620 ഫലസ്തീനികളെ കൈമാറിയില്ലെങ്കിൽ ചർച്ചയില്ല; നിലപാട് കടുപ്പിച്ച് ഹമാസ്
ട്രംപിന്‍റെ പശ്ചിമേഷ്യൻ പ്രതിനിധി വീണ്ടും ഇസ്രായേലിലേക്ക്
ഗസ്സ സിറ്റി: ശനിയാഴ്ച വിട്ടയച്ച ആറ് ബന്ദികൾക്കു പകരമായി 620 ഫലസ്തീൻ തടവുകാരെ കൈമാറാതെ ഇസ്രായേലുമായി ഇനി ചർച്ചയില്ലെന്ന് ഹമാസ്. ഗസ്സക്കു മേൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അപമാനകരമായ ചടങ്ങ് സംഘടിപ്പിച്ചുള്ള ബന്ദി കൈമാറ്റം അംഗീകരിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
എന്നാൽ, കരാർ അട്ടിമറിക്കാനുള്ള ഇസ്രായേൽ നീക്കം മാത്രമാണിതെന്ന് ഹമാസ് കുറ്റപ്പെടുത്തി. അനാവശ്യ ഉപാധികൾ മുന്നോട്ടുവെക്കുന്നത് ഉറ്റവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ബന്ദികളുടെ ബന്ധുക്കളും കുറ്റപ്പെടുത്തി. നെതന്യാഹു സർക്കാരിനെതിരെ വ്യാപക പ്രക്ഷോഭ പരിപാടികൾ തുടരാനും ബന്ധുക്കൾ തീരുമാനിച്ചു.
അതിനിടെ, പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ശക്തമായ ശ്രമങ്ങൾ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തദിവസം ഇസ്രായേലിൽ എത്തും. ബന്ദികളുടെ മോചനത്തിനാണ് മുഖ്യപരിഗണയെന്ന് അമേരിക്ക അറിയിച്ചു.
അതേസമയം ജെനിൻ, തുൽക്റാം ഉൾപ്പെടെ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ ഇസ്രായേൽ സേനയുടെ അതിക്രമം തുടരുകയാണ്. പ്രദേശത്തു നിന്ന് ഇതിനകം അര ലക്ഷത്തോളം ഫലസ്തീനികളാണ് അഭയാർഥികളായി മാറിയത്. തുൽക്റാമിലെ നൂർ ഷംസ് അഭയാർഥി ക്യാമ്പിൽനിന്ന് മാത്രം 9000 പേരാണ് പലായനം ചെയ്തത്. ഇവിടങ്ങളിൽ ഇസ്രായേൽ കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. അഭയാർഥി ക്യാമ്പുകളിൽ കടുത്ത ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം അടക്കം വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്തുകയാണെന്ന് സന്നദ്ധ സംഘടനകൾ ആരോപിക്കുന്നു.