ദ.കൊറിയയിലെ പ്രവാസി സമൂഹം ഒന്നിച്ചു; ഇന്ത്യയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ അയച്ചുതുടങ്ങി

ഇന്ത്യൻ അംബാസഡർ ശ്രീപ്രിയ രംഗനാഥനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

Update: 2021-06-04 15:23 GMT
Editor : Shaheer | By : Web Desk

ഇന്ത്യയിൽ കോവിഡ് രൂക്ഷമാകുമ്പോൾ ഏറ്റവും കൂടുതൽ ആശങ്കപ്പെട്ട ഒരു സമൂഹം ഇന്ത്യയ്ക്ക് പുറത്തുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസി സമൂഹമായിരുന്നു അത്. നാട്ടിൽ തങ്ങളുടെ ഉറ്റവരും ഉടയവരും മഹാമാരിക്കു കീഴടങ്ങുമ്പോൾ അവസാനമായി ഒരുനോക്കു കാണാൻപോലും സാധിക്കാത്തതിന്റെ നിസഹായാവസ്ഥയിലായിരുന്നു അവർ. ഇതിനിടയിൽ രാജ്യത്തിനു സഹായവുമായി പലയിടങ്ങളിലും പ്രവാസി സമൂഹം ഉണർന്നുപ്രവർത്തിച്ചു. ദക്ഷിണ കൊറിയയിലെ പ്രവാസി സമൂഹം രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് ഗൗരവതരമായ ആലോചന ആരംഭിക്കുന്നത് അങ്ങനെയാണ്.

സ്വന്തം നാടിനെ രക്ഷിക്കാൻ തങ്ങൾക്ക് എന്തു ചെയ്യാനാകുമെന്നായിരുന്നു അവർ ആദ്യം ആലോചിച്ചത്. സാധ്യമായ എല്ലാ വഴികളും അവർ ആരാഞ്ഞു. അങ്ങനെയാണ് രാജ്യത്തെ ഓക്‌സിജൻ ക്ഷാമത്തിന് തങ്ങളെക്കൊണ്ടാവുന്ന പരിഹാരം ചെയ്യാമെന്ന തീരുമാനത്തിൽ അവർ എത്തുന്നത്.

Advertising
Advertising

ദക്ഷിണ കൊറിയയിലെ ഇന്ത്യൻ അംബാസഡർ ശ്രീപ്രിയ രംഗനാഥനാണ് ആദ്യമായി ഇന്ത്യൻ സമൂഹത്തിന്റെ യോഗം വിളിച്ചുചേർത്തത്. മെയ് ഏഴിനു നടന്ന യോഗത്തിൽ വിവിധ സാമൂഹിക നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. കൊറിയൻ എയർ, ഏഷ്യാന എയർലൈൻസ്, എയർ ഇന്ത്യ അടക്കമുള്ള ഇന്ത്യൻ, ദക്ഷിണ കൊറിയൻ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. യോഗത്തിൽ ഇന്ത്യയ്ക്ക് ആവശ്യമുള്ള സഹായം എത്തിക്കാൻ ധാരണയായി. തൊട്ടുപിറകെ സഹായവാഗ്ദാനവുമായി ഇന്ത്യൻ ഇൻ കൊറിയ(ഐഐകെ) പ്രതിനിധികളും എംബസിയെ സമീപിച്ചു.

ദക്ഷിണ കൊറിയയിൽനിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങി ഇന്ത്യയിലേക്ക് അയക്കാൻ എംബസി തീരുമാനിച്ചു. ഇതിനുള്ള ധനസമാഹരണത്തിന് ഐഐകെ നേതൃത്വം നൽകി. ഓൺലൈൻ ധനസമാഹാരണവും ആരംഭിച്ചു. രണ്ടുദിവസം കൊണ്ട് 14 ലക്ഷത്തോളം രൂപയാണ് ഇതിലെത്തിയത്. ഇതിൽ 7,000 ഡോളറോളം കനേഡിയൻ കമ്പനിയായ ഡീപ്‌ലൈറ്റ് സംഭാവന ചെയ്തതായിരുന്നു. കമ്പനി ജീവനക്കാരനായ ഇന്ത്യക്കാൻ സ്വദേശി സുധാകർ ഷായാണ് ഇതിനു നേതൃത്വം നൽകിയത്. അങ്ങനെ വിവിധ രംഗങ്ങളിൽനിന്ന് ലക്ഷക്കണക്കിനു രൂപയുടെ സഹായം ഒഴുകി.

വിവിധ വഴികളിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ നൂറുകണക്കിനു സിലിണ്ടറുകൾ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ആദ്യ ഘട്ടമായി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന എൻജിഒ ആയ ആർമി വൈവ്‌സ് വെൽഫയറിനാണ്(അവ്വ) ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ചിരിക്കുന്നത്. അവ്വയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന സൈനിക ആശുപത്രികളിലാണ് ഈ സിലിണ്ടറുകൾ ഉപയോഗിക്കുക.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News