വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സാസിൽ എണ്ണ ശുദ്ധീകരണശാല ആരംഭിക്കാൻ പദ്ധതിയിടുന്നതായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പദ്ധതിക്കായി നിക്ഷേപം നടത്തിയ ഇന്ത്യൻ വ്യവസായ ഗ്രൂപ്പ് റിലയൻസിന് ട്രംപ് നന്ദി അറിയിച്ചു. അമേരിക്കൻ ഊർജ ഉൽപാദനം വർധിപ്പിക്കാനാണ് നീക്കമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
കഴിഞ്ഞ 50 വർഷത്തിനിടെ അമേരിക്കയിൽ നിർമിക്കുന്ന ആദ്യത്തെ പുതിയ ഓയിൽ റിഫൈനറിയാണിതെന്ന് ട്രംപ് അവകാശപ്പെട്ടു. ടെക്സസിലെ ബ്രൗൺസ്‌വില്ലിലാണ് എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നത്. ഇറാൻ-അമേരിക്ക സംഘർഷം മൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ കാരണം ആഗോള എണ്ണ വിതരണം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, സ്വന്തം രാജ്യത്ത് തന്നെ ഉൽപാദനം വർധിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും 'ക്ലീൻ' ആയ റിഫൈനറി ആയിരിക്കും ഇതെന്ന് ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഷെയ്ൽ ഓയിൽ (Shale oil) സംസ്കരിക്കുന്നതിനായിരിക്കും പ്ലാന്‍റ് മുൻഗണന നൽകുന്നത്. ട്രംപ് പ്രഖ്യാപിച്ച പുതിയ ഓയിൽ റിഫൈനറി യഥാർഥത്തിൽ 2024 ജൂണിൽ 'എലമെന്‍റ് ഫ്യൂവൽസ്' എന്ന കമ്പനി വിഭാവനം ചെയ്ത അതേ പദ്ധതിയാണ്.2024 ജൂണിൽ തന്നെ ഈ പദ്ധതിക്കാവശ്യമായ സ്ഥലം ഒരുക്കുന്ന ജോലികളും നിർമാണത്തിനുള്ള പ്രധാന അനുമതികളും കമ്പനി സ്വന്തമാക്കിയിരുന്നു.
എലമെന്‍റ് ഫ്യൂവൽസിന്‍റെ വെബ്സൈറ്റ് ഇപ്പോൾ 'അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്' എന്ന പുതിയ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുന്നു. റിലയൻസിന്‍റെ നിക്ഷേപത്തോടെ ഈ പേരിൽ പദ്ധതി യാഥാർഥ്യമാകുമെന്ന് ട്രംപ് വ്യക്തമാക്കി. പ്രതിദിനം ഏകദേശം 1,60,000 ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്‍റ്.
അമേരിക്കയിലെ ഈ വൻകിട നിക്ഷേപത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് പ്രതിനിധികളെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ലെന്ന് എൻഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഊർജ വകുപ്പ് (Energy Department) ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായില്ല. പകരം വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾക്കായി വൈറ്റ് ഹൗസിനെ സമീപിക്കാനായിരുന്നു നിര്‍ദേശം.
അമേരിക്കയെ ലോകത്തെ ഏറ്റവും വലിയ ഊർജ ഉൽപാദക രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ 'യുഎസ് എനർജി ഡോമിനൻസ്' എന്ന നയമാണ് ട്രംപ് ഭരണകൂടം പിന്തുടരുന്നത്. എണ്ണ, പ്രകൃതിവാതകം, കൽക്കരി എന്നിവയുടെ ആഭ്യന്തര ഉൽപാദനം പരമാവധി വർധിപ്പിക്കുക എന്നതാണ് ഈ നയത്തിന്‍റെ കാതൽ.