അയൽരാജ്യത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ; കോഴിക്കോട് നിന്നുള്ള സംഘം നേപ്പാളിൽ കുടുങ്ങി
കോഴിക്കോട് നിന്നും വിനോദയാത്രക്ക് പോയ സംഘമാണ് നേപ്പാളിൽ കുടുങ്ങിയത്. റോഡിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഹോട്ടൽ മുറിയിലേക്ക് എത്താൻപോലും കഴിയാത്ത അവസ്ഥയിലാണ് ഇവർ
ന്യൂഡല്‍ഹി: കഠ്മണ്ഡുവിൽ ജനകീയ പ്രക്ഷോഭം ശക്തമായതിനാൽ നേപ്പാളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം. നേപ്പാളിൽ കഴിയുന്ന ഇന്ത്യക്കാർക്കായി പ്രത്യേക അഡ്വൈസറി പുറത്തിറക്കി. വിനോദ സഞ്ചാരികളായി എത്തിയ മലയാളി സംഘങ്ങളും നേപ്പാളിൽ കുടുങ്ങി.
പാര്‍ലമെന്റിനടക്കം തീയിട്ട ജനകീയ പ്രക്ഷോഭം കഠ്മണ്ഡുവിൽ വ്യാപിക്കുന്നതിനാൽ നേപ്പാളിൽ കഴിയുന്ന ഇന്ത്യക്കാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് എംബസി അഡ്വൈസറി പുറത്തിറക്കി. പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം, കുടുങ്ങിയവർക്ക് ടോൾ ഫ്രീ നമ്പറുകൾ നൽകി.
ഏകദേശം ആറു ലക്ഷത്തോളം ഇന്ത്യക്കാർ നേപ്പാളിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. കോഴിക്കോട് നിന്നും വിനോദയാത്രക്ക് പോയ സംഘമാണ് നേപ്പാളിൽ കുടുങ്ങിയത്. റോഡിൽ കുടുങ്ങി കിടക്കുന്നതിനാൽ ഹോട്ടൽ മുറിയിലേക്ക് എത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവർ.
നേപ്പാളിൽ അകപ്പെട്ട നാല്പതിലധികം വരുന്ന മലയാളികളെ ഉടൻ നാട്ടിലെത്തിക്കാൻ സഹായം ചെയ്യണമെന്ന് വിദേശ കാര്യമന്ത്രാലയത്തോട് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ആവശ്യപ്പെട്ടു . കഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ എയർ ഇന്ത്യ ,ഇൻഡിഗോ ,നേപ്പാൾ എയർലൈൻസ് എന്നീ കമ്പനികളുടെ വിമാനസർവീസ് നിർത്തിവച്ചു.