ഇന്ത്യയുടെ ദുരവസ്ഥയ്ക്ക് കാരണം തെറ്റായ അനുമാനങ്ങള്‍: ആന്‍റണി ഫൗചി

തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യം തുറന്നിട്ടത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു.

Update: 2021-05-12 09:09 GMT
Advertising

കോവിഡ് മഹാമാരിയെ അതിജീവിച്ചെന്ന തെറ്റായ അനുമാനമാണ് ഇന്ത്യയെ ഇപ്പോഴത്തെ ദുരവസ്ഥയിലെത്തിച്ചതെന്ന് അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ദനും ബൈഡന്‍ ഭരണകൂടത്തിലെ ആരോഗ്യ ഉപദേശകനുമായ ഡോ. ആന്‍റണി ഫൗചി. തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യം തുറന്നിട്ടത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെന്നും ഫൗചി സെനറ്റ് കമ്മിറ്റിക്കു മുമ്പാകെ പറഞ്ഞു. 

"ഇന്ത്യയില്‍ കോവിഡിന്‍റെ ആദ്യ തരംഗം അവസാനിച്ചപ്പോള്‍ അവര്‍ മഹാമാരിയെ അതിജീവിച്ചെന്ന തെറ്റായ നിഗമനത്തിലെത്തി. ഇതാണ് ഇപ്പോഴത്തെ ദുരവസ്ഥയിലെത്തിച്ചത്. ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് രാജ്യം തുറന്നിട്ടത് ദുരന്തമായി മാറി,"ഫൗചി പറഞ്ഞു. 

കാര്യങ്ങളെ ഒരിക്കലും കുറച്ചു കാണരുത്. പ്രാദേശികതലത്തില്‍ തന്നെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം ഉണ്ടായിരിക്കുകയെന്നത് പ്രധാനമാണ്. കോവിഡിനെതിരെ മാത്രമല്ല, ഭാവിയില്‍ വരാനിരിക്കുന്ന മഹാമാരികള്‍ക്കെതിരെ പൊരുതാനും ഇതു നമ്മെ സജ്ജരാക്കുമെന്ന് ഫൗചി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെ സ്ഥിതി വേദനാജനകമാണെന്നും ഇത് അമേരിക്കയ്ക്ക് പാഠമാണെന്നും സെനറ്റ് സമിതി ചൂണ്ടിക്കാട്ടി. അതേസമയം, ലോകാരോഗ്യ സംഘടനയുടെ ഭാഗമായി മഹാമാരിക്കെതിരായ പോരാട്ടത്തെ നയിക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്‍റെ തീരുമാനം സന്തോഷകരമാണെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു. ലോകത്ത് എല്ലായിടത്തും അവസാനിക്കാതെ യു.എസില്‍ മഹാമാരിയെ ഇല്ലാതാക്കിയെന്നു പറയാനാകില്ലെന്നും സെനറ്റ് സമിതി വ്യക്തമാക്കി. 

 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News