ചാര വനിതകളെ വിവാഹം ചെയ്യുന്ന ടെക്കികൾ; സിലിക്കൺവാലിയിലെ രഹസ്യങ്ങൾ ചോർത്താൻ 'സെക്‌സ് വാർ'

യുഎസിന്റെ സാങ്കേതിക രഹസ്യങ്ങൾ ചോർത്താനായി ചൈനയും റഷ്യയുമാണ് സെക്സ് വാറിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് 'ദി ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു

Update: 2025-10-24 11:21 GMT

Sex war spy | Photo | Special Arrangement

സിലിക്കൺവാലി: റഷ്യൻ ചൈനീസ് ഏജൻസികൾ സുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ച് സിലിക്കൺവാലിയിലെ ടെക് കമ്പനികളിൽ നുഴഞ്ഞുകയറാനും ജീവനക്കാരെ വശീകരിക്കാനും രഹസ്യങ്ങൾ ചോർത്താനും ശ്രമിക്കുന്നതായി റിപ്പോർട്ട്. ദീർഘകാലം തങ്ങൾ ലക്ഷ്യമിടുന്നവർക്കൊപ്പം കഴിയാനായി ഇവർ അവരെ വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്യാറുണ്ടെന്നും 'ദി ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 'സെക്‌സ് വാർ' എന്നാണ് ഇന്റലിജൻസ് ഏജൻസികൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് യുഎസിന്റെ സാങ്കേതിക ആധിപത്യത്തിന് വലിയ ഭീഷണി ഉയർത്തുന്നതായാണ് റിപ്പോർട്ട്.

Advertising
Advertising

ഈ നീക്കം തനിക്ക് നേരിട്ട് അനുഭവപ്പെട്ടിട്ടുണ്ടെന്ന് ചൈനയിൽ നിക്ഷേപം നടത്തുന്ന യുഎസ് കമ്പനികൾക്ക് ഉപദേശം നൽകുന്ന പാമിർ കൺസൽട്ടിങ്ങിന്റെ ചീഫ് ഇന്റലിജൻസ് ഓഫീസർ ജെയിംസ് മുൾവെനൻ പറഞ്ഞു. സുന്ദരികളായ ചൈനീസ് സ്ത്രീകളുടെ സങ്കീർണമായ ലിങ്ക്ഡ് ഇൻ അഭ്യർഥനകൾ തനിക്ക് ധാരാളമായി ലഭിക്കുന്നുണ്ടെന്ന് മുൾവെനൻ ദി ടൈംസിനോട് പറഞ്ഞു. അടുത്തകാലത്ത് ഇത് വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ നിക്ഷേപം നടത്തുന്നതിലെ അപകട സാധ്യതകളെക്കുറിച്ച് വിർജീനിയയിൽ അടുത്തിടെ നടന്ന ഒരു ബിസിനസ് കോൺഫറൻസിൽ രണ്ട് ചൈനീസ് സ്ത്രീകൾ പ്രവേശനം നേടാൻ ശ്രമിച്ചിരുന്നതായി മുൾവെനൻ പറഞ്ഞു. തങ്ങൾ അവരെ അകത്തേക്ക് കടത്തിവിട്ടില്ല. എന്നാൽ പരിപാടിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവരുടെ കൈവശമുണ്ടായിരുന്നു. 'സെക്‌സ് വാർ' യുഎസിനെ യഥാർഥത്തിൽ പ്രതിരോധത്തിലാക്കുന്നു എന്നാണ് കൗണ്ടർ ഇന്റലിജൻസിൽ 30 വർഷം അനുഭവപരിചയമുള്ള മുൾവെനോൺ പറയുന്നത്. അത്തരം പ്രവർത്തനങ്ങൾക്ക് യുഎസിന് സാംസ്‌കാരികമായും നിയമപരമായും നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ 'സെക്‌സ് വാറി'ൽ എതിരാളികൾക്ക് മേൽക്കൈയുണ്ട് എന്നും മുൾവെനോൺ പറഞ്ഞു.

ചൈനയും റഷ്യയും യുഎസിൽ സാധാരണ പൗരൻമാരെയും നിക്ഷേപകരെയും അക്കാദമിക് വിദഗ്ധരെയും ക്രിപ്‌റ്റോ അനലിസ്റ്റുകളുയെ അനൗപചാരിക ഇന്റലിജൻസ് എജന്റുമാരായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും വിദഗ്ധർ പറഞ്ഞു. 600 ബില്യൺ ഡോളറിന്റെ ബൗദ്ധിക സ്വത്തവകാശ മോഷണം നടക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് നിക്ഷേപകരുമായി പദ്ധതികൾ പങ്കുവെച്ചാൽ സ്റ്റാർട്ട്അപ്പുകളുടെ രഹസ്യങ്ങൾ നഷ്ടപ്പെടുകയോ അവർ ചൈനയിലേക്ക് മാറാൻ നിർബന്ധിതരാവുകയോ ചെയ്യും.

സാങ്കേതിക, വ്യാപാര രഹസ്യങ്ങൾ ലക്ഷ്യമിട്ടുള്ള ചാരവൃത്തിയുടെ കേന്ദ്രമായി സിലിക്കൺവാലി ഇപ്പോൾ മാറിയിരിക്കുന്നുവെന്ന് മുൾവെനോൺ പറയുന്നു. യുഎസ് ഇടപെടൽ തടയുന്നതിനായി സ്റ്റാർട്ട്അപ്പ് ഓഹരികൾ കൂട്ടത്തോടെ വാങ്ങിക്കൂട്ടുന്നു. രാഷ്ട്രീയചാരവൃത്തിയും സിലിക്കൺവാലിയിൽ സജീവമാണ്. കാലിഫോർണിയ ആസ്ഥനമായി ചൈനീസ് ഇന്റലിജൻസ് യൂണിറ്റ് പ്രവർത്തിക്കുന്നുവെന്നാണ് വിവിധ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News