'അവരെ സൂക്ഷിക്കണം; ഭക്ഷണം വാങ്ങരുത്'-ഗസ്സയിലെ ചാരിറ്റി സംഘത്തെ കുറിച്ചുള്ള ഹമാസ് മുന്നറിയിപ്പിനു പിന്നിലെന്ത്?

ജീവകാരുണ്യത്തിന്റെയും ആതുര സേവനത്തിന്റെയും മറവില്‍ ഇസ്രായേലിന്റെ നിഗൂഢതാല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ ഇറങ്ങിയ സംഘമാണ് ജിഎച്ച്എഫ് എന്നാണ് ഹമാസ് ആരോപിക്കുന്നത്

Update: 2025-06-01 13:04 GMT
Editor : Shaheer | By : Web Desk

ഗസ്സ സിറ്റി: കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് തെക്കന്‍ ഗസ്സയിലെ റഫായിലാണു സംഭവം. യു.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ കേന്ദ്രത്തില്‍ ഭക്ഷ്യവിതരണം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് പതിനായിരങ്ങള്‍ ഒഴുകിയെത്തുന്നു. വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ കേന്ദ്രത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആദ്യം സ്ഥലം കാലിയാക്കി. പിന്നാലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നു സൈനികരും രക്ഷപ്പെട്ടു.

പിന്നീട് അവിടെ നടന്നത് ഭക്ഷ്യക്കലാപമായിരുന്നു. ദിവസങ്ങളായി കൊടുംപട്ടിണിയില്‍ കഴിയുന്ന ജനം ഭക്ഷണത്തിനു വേണ്ടി തമ്മിലടിച്ചു. അല്‍പം ദൂരത്തുനിന്ന് ഇതെല്ലാം കണ്ടുനില്‍ക്കുന്ന ഇസ്രായേല്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. പരിഭ്രാന്തരായ ജനം അന്നത്തിനും ജീവനുമിടയില്‍ എന്തു ചെയ്യണമെന്ന് അറിയാതെ ആത്മരക്ഷാര്‍ഥം നാലുഭാഗത്തേക്കും ചിതറിയോടി. ശക്തമായ ഉന്തിലും തള്ളിലും കൂടുതല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതാനും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

യു.എസ് പിന്തുണയോടെ ജനീവ ആസ്ഥാനമായി ആരംഭിച്ച ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ(ജി.എച്ച്.എഫ്) സഹായ വിതരണ കേന്ദ്രത്തിലായിരുന്നു ഈ സംഭവം നടന്നത്. അവരെ സൂക്ഷിക്കണമെന്ന് തൊട്ടുമുമ്പ് ഹമാസ് ഗസ്സക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ അതേ സംഘം. ഹമാസ് ആരോപണങ്ങള്‍ക്കു പിന്നാലെ, പുതിയ സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സന്നദ്ധ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

Full View

കടുത്ത ആക്രമണവും ഉപരോധവും കാരണം പ്രവര്‍ത്തനം താളംതെറ്റിയതോടെ യുനര്‍വ പോലെയുള്ള യു.എന്‍ സംഘങ്ങളും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ഗസ്സ വിട്ടിട്ട് ആഴ്ചകളായി. ഈയൊരു വിടവിലേക്കാണ് ദുരിതാശ്വാസ സംഘമെന്ന ലേബലില്‍ യു.എസിന്റെ പിന്തുണയോടെ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന പേരിലൊരു സംഘം രൂപംകൊള്ളുന്നത്. ഇക്കഴിഞ്ഞ മെയ് മാസം മുനമ്പില്‍ സുരക്ഷിത സഹായ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ഈ കേന്ദ്രങ്ങള്‍ വഴി ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുമെന്നായിരുന്നു ജി.എച്ച്.എഫ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, സംഘം പ്രവര്‍ത്തനം ആരംഭിച്ച ഉടന്‍ തന്നെ, ഹമാസ് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ കേന്ദ്രങ്ങളില്‍നിന്ന് സഹായം സ്വീകരിക്കരുതെന്നു നിര്‍ദേശിക്കുകയും ചെയ്തു.

ജി.എച്ച്.എഫ് ഒരു ജീവകാരുണ്യ സംഘടനയല്ലെന്നാണ് ഹമാസ് ചൂണ്ടിക്കാട്ടുന്നത്. ജീവകാരുണ്യത്തിന്റെയും ആതുര സേവനത്തിന്റെയും മറവില്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ ഇറങ്ങിയ നിഗൂഢസംഘമാണെന്നാണു വാദം. ഇസ്രായേല്‍ സൈനിക ഓപറേഷന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ വിജയിപ്പിച്ചെടുക്കാനുള്ള നിലമൊരുക്കുകയാണു ഫൗണ്ടേഷനെന്നായിരുന്നു പ്രധാന ആരോപണം.

ഗസ്സയില്‍ നിയന്ത്രണമുറപ്പിക്കാനുള്ള ഇസ്രായേല്‍ തന്ത്രത്തിന്റെ ഭാഗമായി ഇറക്കിയ സംഘമാണ് ജി.എച്ച്.എഫ് എന്നും ഹമാസ് ആരോപിക്കുന്നു. സംഘടനയുടെ വിതരണ കേന്ദ്രങ്ങളെല്ലാം ഇസ്രായേല്‍ സൈന്യത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഗസ്സക്കാരുടെ സ്വാതന്ത്ര്യത്തിലേക്കും അവരുടെ സ്വകാര്യ ജീവിതത്തിലേക്കും നുഴഞ്ഞുകയറി, പതുക്കെ മുനമ്പില്‍ നിയന്ത്രണം പിടിച്ചടയ്ക്കുകയാണു സംഘം ലക്ഷ്യമിടുന്നതെന്നും ഹമാസ് വാദിക്കുന്നു.

