വെറുതെ ചിരിച്ചാല്‍ മതി; കുഞ്ഞുങ്ങള്‍ക്ക് ജോലിയും ശമ്പളവും നല്‍കി ജപ്പാന്‍

സതേൺ ജപ്പാനിലെ ഒരു നഴ്സിംഗ് ഹോമിലേക്കാണ് നാലു വയസ് വരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്

Update: 2022-09-01 05:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

ടോക്കിയോ: കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കത നിറഞ്ഞ മുഖവും പുഞ്ചിരിയും ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. ഒരു കുഞ്ഞു പുഞ്ചിരിയിലൂടെ അവര്‍ ലോകത്തെ മുഴുവനാണ് സന്തോഷിപ്പിക്കുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയെന്നത് ഒരു ജോലിയായി കുട്ടികള്‍ക്ക് നല്‍കിയിരിക്കുകയാണ് ജപ്പാന്‍. ജോലി ചെയ്യുന്നതിന് നല്ല ശമ്പളവും നല്‍കും.

സതേൺ ജപ്പാനിലെ ഒരു നഴ്സിംഗ് ഹോമിലേക്കാണ് നാലു വയസ് വരെയുള്ള കുട്ടികളെ ജോലിക്കാരായി എടുക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്. നഴ്സിംഗ് ഹോമിലെ പ്രായമായ അന്തേവാസികളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമാണ് കുഞ്ഞുങ്ങളുടെ ജോലി. പാല്‍പ്പൊടിയും നാപ്കിനുമാണ് ഈ കുട്ടികള്‍ക്കുള്ള ശമ്പളം. കുട്ടികളുടെ മാതാപിതാക്കള്‍ നഴ്സിംഗ് ഹോമുമായി കരാർ ഒപ്പിടണം. കുട്ടികൾക്ക് അവരുടെ മാനസികാവസ്ഥ അനുസരിച്ച് അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം ജോലിക്ക് വരാം. ജോലിയാണെങ്കിലും കുഞ്ഞുങ്ങളെ ഒന്നിനും ആരും നിര്‍ബന്ധിക്കാന്‍ പാടില്ല. കുഞ്ഞുങ്ങൾക്ക് ഇഷ്‌ടമുള്ളതെല്ലാം ചെയ്യാം. അവരുടെ ഇഷ്‌ടാനുസരണം ഉറക്കം വരുമ്പോൾ ഉറങ്ങുകയും വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യാം.

80നും 100നും ഇടയില്‍ പ്രായമുള്ള അന്തേവാസികളെയാണ് സന്തോഷിപ്പിക്കേണ്ടത്. രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടികള്‍ നഴ്സിംഗ് ഹോമിലെത്തേണ്ടത്. കുഞ്ഞുങ്ങള്‍ക്ക് പാർക്കിൽ വരുന്നതു പോലെ വന്ന് പോകാമെന്നാണ് നഴ്സിംഗ് ഹോം അധികൃതർ പറയുന്നത്. അമ്മമാർക്ക് എപ്പോഴും മക്കളോടൊപ്പം കഴിയാം. ജോലിയുടെ പരസ്യം കണ്ട് 30 കുട്ടികളുടെ രക്ഷിതാക്കൾ എത്തിയതായാണ് റിപ്പോർട്ട്. കുഞ്ഞുങ്ങളുമായുള്ള സഹവാസം അന്തേവാസികളില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് നഴ്സിംഗ് ഹോം അധികൃതര്‍ പറയുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News