ഒരേസമയം ഒരാൾക്ക് കോവിഡും എച്ച്.ഐ.വിയും മങ്കിപോക്‌സും; ലോകത്ത് ആദ്യം

ആദ്യമായാണ് ഒരാളിൽ തന്നെ ഇത്രയും രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Update: 2022-08-25 06:51 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോര്‍ക്ക്: ടെസ്റ്റ് ചെയ്തപ്പോൾ ഒരേസമയം ഒരാൾക്ക് കോവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും. ഇറ്റലിയിൽ നിന്നാണ് റിപ്പോർട്ട്. സ്‌പെയ്‌നിൽ നിന്ന് തിരിച്ചെത്തിയതാണ് 36കാരൻ. അഞ്ച് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് ഇയാൾ സ്‌പെയ്‌നിലേക്ക് പോയിരുന്നത്. തിരിച്ചെത്തിയപ്പോൾ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ മൂന്നു രോഗങ്ങളും ഇയാളിൽ കണ്ടത്. ലോകത്ത് തന്നെ ആദ്യമായാണ് ഒരാളിൽ തന്നെ ഇത്രയും രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

സ്‌പെയ്‌നിൽ നിന്ന് എത്തി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് പനിയും തലവേദനയും അനുഭവപ്പെട്ടത്. സ്‌പെയ്‌നിൽവെച്ച് ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ആളുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ജൂൺ 16 മുതൽ 20 വരെയാണ് ഇയാൾ സ്‌പെയ്‌നിൽ കഴിഞ്ഞിരുന്നത്. ജൂലൈ രണ്ടിനാണ് ഇയാൾ കോവിഡ് ബാധിതനാണെന്ന് വ്യക്തമായത്. അന്ന് ഉച്ചയോടെ ഇദ്ദേഹത്തിന്റെ ഇടം കയ്യിൽ തടിപ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വേദന രൂക്ഷമായതോടെ നടത്തിയ ടെസ്റ്റിലാണ് മങ്കിപോക്‌സ് ആണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ എച്ച്.ഐവി ബാധിതാനാണെന്നും തെളിഞ്ഞു.

അതേസമയം ഇയാൾ കോവിഡിൽ നിന്നും മങ്കിപോക്‌സിൽ നിന്നും ഇപ്പോൾ മുക്തനായിട്ടുണ്ട്. ആശുപത്രി വിട്ട ഇദ്ദേഹത്തെ ഹോം ഐസൊലേഷനിൽ വിടുകയായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ ചികിത്സയെടുത്താല്‍ അപകടങ്ങളൊഴിവാക്കാമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. പുതിയ പഠനങ്ങള്‍ക്കാണ് ഇദ്ദേഹത്തിന്റെ രോഗം വഴിതുറന്നത്. മാരകമായേക്കാവുന്ന വൈറസുകള്‍ എങ്ങനെയാണ് ഒരാളുടെ ശരീരത്തില്‍ ഒരേസമയം പ്രവര്‍ത്തിക്കുക എന്നതിനെക്കുറിച്ച് വിശദമായി പഠിക്കാനൊരുങ്ങുകയാണ് ശാസ്ത്രലോകം. 

മെയ് മാസത്തിൽ ലോകമെമ്പാടും ഏകദേശം 32,000 മങ്കിപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെയിൽ 3,000-ത്തിലധികവും യുഎസിൽ 10,000 പേരാണ് മങ്കിപോക്സിന് ചികിത്സ തേടിയിരുന്നത്. നേച്ചർ മെഡിസിൻ നടത്തിയ പുതിയ ഗവേഷണത്തിന്റെ ഭാഗമായി, ശാസ്ത്രജ്ഞർ നിലവിലുള്ള മങ്കിപോക്സ് വൈറസിന്റെ ഡിഎൻഎ സ്ട്രെയിൻ പരിശോധിച്ചപ്പോൾ നൈജീരിയയിൽ 2018-19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നിലെ ഒരു സ്‌ട്രെയിനുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News