രക്തത്താൽ മായ്ക്കപ്പെടുന്നവർ; കുടപിടിക്കുന്നവരും കൂട്ടാളികളും

ട്രംപിന്റെ 20-ഇന കരാർ ചെയ്യുന്നത്, ഫലസ്തീൻ ജനതയുടെ സ്വയം നിർണായവകാശം ഇല്ലാതാക്കി, അവരെ ഒരു ട്രംപും ബ്ലെയറും ഉൾപ്പെട്ട അന്താരാഷ്ട്ര സമതിയുടെ നിയന്ത്രണത്തിലാക്കുകയാണ്. അതിനാണ് അറബ് രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2025-10-07 07:56 GMT
Editor : RizwanMhd | By : RizwanMhd

ഒരു അനീതി നടന്നുകഴിഞ്ഞാൽ ആ നഗരം രാത്രി തീരും മുമ്പെ കത്തിച്ചാമ്പലകണമെന്ന കവി വചനം, നീതിയോടുള്ള അഗാധമായ പ്രതിബന്ധതയാണ്. എന്നാൽ കവി വചനങ്ങളിലെ ഭവാനലോകമല്ല, യഥാർത്ഥ ലോകക്രമം. യഥാർത്ഥ ലോകക്രമത്തിന്റെ തനിസ്വരൂപം എന്തെന്നതിന്റെ വർത്തമാനകാല തെളിവാണ് ഗസ്സ. ചരിത്രത്തിൽ നടന്ന ഒരു വലിയ അനീതി, വംശഹത്യയിലേക്ക് നയിച്ചതെങ്ങനെയെന്ന് ലോകം കണ്ടുനിന്ന രണ്ടാണ്ടുകളാണ് കടന്നുപോയത്.

 മധ്യ ഗസ്സയിലെ നുസീറിയത്തിലെ വിതരണ കേന്ദ്രത്തിൽനിന്ന് ലഭിച്ച മാനുഷിക സഹായ പാക്കേജുകളുമായി ആളുകൾ നടന്നുനീങ്ങുന്നു | Photo | Eyad Baba 
Advertising
Advertising

 

ഫലസ്തീൻ ജനതയെ കൊന്നൊടുക്കി ഇല്ലാതാക്കുന്ന, ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അധികാര പ്രയോഗത്തിനെതിരെ ലോകം മുഴുവൻ പ്രതിഷേധം അലയടിച്ചതു നമ്മൾ കണ്ടു. എന്നാൽ ലോകത്തെ നിയന്ത്രിക്കുന്ന ഭരണകൂടങ്ങൾ മാത്രം, കൊടുക്രുരതയുടെ കാഴ്ചക്കാരും, അതിന്റെ സ്‌പോൺസറുമായി. ഇപ്പോൾ, ഒരു കരാർ അമേരിക്ക അവതരിപ്പിച്ചിരിക്കുന്നു. ഒന്നുകിൽ സ്വീകരിക്കുക, അല്ലെങ്കിൽ അന്തിമവിധിയ്ക്കായി കാത്തുകൊള്ളൂ, എന്നാണ് ട്രംപ് പറയുന്നത്.

ആ കരാർ ചെയ്യുന്നത്, ഫലസ്തീൻ ജനതയുടെ സ്വയം നിർണായവകാശം ഇല്ലാതാക്കി, അവരെ ഒരു ട്രംപും ബ്ലെയറും ഉൾപ്പെട്ട അന്താരാഷ്ട്ര സമതിയുടെ നിയന്ത്രണത്തിലാക്കുകയാണ്. അതിനാണ് അറബ് രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഒരു ജനതയ്ക്ക് മേൽ നടത്തികൊണ്ടിരിക്കുന്ന ക്രൂരമായ അധിനിവേശത്തിനും വംശഹത്യയ്ക്കും ലോകം കൈയൊപ്പു ചാർത്തുന്നു? ട്രംപിന്റെ പ്ലാനിൽ ഫലസ്തീനായി എന്തെങ്കിലുമുണ്ടോ?

Photo | THE WEEK 

 

നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ചിരിക്കുന്ന 20-ഇന സമാധാന പദ്ധതിയുടെ ആകെത്തുക ഹമാസിന്റെ നിരായുധീകരണമാണ്. ഹമാസിന്റെ ആയുധങ്ങൾ ഡീക്കമ്മീഷൻ ചെയ്യണം. അങ്ങനെയെങ്കിൽ അവർക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാനോ അല്ലെങ്കിൽ ഗസ്സയിൽ തന്നെ കഴിയാനോ ഉള്ള അവസരം ലഭിക്കും. അങ്ങനെ പോകുന്നുണ്ട് പുതിയ കരാർ.

