പ്രതിമാസം 15 ലക്ഷം രൂപ ജീവനാംശം വേണമെന്ന് ഭാര്യ; 6 കോടി ശമ്പളമുള്ള ജോലി രാജിവെച്ച് ഭര്‍ത്താവ്, പിന്നീട് സംഭവിച്ചത്!

കാനഡയിൽ വളരെ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന യുവാവും ഭാര്യയും 2013 ഡിസംബറിലാണ് നാല് കുട്ടികളുമായി സിംഗപ്പൂരിലേക്ക് താമസം മാറുന്നത്

Update: 2026-01-20 08:19 GMT

കാനഡ: വേര്‍പിരിഞ്ഞ ഭാര്യ പ്രതിമാസം വൻതുക ജീവനാംശം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിംഗപ്പൂരിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കനേഡിയൻ സ്വദേശി നാട്ടിലേക്ക് മടങ്ങി. എന്നാൽ ജീവനാംശം ഒഴിവാക്കാൻ ജോലി ഉപേക്ഷിച്ചുവെന്ന ഭാര്യയുടെ വാദം അംഗീകരിച്ച കോടതി യുവതിക്കും നാല് കുട്ടികൾക്കുമായി ഏകദേശം 44927135.66 കോടി രൂപ(S$634,000) നൽകാൻ സിംഗപ്പൂര്‍ കോടതി ഉത്തരവിട്ടു.

കാനഡയിൽ വളരെ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന യുവാവും ഭാര്യയും 2013 ഡിസംബറിലാണ് നാല് കുട്ടികളുമായി സിംഗപ്പൂരിലേക്ക് താമസം മാറുന്നത്. 2023ൽ സിംഗപ്പൂരിലെ ഒരു മൾട്ടിനാഷണൽ കോർപ്പറേഷനിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ വാർഷിക വരുമാനം S$860,000 ( ഏകദേശം ₹ 6 കോടി)യായിരുന്നു. ഓഫീസിലെ സീനിയർ എക്സിക്യൂട്ടീവായിരുന്നു ഇദ്ദേഹം. ഭാര്യയാണ് വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. 2006 നും 2013 നും ഇടയിൽ ജനിച്ച ഇവരുടെ മക്കൾ സിംഗപ്പൂരിലെ പ്രമുഖ സ്കൂളിലാണ് പഠിച്ചിരുന്നതെന്ന് ദി സ്ട്രെയിറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

ഇതിനിടയിൽ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായ യുവാവ് ഭാര്യയും മക്കളുമുള്ള വീട്ടിൽ താമസം മാറി കാമുകിക്കൊപ്പം താമസിക്കാൻ തുടങ്ങി. ഇതോടെ ഭാര്യ ബന്ധം വേര്‍പെടുത്താൻ തീരുമാനിക്കുകയായിരുന്നു. വേര്‍പിരിയലിനെ തുടര്‍ന്ന് വാടക, സ്കൂൾ ഫീസ്, സ്കൂൾ ബസ് എന്നിവക്കും മറ്റ് ചെലവുകൾക്കുമായി പ്രതിമാസം S$20,000 ( ₹ 15.5 ലക്ഷം) നൽകാമെന്ന് യുവാവ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് S$11,000 ആയി കുറച്ചു, അതായത് ഏകദേശം 7.7 ലക്ഷം രൂപ. ഇതോടെ സ്ത്രീ വീണ്ടും കോടതിയെ സമീപിച്ചു. കാനഡയിലെ വിദ്യാദ്യാസവും ആരോഗ്യ സംരക്ഷണവും സൗജന്യമാണെന്ന് വാദിച്ചുകൊണ്ട് കുടുംബം അവിടേക്ക് താമസം മാറാനായിരുന്നു യുവാവ് ആദ്യഭാര്യയോട് പറഞ്ഞത്. പൊതുവിദ്യാഭ്യാസം മാത്രമേ സൗജന്യമുള്ളൂവെന്നും കാനഡയിലെ സ്വകാര്യ സ്‌കൂൾ ഫീസ് സിംഗപ്പൂരിലെ അന്താരാഷ്ട്ര സ്‌കൂൾ ഫീസിനു തുല്യമാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ ഇതിനെ എതിർത്തു.

ഇതിന് പിന്നാലെ 2023 ഒക്ടോബർ 9ന് യുവാവ് സിംഗപ്പൂര്‍ കമ്പനിയിൽ നിന്നും ജോലി രാജിവെച്ചു. 2024 ജനുവരിയിൽ കാനഡയിലേക്ക് മടങ്ങി. ഇതോടെ ഭാര്യക്കുള്ള ജീവനാംശം മുടങ്ങി. ജനുവരി 31ന് കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന്, അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സൂം വഴി അഭിഭാഷകരോടൊപ്പം ഒരു ഹിയറിംഗിൽ പങ്കെടുത്തതിന് ശേഷം 2024 ഡിസംബറിൽ മാത്രമാണ് വാറണ്ട് പിൻവലിച്ചത്.2024 ഏപ്രിലിൽ, അദ്ദേഹത്തിന്‍റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി .ജോലി സ്ഥലത്ത് തന്‍റെ വിവാഹമോചനത്തെക്കുറിച്ച് കിംവദന്തികൾ പ്രചരിച്ചതിനെ തുടര്‍ന്ന് ജോലി വിടാൻ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നായിരുന്നു യുവാവിന്‍റെ ന്യായീകരണം.

2023 സെപ്റ്റംബർ മുതൽ ഭാര്യയെയും കുട്ടികളെയും വേണ്ടത്ര പരിപാലിക്കുന്നതിൽ ആ മനുഷ്യൻ പരാജയപ്പെട്ടുവെന്നും 2023 ഡിസംബർ മുതൽ 2025 മാർച്ച് വരെ അദ്ദേഹം ഒന്നും നൽകിയിട്ടില്ലെന്നും കോടതി കണ്ടെത്തി.

വാടക, പലചരക്ക് സാധനങ്ങൾ, വീട്ടുജോലിക്കാർ, കാർ, ഇന്‍റര്‍നാഷണൽ സ്കൂൾ ഫീസ് എന്നിവയുൾപ്പെടെ ന്യായമായ വീട്ടുചെലവുകൾ കണക്കാക്കിയ ശേഷം, 2023 സെപ്റ്റംബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിലെ ആകെ ചെലവുകൾക്കായി S$788,300 നൽകണമെന്ന് ജഡ്ജി വിധിച്ചു. എന്നാൽ ഇതിനോടകം S$154,383.81 അടച്ചിരുന്നതിനാൽ, കുടിശ്ശികയായ S$633,916.19 2026 ജനുവരി 15-നകം ഒറ്റത്തവണയായി അടയ്ക്കാൻ ഉത്തരവിടുകയായിരുന്നു. വിധിക്കെതിരെ യുവാവ് അപ്പീൽ നൽകിയിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News