‘ഹമാസിന്റെ കരുത്ത് ഒട്ടും ചോർന്നിട്ടില്ല, അവർ ഗസയിൽ ശക്തിപ്രാപിക്കുന്നു’; ഇസ്രായേലിന് മുന്നറിയിപ്പുമായി സി.എൻ.എൻ

യുദ്ധം 300 ദിവസം പിന്നിട്ടവേളയിലാണ് ഗസയിൽ ഹമാസി​ന്റെ സൈനികശേഷി ശക്തിപ്പെടുന്നതിനെ പറ്റി വിശദമാക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്

Update: 2024-08-05 19:40 GMT

ഗസയിലെ യുദ്ധം പത്താം മാസത്തിലേക്കെത്തുമ്പോഴും ഹമാസിന്റെ കരുത്ത് ഒട്ടും ചോർന്നിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ. ഇസ്രായേൽ- ഹമാസ് യുദ്ധം 300 ദിവസം പിന്നിട്ടവേളയിൽ ഗസയിൽ സി.എൻ.എൻ നടത്തിയ അന്വേഷണത്തിലാണ് ഹമാസിനെയും അവരുടെ സൈനികശേഷി ശക്തിപ്പെടുന്നതിനെയും പറ്റി വിശദമാക്കുന്നത്.

ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്നും, അതിൻ്റെ സൈനിക ശേഷി ഉടൻ നശിപ്പിക്കുമെന്നും വിജയം തൊട്ടുമുന്നിലുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിക്കുന്നതിനിടയിലാണ് ഹമാസിന്റെ കരുത്തിനെ പറ്റിയുള്ള സി.എൻ.എൻ റിപ്പോർട്ട് പുറത്തുവരുന്നത്. ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധം അനിശ്ചിതമായി നീളു​​കയാണ്.

Advertising
Advertising

ഇസ്രായേലിന്റെയും ഹമാസിന്റെയും സൈനിക പ്രസ്താവനകൾ, ഗസക്കുള്ളിൽ നിരവധി ഹമാസ് യൂണിറ്റുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന അഭിമുഖങ്ങളും ദൃക്സാക്ഷികളുടെ പ്രതികരണങ്ങളുടെ വിഡിയോകളും ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. ഹമാസിനെ തുരത്തിയെന്ന് ഇസ്രായേൽ അവകാശപ്പെടുന്ന ഇടങ്ങളിലൊക്കെയും അവർ ശക്തമായി തിരിച്ചുവരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വടക്കൻ, മധ്യ ഗസയിലെ  സൈനികശേഷി ഹമാസ് കൂടുതൽ മെച്ചപ്പെടുത്തി​യിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന മിക്ക ബറ്റാലിയനുകളെയും ഹമാസ് പുനരിജ്ജീവിപ്പിച്ച് ​യുദ്ധസജ്ജമാക്കിയിട്ടുണ്ട്.

ജൂലൈ 1 ലെ കണക്കനുസരിച്ച്,  യുദ്ധം തുടങ്ങിയ ശേഷം ഹമാസിൻ്റെ 24 ഖസ്സാം ബ്രിഗേഡ് ബറ്റാലിയനുകളിൽ മൂന്നെണ്ണത്തിനെ മാത്രമാണ് ഇസ്രായേലിന് പൂർണമായും തകർക്കാൻ കഴിഞ്ഞത്. ഇസ്രായേൽ സൈനികർക്കെതിരെ യുദ്ധം ചെയ്യാൻ സജ്ജമായ എട്ട് ബറ്റാലിയനുകളാണുള്ളത്.13 ബറ്റാലിയനുകൾ ഗറില്ലാമോഡൽ ആക്രമണം നടത്താൻ ശേഷിയുള്ളതാണ്. ഇത്തരത്തിൽ ഇസ്രായേലിനെ പ്രതിരോധിക്കാൻ കരുത്തുള്ള വ്യത്യസ്തസൈനിക ബറ്റാലിയനുകൾ ഹമാസിനുണ്ട്.

ഇസ്രായേൽ പ്രതിരോധസേനയുടെ രൂക്ഷമായ ആക്രമണം ഉണ്ടായ മധ്യ,വടക്കൻ ഗസയിൽ സ്ഥിതി ചെയ്യുന്ന 16 ഹമാസ് ബറ്റാലിയനുകളെ പറ്റിയുള്ള റിപ്പോർട്ടിൽ പറയുന്നതിങ്ങനെയാണ്:‘അവയിൽ ഏഴ് ബറ്റാലിയനുകളെ പുന:നിർമിക്കാനും നവീകരിക്കാനും സൈനികശേഷി മെച്ചപ്പെടുത്താനും ഹമാസിന് കഴിഞ്ഞു. സൈനിക ശേഷി പുന:സംഘടിപ്പിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും 2 രീതികളാണ് ഹമാസിനുള്ളത്. യുദ്ധത്തിൽ ദുർബലമായ യൂണിറ്റുകൾ ചേർത്ത് പുതിയൊരു യൂണിറ്റ് രൂപീകരിക്കുന്നതാണ് ഒരു രീതി. മറ്റൊന്നു പുതിയ പോരാളികളെ റിക്രൂട്ട് ചെയ്യുന്നതാണ്. ഇതിനൊപ്പം ഇസ്രായേൽസേന ഉപേക്ഷിച്ച സ്ഫോടകവസ്തുക്കളിൽ നിന്ന് പുതിയ ആയുധങ്ങൾ നിർമ്മിച്ച് ഇ​സ്രായേലിനെതിരെ തന്നെ ഹമാസ് പ്രയോഗിക്കുന്നുണ്ട്.

ഹമാസ് ആയിരക്കണക്കിന് പുതിയ പോരാളികളെ റിക്രൂട്ട് ചെയ്തെന്ന് ഇസ്രായേലി സൈനികർ വെളിപ്പെടുത്തിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. മാസങ്ങൾക്ക് മുമ്പെ ഹമാസിലേക്കുള്ള റിക്രൂട്ട്മെന്റുകൾ നടക്കുന്നുണ്ട്. അവരുടെ സൈനിക ബലം എത്രയാണെന്ന് ഇസ്രായേൽ സൈന്യത്തിന് കൃത്യമായി അറിയില്ലെന്നാണ് സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതെന്നും സി.എൻ.എൻ വ്യക്തമാക്കുന്നു.

ഈ റി​പ്പോർട്ട് തയാറാക്കാനായി നിരവധി ഫലസ്തീനികളെയാണ് സി.എൻ.എൻ അഭിമുഖം നടത്തിയത്. ‘വടക്കൻ ഗസയിലെ ഹമാസിൻ്റെ സാന്നിധ്യം നിങ്ങൾക്ക് ഊഹിക്കുന്നതിലും അപ്പുറമാണെന്നാണ് ഒരു ഫലസ്തീനി പറഞ്ഞത്. അവരുടെ വേരുകൾ സാധാരണക്കാർക്കിടയിലാണ്, അവർക്ക് അതിവേഗം ഒരു സേനയെ​ രൂപീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഗസയിലെ യുദ്ധത്തിൽ വിജയം​ തൊട്ടടുത്തുണ്ടെന്ന ഇസ്രായേൽ ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ പൊളിക്കുന്നതാണ് സി.എൻ.എൻ റിപ്പോർട്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധം ജയിക്കുമെന്നും ബന്ദികളെ മോചിപ്പിക്കുമെന്നുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശവാവാദം ഉന്നയിക്കുന്നതിനിടയിലാണ് റിപ്പോർട്ട് പുറത്തുവന്നത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News