2023 ഒക്ടോബർ ഏഴിലെ ആക്രമണം മുതൽ ഇസ്രായേലും പടിഞ്ഞാറൻ രാജ്യങ്ങളും സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യമാണ്; പശ്ചിമേഷ്യയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഹമാസ് ആണെന്നത്. ഒക്ടോബർ ഏഴും തുടർന്നുള്ള വംശഹത്യക്കും കാരണക്കാർ ഹമാസ് മാത്രമാണെന്ന പ്രചാരണം അവർ കൊണ്ടുപിടിച്ച് നടത്തുകയും ചെയ്തിരുന്നു. അതിനെ സാധൂകരിക്കാനാണ് പുതിയ കരാറും ശ്രമിക്കുന്നത്.

Photo | Anadolu Agency

 

വാദത്തിന് ഇതെല്ലം അംഗീകരിച്ചാൽ പോലും, വെസ്റ്റ് ബാങ്കിലെ ഇസ്രായേലി ക്രൂരതകൾ, ചോദ്യചിഹ്നമായി നമുക്ക് മുന്നിലുണ്ടാകും. ഹമാസിന് വലിയ സ്വാധീനമില്ലാത്ത വെസ്റ്റ് ബാങ്കിൽ, കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആയിരത്തിലേറെ പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. സൈന്യവും അവരുടെ സഹായത്തോടെ ഇസ്രായേലി കുടിയേറ്റക്കാരുമാണ് ഈ അതിക്രമങ്ങൾക്കെല്ലാം പിന്നിൽ. അവിടെയാകട്ടെ പുതിയ കുടിയേറ്റ സെറ്റിൽമെന്റുകൾക്കുള്ള പദ്ധതികളും ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ ആ വാദത്തിന്റെ പ്രസക്തിയും ഇതിൽനിന്നുതന്നെ മനസിലാക്കാവുന്നതേ ഉള്ളു.

നിലവിലെ 20-ഇന സമാധാന പദ്ധതിയിൽ ഫലസ്തീനായി എന്തെങ്കിലുമുണ്ടോ എന്ന ചർച്ചയിലേക്ക് വരും മുൻപ്, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപെന്ന കൗശലക്കാരന്റെ കുശാഗ്രബുദ്ധിയുടെ കഥ കൂടി പറയാം. 2025 സെപ്റ്റംബർ 23 നാണ് ട്രംപ്, എട്ട് അറബ്- മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കളുമായി ന്യൂയോർക്കിലൊരു കൂടിക്കാഴ്ച നടത്തുന്നത്. ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള കരട് പദ്ധതി, അതായത് നിലവിലെ 20 ഇന പദ്ധതിയുടെ ആദ്യ രൂപം, അന്നവിടെ ട്രംപ് അവതരിപ്പിച്ചു. അതിനു ആ യോഗം അംഗീകാരം നൽകുകയും ചെയ്തു.

Photo | AFP

 

പിന്നീട്, സെപ്റ്റംബർ 29നു വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആ പദ്ധതി അംഗീകരിച്ചുവെന്നും ട്രംപ് പ്രഖ്യാപിച്ചു. പദ്ധതിയെ സ്വാഗതം ചെയ്യുന്ന പ്രസ്താവനയിൽ അറബ്-മുസ്‌ലിം രാജ്യങ്ങളുടെയെല്ലാം പേരുകൾ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ട്വിസ്റ്റ് എവിടെയാണെന്ന് വെച്ചാൽ, അറബ്- മുസ്‌ലിം രാജ്യങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച പദ്ധതിയായിരുന്നില്ല, അന്നവിടെ ഉയർത്തിക്കാട്ടിയത്. സെപ്റ്റംബർ 23ൽ നിന്ന് സെപ്റ്റംബർ 29 എത്തിയപ്പോഴേക്കും, കരട് രേഖയെ ട്രംപും നെതന്യാഹുവും ചേർന്ന് പൊളിച്ചെഴുതിയിരുന്നു. അറബ്- മുസ്‌ലിം രാജ്യങ്ങളുടെ അംഗീകാരം ലഭിച്ച പദ്ധതിയെ അടിമുടി ഇരുവരും ചേർന്ന് വെട്ടിനിരത്തുകയായിരുന്നു. എന്നിട്ട് തന്റെ പ്രിയങ്കരനായ നെതന്യാഹുവിന് അതിൽ വേണ്ട തിരുത്തലുകൾ വരുത്താൻ ട്രംപ് അനുവാദവും നൽകി.

