മുതിർന്ന ഹമാസ് നേതാവ് ഹസീം അവ്‌നി നയീമിനെ വധിച്ചതായി ഇസ്രായേൽ സൈന്യം
ഹമാസ് കമാൻഡർ ഇസ് അൽ-ദിൻ ഹദ്ദാദിന്റെ അടുത്ത അനുയായിയാണ് ഹസീം അവ്‌നി നയീമെന്നും ഐഡിഎഫ് പറയുന്നു
ഗസ്സസിറ്റി: ഹമാസ് നേതാവ് ഹസീം അവ്‌നി നയീമിനെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സയിൽ മൂന്ന് ഇസ്രായേലി തടവുകാരെ തടവിലാക്കിയതായി ആരോപിക്കപ്പെടുന്ന നേതാവാണ് ഹലീം അവ്നി നയീം.കഴിഞ്ഞയാഴ്ചയാണ് ഗസ്സ സിറ്റിയില്‍ വെച്ച് ഹസീം അവ്‌നി നയീമിനെ വധിച്ചതെന്ന് ഐഡിഎഫും ഷിൻ ബെറ്റും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.ഇസ്രായേലികളായ എമിലി ദമാരി, റോമി ഗോണൻ, നാമ ലെവി എന്നിവരെയാണ് ഇയാള്‍ ബന്ദിയാക്കിയിരുന്നതെന്നും സൈന്യം പറയുന്നു. ഹമാസ് കമാൻഡർ ഇസ് അൽ-ദിൻ ഹദ്ദാദിന്റെ അടുത്ത അനുയായിയാണ് ഹസീം അവ്‌നി നയീമെന്നും ഐഡിഎഫ് പറയുന്നു.
അതേസമയം,ഗസ്സയില്‍ ഇസ്രായേലിന്‍റെ നരഹത്യ തുടരുകയാണ്.105 പേരാണ് കഴിഞ്ഞദിവസം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ നടത്തിയ ആക്രമണത്തിലാണ് ഫലസ്തീനികൾ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ 32 പേർ സഹായകേന്ദ്രത്തില്‍ വരി നില്‍ക്കുന്നവരായിരുന്നു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനടുത്തുള്ള അൽ-മവാസിയിലെ ജലവിതരണ കേന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വരിനിന്ന കുട്ടികളടക്കം കൊല്ലപ്പെട്ടു.ഗസ്സ സിറ്റിയിൽ, അൽ-അഫ് കുടുംബവീടിനു നേരെ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു.മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ,ഗസ്സയില്‍ പട്ടിണിമൂലം ഇന്നലെ മരിച്ചത് 13 പേരാണ്.ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 361 ആയി.
ഫലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്നും യുഎന്നിൽ ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും ബെൽജിയം വിദേശകാര്യമന്ത്രി പറഞ്ഞു.