ടെക്‌സസിലെ മാളിലുണ്ടായ വെടിവയ്പ്പ്; കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ യുവതിയും
അമേരിക്കയിൽ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിനി ഐശ്വര്യ തട്ടഖോണ്ടയാണ് കൊല്ലപ്പെട്ടത്
ടെക്‌സസ്: അമേരിക്കയിലെ ടെക്സസിലെ മാളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ യുവതിയും. അമേരിക്കയിൽ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിനിയായ ഐശ്വര്യ തട്ടഖോണ്ട(27) യാണ് കൊല്ലപ്പെട്ടത്. 2018 മുതൽ അമേരിക്കയിൽ താമസക്കാരിയാണ് ഐശ്വര്യ. ഐശ്വര്യയുടെ സുഹൃത്തിനും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ടെക്സസിലെ അലൻ മാളിലുണ്ടായ വെടിവയപ്പിൽ ഒമ്പതുപേർ മരിച്ചത്. 33 കാരനായ മൗരീഷിയോ ഗാർസിയ എന്നയാൾ മാളിലെത്തിയ ഉടനെ ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലപ്പെട്ടവരിൽ ചിലർ കുട്ടികളാണെന്നാണ് റിപ്പോർട്ട്. ഏഴ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും രണ്ട് പേർ പിന്നീട് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. വിവരിക്കാനാവാത്ത ദുരന്തമാണ് നടന്നതെന്ന് ടെക്‌സസ് ഗവർണർ ഗ്രെഗ് പ്രതികരിച്ചു.