സൈനികക്കരുത്ത് ഉപയോഗിച്ച് രണ്ടുവർഷം കൊണ്ട് നേടാനാകാത്ത ലക്ഷ്യങ്ങളാണ് ട്രംപ് ഈയൊരു പദ്ധതിയിലൂടെ നെതന്യാഹുവിന് താലത്തിൽ വച്ച് നീട്ടുന്നത്


വെട്ടിമാറ്റപ്പെട്ട നീതി

ട്രംപിന്റെ മരുമകൻ ജാരേദ് കുഷ്‌നർ, പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, നെതന്യാഹു എന്നിവർ പങ്കെടുത്ത ആറുമണിക്കൂർ നീണ്ട ചർച്ചയിലായിരുന്നു ആ വെട്ടിത്തിരുത്തലുകളെല്ലാം നടന്നത് എന്നാണ് റിപോർട്ടുകൾ. ബന്ദികളെ കൈമാറുന്നതിനുള്ള സമയപരിധി, സഹായ വിതരണം, മോചിപ്പിക്കപ്പെടുന്ന ഫലസ്തീൻ തടവുകാരുടെ എണ്ണം, ഇന്റർനാഷണൽ സ്റ്റബിലൈസേഷൻ ഫോഴ്‌സിന്റെ പ്രവർത്തനം , ഇസ്രായേൽ സൈന്യം പിന്മാറ്റം, ഇവയിലെല്ലാം ഇസ്രയേലിന്റെ താത്പര്യങ്ങൾ എന്തൊക്കെയാണോ, അതൊക്കെയായിരുന്നു എഴുതിച്ചേർക്കപ്പെട്ടത്.


ജാരേദ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് | Photo | Axios


 


കരട് രേഖയിൽനിന്ന് നിലവിലെ പദ്ധതിയിലേക്ക് എത്തുമ്പോൾ, ഫലസ്തീനികളുടെ അവകാശമായി ഉൾപ്പെടുത്തിയിരുന്ന ഫലസ്തീൻ രാഷ്ട്രവും അവരുടെ സ്വയം നിർണയാവകാശവും 'അഭിലാഷം' മാത്രമായി മാറി. ഇസ്രായേൽ- ഫലസ്തീൻ പ്രശ്നത്തിന്റെ അടിസ്ഥാന പ്രശ്നത്തെ പോലും സംബോധന ചെയ്യാതെ, ഫലസ്തീനികളുടെ കേവല നീതിയെ കൂടി റദ്ദ് ചെയ്യുന്നുണ്ട് ഇവിടെ.ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഇസ്രായേലി സൈന്യം നിശ്ചിത പ്രദേശങ്ങളിലേക്ക് പിൻവാങ്ങണമെന്ന് കരട് രേഖയിൽ നിബന്ധന ഉണ്ടായിരുന്നെകിൽ ഇപ്പോഴത് "ഇസ്രായേൽ സൈന്യത്തിന് സമ്മതമുള്ള രേഖയിലേക്ക് പിൻവാങ്ങും" എന്ന് മാത്രമായി ചുരുങ്ങിയിരിക്കുന്നു.

Photo | File: Israeli Army/Handout via Reuters

 

എപ്പോൾ, എന്ന്, എവിടെ- അങ്ങനെ ഗസ്സയിൽനിന്നുള്ള പിന്മാറ്റത്തിന്റെ തീരുമാനങ്ങളെല്ലാം എടുക്കുക ഇസ്രായേൽ ആയിരിക്കും. ഗസ്സ സുരക്ഷിതമായിട്ടില്ല എന്ന് അവർക്ക് തോന്നുകയാണെങ്കിൽ പിൻവാങ്ങേണ്ടതില്ല എന്ന് തീരുമാനിക്കാനുള്ള സാധുതയും നിലവിലെ കരാർ ഇസ്രായേലിന് നൽകുന്നുണ്ട്. ഓരോദിവസവും എത്തേണ്ട സഹായവിതരണങ്ങളുടെ തോത് പോലും നിശ്ചയിക്കുക ഇസ്രായേൽ ആയിരിക്കും. അതിനുപോലും കൃത്യമായ കണക്ക് നിശ്ചയിച്ചിട്ടില്ല ട്രംപിന്റെ 20 ഇന സമാധാന പദ്ധതി. കരട് രേഖയിൽ പക്ഷെ ഈ വിഷയങ്ങൾക്കെല്ലാം കൃത്യമായ വ്യവസ്ഥയുണ്ടായിരുന്നു.

