'ലെബനാനിൽ പോയിവന്ന ശേഷം അവൻ മുറിയടച്ച് ഒറ്റയ്ക്കിരിപ്പായിരുന്നു; ആർക്കും അങ്ങോട്ട് പ്രവേശനമുണ്ടായിരുന്നില്ല'; റുഷ്ദിയെ കുത്തിയ പ്രതിയുടെ മാതാവ്

അവൻ മാസങ്ങളായി എന്നോടോ അവന്റെ സഹോദരിമാരോടോ സംസാരിച്ചിരുന്നില്ല- 46കാരിയായ മാതാവ് പറയുന്നു.

Update: 2022-08-15 11:28 GMT
Advertising

എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തിയ പ്രതിക്കെതിരെ മാതാവ്. ലെബനാനിൽ പോയി വന്ന ശേഷമാണ് മകൻ ആകെ മാറിയതെന്ന് മാതാവ് സിൽവാന ഫർദോസ് ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു. ന്യൂജഴ്‌സി സ്വദേശിയായ 24കാരൻ ഹാദി മതറിന്റെ സ്വഭാവത്തിനാണ് ലെബനാനിൽ തന്റെ പിതാവിന്റെ അടുത്ത് പോയിവന്ന ശേഷം മാറ്റമുണ്ടായതെന്ന് മാതാവ് പറയുന്നു.

2018ലാണ് ഹാദി മതർ ലെബനാൻ സന്ദർശിച്ചത്. തിരികെ വന്ന ശേഷം അവൻ ആകെ അന്തർമുഖനും വിഷണ്ണനുമായിരുന്നു. അവനെ പഴയ അവസ്ഥയിലേക്ക് തിരികെകൊണ്ടുവരാമെന്നും വിദ്യാഭ്യാസം പൂർത്തിയാക്കാമെന്നും ബിരുദത്തിനു ശേഷം ജോലിക്ക് വിടാമെന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവൻ മുറി പൂട്ടി ഒറ്റയ്ക്കിരിക്കുകയാണ് ചെയ്തത്. അവന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റമുണ്ടായി. അവൻ മാസങ്ങളായി എന്നോടോ അവന്റെ സഹോദരിമാരോടോ സംസാരിച്ചിരുന്നില്ല- 46കാരിയായ മാതാവ് വിശദമാക്കി.

'അവൻ കിടക്കുന്ന ഭാഗത്തേക്ക് പ്രവേശിക്കാൻ പോലും എന്നെ സമ്മതിച്ചിരുന്നില്ല. ആ നിലതന്നെ പൂട്ടിയിരിക്കുകയായിരുന്നു. പകൽ ഉറങ്ങുകയും രാത്രി ഉണർന്നിരിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അവന്'- മാതാവ് പറയുന്നു. ആക്രമണത്തെ കുറിച്ച് അറിയിക്കാൻ മകൾ വിളിച്ചപ്പോഴാണ് റുഷ്ദി എന്ന വ്യക്തിയെ കുറിച്ചുതന്നെ താൻ അറിയുന്നതെന്നും അതുവരെ അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടില്ലെന്നും മാതാവ് പറഞ്ഞു.

'ഞാൻ അദ്ദേഹത്തിന്റെ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. അങ്ങനെയൊരു എഴുത്തുകാരൻ ഉണ്ടെന്നുതന്നെ എനിക്കറിയില്ലായിരുന്നു. എന്റെ മകനും അദ്ദേഹത്തിന്റെ പുസ്തകം വായിച്ചിട്ടുണ്ടോയെന്ന് അറിയില്ല'- മാതാവ് മനസുതുറന്നു. എനിക്ക് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ കൂടിയുണ്ട്. അവരെ എനിക്ക് നോക്കണം. അവർ അസ്വസ്ഥരാണ്. ഞെട്ടിയിരിക്കുകയാണ്. ഇനിയുള്ള കാലം അവനില്ലാതെ ഞങ്ങൾ ജീവിക്കും. അവന്റെ പ്രവൃത്തികൾക്ക് ഉത്തരവാദി അവൻ മാത്രമാണ്'- മാതാവ് കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ചയാണ് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റത്. ന്യൂയോർക്കിൽ ഷിറ്റാഗോ ഇൻസ്റ്റിറ്റിയൂഷനിൽ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവതാരകൻ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടെ അക്രമി സ്റ്റേജിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 15ഓളം തവണയാണ് അക്രമി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്നു റുഷ്ദി. ആരോഗ്യനിലയിലുണ്ടായ പുരോഗതിയെ തുടർന്ന് ഇന്നലെ വെന്റിലേറ്ററിൽനിന്നു മാറ്റി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചതായും എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതി ഹാദി മതർ കുറ്റം നിഷേധിച്ചെങ്കിലും ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. അക്രമിയുടെ പശ്ചാത്തലത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News