂടി സാവകാശം വേണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ ആവശ്യം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനുവദിച്ചതായി റിപ്പോർട്ട്. അടുത്ത ആഴ്ചയോടെ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ട്രംപ് പറയുന്നത്. പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും നിർബന്ധമാണെന്ന് ഹമാസ് വ്യക്തമാക്കി.
ഹമാസിനു മുമ്പാകെ പുതിയ വെടിനിർത്തൽ നിർദേശം സമർപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചു. കൂടുതൽ സ്വീകാര്യമായ പുതിയ നിർദേശം ഹമാസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നെതന്യാഹു പറഞു. എന്നാൽ പൂർണ യുദ്ധവിരാമം നടപ്പില്ലെന്നും നെതന്യാഹു സൂചിപ്പിച്ചു. ബന്ദികളുടെ ബന്ധുക്കളും പ്രതിപക്ഷവും ഉയർത്തുന്ന സമ്മർദം പരിഗണിച്ചാണ് ചില വിട്ടുവീഴ്ചകൾക്ക് നെതന്യാഹു തയാറാകുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രായേലിന് ഒരാഴ്ച കൂടി സമയം അനുവദിച്ചതായി അമേരിക്കൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ വെടിനിർത്തൽ അടുത്ത ആഴ്ച ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചു. വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഗസ്സയിലുടനീളം ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 71 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നുസൈറാത്തിൽ 8 കുട്ടികൾ ഉൾപ്പെടെ 12 പേരെ മിസൈൽ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടി യുദ്ധ കുറ്റമാണെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. തങ്ങൾ അയച്ച മിസൈൽ ദിശ തെറ്റി കുട്ടികൾക്കു മേൽ പതിക്കുകയായിരുന്നുവെന്ന ഇസ്രായേൽ സേനാ വാദം മനുഷ്യാവകാശ സംഘടനകൾ തള്ളി. വടക്കൻ ഗസ്സ ഉൾപ്പെടെ പല ഭാഗങ്ങളിലും ഇന്നലെ ഫലസ്തീൻ പോരാളികളുടെ ശക്തമായ പ്രത്യാക്രമണവും നടന്നു.
മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സ്ഥിരീകരിച്ചു. നിരവധി സൈനിക വാഹനങ്ങളും അഗ്നിക്കിരയായി. 21-ാം മാസത്തിലെത്തി നിൽക്കുന്ന ആക്രമണത്തിനിടയിലും ഫലസ്തീനികളുടെ പോരാട്ടവീര്യം ഇസ്രായേലിനെ ആശങ്കയിലാക്കുന്നുണ്ട്. അതിനിടെ, തെക്കൻ ഗസ്സയിലെ റഫയുടെ അവശിഷ്ടങ്ങളിൽ പണിയാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി നിർദേശിച്ച മാനുഷിക നഗരം പദ്ധതി ഒരു തടങ്കൽപ്പാളയമായിരിക്കുമെന്ന മുന്നറിയിപ്പുമായി മുൻ ഇസ്രായേൽ പ്രധാനമന്ത്രി യെഹൂദ് ഒൽമെർട്ട് രംഗത്ത്. വംശഹത്യക്ക് ആക്കം കൂട്ടുന്ന നടപടിയായിരിക്കും ഇതെന്ന് ഒൽമെർട്ട് കുറ്റപ്പെടുത്തി. വിവിധ യൂറോപ്യൻ രാജ്യങ്ങളും പദ്ധതിക്കെതിരെ രംഗത്തുണ്ട്.