 

Photo | Reuters

ഇനിയിപ്പോൾ ഗസ്സയിൽനിന്ന് ഇസ്രായേൽ ഒരുപരിധി വരെ പിന്മാറുമെന്ന് വിശ്വസിച്ചാലും, അധികാരം ഫലസ്തീനികൾക്കാകില്ല കൈമാറുക. പകരം ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയറും ചേർന്ന ഒരു അന്തർദേശീയ അതോറിറ്റിയായ 'ബോർഡ് ഫോർ പീസി'നായിരിക്കും ചുമതല. അതായത് പിന്മാറിയാലും ഇസ്രായേലിന്റെ അടുപ്പക്കാർ തന്നെ ഗസ്സയിൽ ഭരണം നടത്തുമെന്ന് ചുരുക്കം. ഫലസ്തീൻ ജനതയുടെ അന്തസോടെയുള്ള വർത്തമാന-ഭാവി ജീവിതത്തെ ബാധിക്കുന്ന ഈ പദ്ധതി തയ്യാറാക്കപ്പെട്ടത് അവരുടെ പ്രതിനിധ്യമില്ലാതെയാണ് എന്നയിടത്ത് വലിയൊരു അനീതികൂടി നിഴലിച്ച് നിൽക്കുന്നുണ്ട്. വേട്ടക്കാരനൊപ്പം അണിചേർന്ന് ഇരകളായ ഫലസ്തീനികളുടെ ദുരിതം ഇരട്ടിയാക്കാൻ രൂപപ്പെടുത്തിയെടുത്ത ഒന്ന്, അത്രമാത്രമാണ് ട്രംപിന്റെ 20 ഇന പദ്ധതിയെന്ന് പറയേണ്ടി വരും ഇവിടെ.

Photo | Eyad Baba/AFP/Getty Images

 

ഫലസ്തീൻ രാഷ്ട്രമെന്ന അവകാശം അഡ്രസ് ചെയ്യപ്പെടാതെ, ഇസ്രായേലിന്റെ ഇതുവരെയുള്ള വംശഹത്യയ്ക്ക് അവരെ കുറ്റക്കാരാക്കാതെ, ഇരകളായിരുന്ന മനുഷ്യരെ തന്നെ കുറ്റക്കാരായി ചിത്രീകരിക്കുന്ന ഈ പദ്ധതി അതുകൊണ്ടുതന്നെ തീർത്തും വഞ്ചനാപരമെന്ന് ഭാവി വിലയിരുത്തിയേക്കാം.

ട്രംപും നെതന്യാഹുവും | Photo | AFP

 

സൈനികക്കരുത്ത് ഉപയോഗിച്ച് രണ്ടുവർഷം കൊണ്ട് നേടാനാകാത്ത ലക്ഷ്യങ്ങളാണ് ട്രംപ് ഈയൊരു പദ്ധതിയിലൂടെ നെതന്യാഹുവിന് താലത്തിൽ വച്ച് നീട്ടുന്നത്. അതിനെയാണ്, സമാധാനം പുലർത്താനെന്ന പേരിൽ ലോകരാജ്യങ്ങൾ ഒന്നടങ്കം സ്വീകരിക്കുന്നതും. രണ്ടുവർഷം നീണ്ട വംശഹത്യയെ സഹിച്ച ഗസ്സയിലെ ജനതയോട് ലോകം ചെയ്യുന്ന വഞ്ചനയുടെ കഥ കൂടിയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ലോകം മുഴുവൻ ഒന്നടങ്കം ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തുമ്പോഴാണ് രാഷ്ട്രനേതാക്കളുടെ ഈ പ്രവൃത്തികളെന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.

ഒരു ജനതയുടെ ചെറുത്തുനിൽപ്പ് വിഫലമാകുമോ? നീതിയ്ക്ക് വേണ്ടിയുള്ള ചെറുത്തുനിൽപ്പുകൾ പൂർണമായി പാഴായി പോകില്ലെന്ന ചരിത്ര അനുഭവങ്ങളുണ്ട്. വംശ മഹിമയിൽ അഭിരമിക്കുന്ന ഏത് തീവ്ര വലതുനേതാവും കാലത്താൽ തോൽപ്പിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ കൊടു അനീതിയും അതിക്രമവും നടക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന ലോകത്തെ ഭാവി ചരിത്രം എങ്ങനെ വിലയിരുത്തും. ചരിത്രം ആരൊക്കെയാണ് കുറ്റവാളികളെന്ന് വിധിക്കുക?

Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - RizwanMhd

contributor

Similar News