ഗസ്സ സിറ്റിയിൽ കണ്ണുനട്ട് ഇസ്രായേൽ, പലായനം ചെയ്തത് പതിനായിരങ്ങൾ

ഫലസ്തീനു നേരെ ഇസ്രായേൽ അക്രമണം തുടങ്ങുന്ന സമയം ഏകദേശം 10 ലക്ഷത്തോളം ആളുകളാണ് ഗസ്സ സിറ്റിയിലുണ്ടായിരുന്നത്. 4,50,000 ത്തോളം ആളുകൾ നിലവിൽ പലായനം ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു

Update: 2025-09-20 04:56 GMT

തെൽ അവീവ്: ഇസ്രായേലിന്റെ കരയാക്രമണത്തിൽ ഗസ്സ സിറ്റിയിൽ നിന്ന് പലായനം ചെയ്തത് പതിനായിരക്കണക്കിനാളുകൾ. രണ്ട് വർഷത്തെ യുദ്ധത്തിനിടയിൽ ഗസ്സ സിറ്റിയിൽ ഇസ്രായേൽ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഒരിക്കലും തിരിച്ച് വരാനാകാത്ത രീതിയിലാണ് ഗസ്സ സിറ്റിയിൽ നിന്ന് ആളുകൾ പലായനം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇസ്രായേൽ കരയാക്രമണത്തെക്കുറിച്ച് 'ഗസ്സ കത്തുന്നു'വെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാട്സ് പ്രതികരിച്ചത്. കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി പലായനം ചെയ്യുന്ന ഫലസ്തീനികളുടെ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെക്കുന്നത്. ഗസ്സ സിറ്റി ഏറ്റെടുക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ച ആദ്യ നാളുകളിൽ ഗസ്സ സിറ്റിയിൽ തന്നെ തങ്ങാൻ നിരവധിപ്പേർ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ ബോംബാക്രമണത്തിലൂടെ കൂടുതൽ പേരും തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുകയാണ്.

Advertising
Advertising

ഫലസ്തീനു നേരെ ഇസ്രായേൽ അക്രമണം തുടങ്ങുന്ന സമയം ഏകദേശം 10 ലക്ഷത്തോളം ആളുകളാണ് ഗസ്സ സിറ്റിയിലുണ്ടായിരുന്നത്. 4,50,000 ത്തോളം ആളുകൾ നിലവിൽ പലായനം ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതേസമയം, ഗസ്സ സിറ്റി പിടിച്ചടക്കണമെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ശനിയാഴ്ച മാത്രം 43 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൻറെ പട്ടിണിക്കൊലയിൽ കുഞ്ഞുങ്ങളടക്കം 441 പേരുടെ ജീവനാണ് പൊലിഞ്ഞത്. വെസ്റ്റ് ബാങ്കിലും ഇസ്രയേൽ അതിക്രമം രൂക്ഷമാണ്. 24 മാസങ്ങൾക്കിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളാണ് ഇസ്രായേൽ ഗസ്സ സിറ്റിക്ക് നേരെ നടത്തുന്നത്. വ്യോമാക്രമണത്തിനു പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്‌ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങളാണ് തകർക്കുന്നത്. ഇപ്പോഴും നിരവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News