ജി.എച്ച്.എഫിന്റെ പ്രവര്‍ത്തനരീതി ഹമാസ് ഉന്നയിച്ച ആരോപണങ്ങള്‍ക്കു ബലം നല്‍കുന്നതാണ്. സംഘത്തിന്റെ വിതരണ കേന്ദ്രങ്ങളില്‍ സഹായം സ്വീകരിക്കുന്നവരില്‍നിന്ന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നതു തന്നെയാണ് ഏറ്റവും ഗൗരവമേറിയ വിഷയം. വിരലടയാളവും ഫേസ് ഐഡന്റിഫിക്കേഷന്‍ വരെ ശേഖരിക്കുന്നുണ്ട്. ഇസ്രായേലിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ക്കു കൈമാറാന്‍ വേണ്ടിയാണ് ഈ വിവരശേഖരണം. ഫലസ്തീന്‍ ജനതയുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നത്. സന്നദ്ധ സംഘത്തിന്റെ കുപ്പായമിട്ട് ചാരപ്രവര്‍ത്തനമാണു സംഘം നടത്തുന്നതെന്നും ഹമാസ് ആരോപിക്കുന്നുണ്ട്.

സുപ്രധാനമായ മറ്റൊരു കാര്യം, ഐക്യരാഷ്ട്ര സംഘടനകളെ മുഴുവന്‍ മാറ്റിനിര്‍ത്തിയാണു സംഘത്തിന്റെ പ്രവര്‍ത്തനം. യുനര്‍വ ഉള്‍പ്പെടെയുള്ള യു.എന്‍ ഏജന്‍സികളായിരുന്നു ഇത്രയും കാലം ഗസ്സയിലെ മാനുഷിക സഹായ വിതരണത്തിന്റെയും ആതുര സേവനത്തിന്റെയും സന്നദ്ധ പ്രവര്‍ത്തനത്തിന്റെയും മേല്‍നോട്ടം വഹിച്ചുവരുന്നത്. എന്നാല്‍, ഈ ഏജന്‍സികളെ പൂര്‍ണമായും മാറ്റിനിര്‍ത്തിയാണ് ജി.എച്ച്.എഫ് പ്രവര്‍ത്തനം. നേരത്തെ പറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ തടസമാകുമെന്നു തിരിച്ചറിഞ്ഞാണ്, യു.എന്‍ സംവിധാനങ്ങളെ മാറ്റിനിര്‍ത്തിയും മറികടന്നുമുള്ള സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് ഹമാസ് ആരോപിക്കുന്നു.

ഗസ്സയിലെ ജനങ്ങളെ ഭിന്നിപ്പിക്കുക. അതുവഴി, മുനമ്പില്‍ ഹമാസിന്റെ നിയന്ത്രണത്തെയും സ്വാധീനശേഷിയെയും ദുര്‍ബലപ്പെടുത്തുക. ഇസ്രായേല്‍ കാലങ്ങളായി കൊണ്ടുനടക്കുന്ന പദ്ധതികള്‍ അതീവ ബുദ്ധിപൂര്‍വം നടപ്പാക്കുകയാണ് ജി.എച്ച്.എഫ് എന്നും ഹമാസ് ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രാദേശിക ഭരണകൂടം എന്ന നിലയ്ക്ക്, പൂര്‍ണമായും ഹമാസിന്റെ പങ്കാളിത്തമോ സഹകരണമോ ഒന്നുമില്ലാതെയാണ് സംഘത്തിന്റെ സഹായ-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സമാന്തരമായൊരു സംവിധാനം സൃഷ്ടിച്ച് ഗസ്സയിലെ ഭരണക്രമത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ഹമാസ് വിലയിരുത്തുന്നത്.

ഇസ്രായേലിന്റെ ദീര്‍ഘകാല ഉപരോധവും തുടര്‍ച്ചയായ സൈനിക നടപടികളും കാരണം അതീവ ഗുരുതരാവസ്ഥയിലൂടെയാണ് ഗസ്സയിലെ ജനജീവിതം മുന്നോട്ടുപോകുന്നത്. ഗസ്സ ജനസംഖ്യയുടെ വലിയൊരു വിഭാഗവും കൊടിയ പട്ടിണിയുടെ വക്കിലാണ്. യു.എന്‍ ഏജന്‍സികളുടെ കണക്കനുസരിച്ച്, ഗസ്സയിലെ 80 ശതമാനം ജനങ്ങളും ഒരു നേരത്തെ ഭക്ഷണത്തിനായി പുറത്തുനിന്നു സന്നദ്ധ സംഘങ്ങളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് ജി.എച്ച്.എഫ് പോലുള്ള പുതിയ സംഘങ്ങള്‍ രംഗത്തെത്തുന്നത്.

അതുവരെയും ഫലപ്രദമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന, സന്നദ്ധ സംഘങ്ങളെയും യു.എന്‍ ഏജന്‍സികളെയുമെല്ലാം രൂക്ഷമായ ആക്രമണത്തിലൂടെയും ഉപരോധത്തിലൂടെയും പുറത്താക്കുകയായിരുന്നു ആദ്യ പദ്ധതി. അതു പൂര്‍ത്തിയാക്കിയ ശേഷമാണ് ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനെ ഇറക്കി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരേസമയം സൈനികമായും തന്ത്രപരമായുമുള്ള വംശീയ ഉന്മൂലനമാണ് ഗസ്സയില്‍ നടക്കുന്നതെന്ന വാദങ്ങള്‍ക്കു ശക്തിപകരുകയാണ് ഓരോ ദിവസവും മുനമ്പില്‍നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍.

Summary: Why Hamas warns against US-backed Gaza Humanitarian Foundation?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News