വൈറൽ ഫോട്ടോ തുണയായി; കാൽ നഷ്ടപ്പെട്ട മുൻസിറും ജന്മനാ കൈകാലുകളില്ലാത്ത മകനും ഇനി ഇറ്റലിയിൽ

'ജീവിതത്തിന്റെ കാഠിന്യം' എന്ന പേരിൽ പ്രസിദ്ധീകരിപ്പെട്ട ചിത്രം ജീവിതത്തിന്റെ സൗകര്യങ്ങളിലേക്ക് ഇവരെ കൊണ്ടുപോകുകയാണ്

Update: 2022-01-22 15:31 GMT
Advertising

വൈറൽ ഫോട്ടോ തുണയായതോടെ കാൽ നഷ്ടപ്പെട്ട മുൻസിറുൽ നസ്സലും ജന്മനാ കൈകാലുകളില്ലാത്ത മകൻ മുസ്തഫയടക്കമുള്ള കുടുംബവും ഇനി ഇറ്റലിയിൽ കഴിയും. ബോംബാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട സിറിയൻ പൗരൻ മുൻസിർ തന്റെ കുഞ്ഞു മകനെ വാനിലേക്കുയർത്തി നിൽക്കുന്ന ഫോട്ടോ അവാർഡ് നേടിയതോടെ ഇവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നത്. സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ ബാക്കിപത്രങ്ങളിലൊന്നായി ഇവരുടെ ജീവിതം ചോദ്യഛിന്നമായിരിക്കെയാണ് മാലാഖയെപ്പോലെ തുർക്കിഷ് ഫോട്ടോഗ്രാഫറായ മെഹമത് അസ്‌ലാനെത്തിയത്. അദ്ദേഹത്തിന്റെ കാമറക്കണ്ണുകൾ ഒപ്പിയെടുത്ത ഇവരുടെ ദൈന്യത സിയെന അവാർഡിൽ കഴിഞ്ഞ വർഷത്തെ ഫോട്ടോയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് സിറിയയിൽ നിന്ന് പലായനം ചെയ്ത് തുർക്കിയിലെത്തിയ ഇവരെ ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ സിയെന അന്താരാഷ്ട്ര ഫോട്ടോ അവാർഡ്‌സ് സംഘാടകർ വഴിയൊരുക്കിയത്.

'ഈ അവസരം ഒരുക്കിയതിന് നന്ദി, ഞങ്ങൾ വരുന്നു' എന്നാണ് ആറു വയസ്സുകാരൻ മുസ്തഫ ഒരു വിഡിയോയിൽ പ്രതികരിച്ചത്. മുസ്തഫയും പിതാവും കൂടാതെ ഒന്നും നാലും വയസ്സുള്ള രണ്ടു പെൺമക്കളും മാതാവും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. 'ജീവിതത്തിന്റെ കാഠിന്യം' എന്ന പേരിൽ പ്രസിദ്ധീകരിപ്പെട്ട ചിത്രം ഏതായാലും ജീവിതത്തിന്റെ സൗകര്യങ്ങളിലേക്ക് ഇവരെ കൊണ്ടുപോകുകയാണ്. പിതാവിനും മകനും ചികിത്സ നൽകുന്നതിനടക്കം ഇറ്റലിയിൽ പലരുംമുന്നോട്ടുവരുന്നുണ്ട്.

സിറിയൻ യുദ്ധക്കാലത്ത് വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ഗർഭിണിയായ മാതാവ് കഴിച്ച മരുന്നുകളാണ് മുസ്തഫയുടെ ജനിതക വൈകല്യത്തിൽ കലാശിച്ചത്. സ്വയം കാര്യങ്ങൾ ചെയ്യാൻ ദീർഘകാലത്തെ ചികിത്സകൾ വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്.

With the help of the viral photo, Munsirul Nassal, who lost his leg, and his family, including his son Mustafa, who was born without limbs, can now live in Italy.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News