'ബന്ദികളെ വേണ്ടെന്ന് നെതന്യാഹു;' കരാർ ചർച്ചകൾ അട്ടിമറിക്കുന്നതായി ഹമാസ്
തങ്ങൾ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കാമെന്ന് അറിയിച്ചിട്ടും അതിനെ ഇസ്രായേൽ നിരാകരിച്ചു എന്നാണ് ഹമാസ് വക്താവ് പറയുന്നത്. നാലുമാസങ്ങൾക്ക് ശേഷമാണ് ഹമാസിനെ സായുധവിഭാഗമായ ഖസ്സം ബ്രിഗേഡിന്റെ ഔദ്യോഗിക വക്താവ് അബു ഒബൈദ, വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്
ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന നരഹത്യകൾ അവസാനമില്ലാതെ തുടരുകയാണ്. ഭക്ഷണത്തിനായി വരിനിൽക്കുന്ന മനുഷ്യരെ ഉൾപ്പെടെ കൊന്നുതള്ളുകയാണ് ഇസ്രായേൽ സൈന്യം. ഇന്ന് അൻപതെങ്കിൽ നാളെ നൂറ്. അങ്ങനെ എണ്ണത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ, ഇസ്രായേലിന്റെ വംശഹത്യയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അടുത്തിടെയാണ് 19 പേർ പട്ടിണിമൂലം കൊല്ലപ്പെട്ടത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യത്വ വിരുദ്ധത കണ്മുന്നിൽ അരങ്ങേറുമ്പോഴും ലോകം അങ്ങനെ നിസ്സംഗമായി നോക്കിനിൽക്കുകയാണ്.
വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് വാർത്തകൾ വരുമ്പോഴും, അതിൽ വിജയം കാണാത്തതിന്റെ പഴിയും ഫലസ്തീനികൾക്കാണ്. സായുധ വിമോചന സംഘടനയായ ഹമാസാണ് എല്ലാ ചർച്ചകൾക്കും തടസമെന്ന തരത്തിലാണ് പ്രചാരണങ്ങൾ. ഇപ്പോഴിതാ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഹമാസ്. തങ്ങൾ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കാമെന്ന് അറിയിച്ചിട്ടും അതിനെ ഇസ്രായേൽ നിരാകരിച്ചു എന്നാണ് ഹമാസ് വക്താവ് പറയുന്നത്.
നാലുമാസങ്ങൾക്ക് ശേഷമാണ് ഹമാസിനെ സായുധവിഭാഗമായ ഖസ്സം ബ്രിഗേഡിന്റെ ഔദ്യോഗിക വക്താവ് അബു ഒബൈദ, വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാ ബന്ദികളും ഒരുമിച്ച് വിട്ടയയ്ക്കാനുള്ള താത്പര്യം പലതവണ അറിയിച്ചിട്ടും ഇസ്രായേൽ നിരാകരിക്കുകയായിരുന്നു എന്നാണ് അബു ഒബൈദ പറയുന്നത്. ഇസ്രായേലി ബന്ദികളുടെ ജീവന്റെ കാര്യത്തിൽ നെതന്യാഹു ഭരണകൂടത്തിന് താത്പര്യമില്ലെന്നാണ് ഈ നിലപാട് ചൂണ്ടിക്കാട്ടുന്നത് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. നേരിട്ടല്ലാതെയുള്ള ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെയാണ് അബു ഒബൈദയുടെ പ്രതികരണം.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണ് റിപോർട്ടുകൾ. അതേസമയം, യുദ്ധം അവസാനിപ്പിക്കാനും, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാനും ഫലസ്തീനികൾക്കുള്ള മാനുഷിക സഹായവിതരണം ഉറപ്പും നൽകുന്ന ഒരു കരാറിനെ ഹമാസ് അനുകൂലിക്കുന്നുവെന്നാണ് ഹമാസിന്റെ പക്ഷം.
നിലവിൽ നടക്കുന്ന ചർച്ചകളിൽനിന്നുകൂടി ഇസ്രായേൽ പിന്മാറിയാൽ, പിന്നീടൊരിക്കലും ഭാഗികമായ ഒരു വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിക്കുമെന്ന് ഉറപ്പുനൽകാൻ സാധിക്കില്ലെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചർച്ചയിലുള്ളത് 60 ദിവസത്തെ വെടിനിർത്തൽ കരാറാണ്. ഹമാസ് കസ്റ്റഡിയിൽ ജീവനോടെയുണ്ടെന്ന് കരുതപ്പെടുന്ന 20 പേരിൽ പത്തുപേരെ വിട്ടയയ്ക്കാനും അതിൽ ഉപാധിയുണ്ട്.
ഇക്കഴിഞ്ഞ ആഴ്ച മിഡിൽ ഈസ്റ്റ് ഐ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഗസ്സയിലുള്ള ബന്ദികളുടെ അവസ്ഥ അറിയാൻ പ്രതിനിധികൾ വഴി അവരുടെ ബന്ധുക്കൾ ഹമാസിനെ സമീപിച്ചിരുന്നു. വെടിനിർത്തൽ ചർച്ചകളെല്ലാം അട്ടിമറിക്കാനാണ് നെതന്യാഹു ഭരണകൂടം ശ്രമിക്കുന്നതെന്ന ഭയത്തിലായിരുന്നു ഇത്തരമൊരു നീക്കം. അതേസമയം, ഒരു കരാറിലെത്താൻ ഹമാസ് കാര്യമായി തന്നെ പരിശ്രമിക്കുന്നുണ്ടെന്നും ഇസ്രായേലിന്റെ പിടിവാശികളാണ് അതിന് തടസമെന്നും ബന്ധുക്കളെ ഹമാസ് അറിയിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാൽ ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. പക്ഷെ ചർച്ചയിൽ പങ്കെടുക്കുന്ന ഹമാസ് പ്രതിനിധികൾ പങ്കുവയ്ക്കുന്നത് മറിച്ചൊരു അഭിപ്രായമാണ്. കരാറിന്റെ നാല് ഉപാധികളിൽ രണ്ടെണ്ണത്തിലും തർക്കം നിലനിൽക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
60 ദിവസത്തെ വെടിനിർത്തലിനിടെ ഗസ്സ മുനമ്പിൽനിന്ന് ഇസ്രായേൽ സൈന്യം എത്രത്തോളം പിൻവാങ്ങുമെന്ന കാര്യത്തിലാണ് ആദ്യത്തെ തർക്കം, മറ്റൊന്ന് സഹായവിതരണവുമായി ബന്ധപ്പെട്ടാണ്. ബെയ്ത് ഹനൂൻ, ബെയ്ത് ലാഹിയ, റഫാ, ഖാൻ യൂനുസിന്റെ പല മേഖലകൾ എന്നിവിടങ്ങളിൽ നിയന്ത്രണം തുടരണമെന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ ജനുവരിയിലെ വെടിനിർത്തൽ കരാറിൽ അംഗീകരിച്ച മേഖലകളിലേക്ക് സൈന്യം മടങ്ങിപോകണമെന്ന് ഹമാസും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തർക്കവിഷയങ്ങൾ മാറ്റിവച്ച് ബന്ദിമോചനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന നിലപാടിലാണ് അമേരിക്കയുള്ളത്. അതുകൊണ്ടുതന്നെയാണ് ഈ ചർച്ച തീർത്തും നിരാശാജനകമായിരിക്കുമെന്ന് കരുതപ്പെടുന്നത്.