ഇസ്രായേലിന്റെ ​F 35 വെടിവെച്ചിട്ടെന്ന് ഇറാൻ; ആകാശത്ത് കത്തിയെരിഞ്ഞത് 700 കോടിയുടെ യുദ്ധവിമാനം?

യുഎസിന്റെ ഏറ്റവും നൂതനവും അഞ്ചാം തലമുറയിൽപ്പെട്ടതുമായ യുദ്ധവിമാനമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്

Update: 2025-06-15 05:16 GMT

തെഹ്റാൻ: ജൂൺ 13-ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യൻ മേഖലയിൽ സംഘ‍ർഷം രൂക്ഷമാവുകയാണ്.

ഇതിനിടെ ഇസ്രയേലിന്റെ രണ്ട് എഫ്–35 വിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇറാൻ മാധ്യമങ്ങൾ. ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

യുഎസിന്റെ ഏറ്റവും നൂതനവും അഞ്ചാം തലമുറയിൽപ്പെട്ടതുമായ യുദ്ധവിമാനമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ഇതിന്റെ വില 90 ദശലക്ഷം ഡോളറാണ് (ഏകദേശം 7 ബില്യൺ രൂപ).

Advertising
Advertising

ഇസ്രോയേൽ ഇറാനിൽ ആക്രമണം തുടങ്ങിയതിന് ശേഷം രണ്ട് യുദ്ധവിമാനങ്ങൾ തകർത്തതായും ഒരു വനിത പൈലറ്റിനെ പിടികൂടിയതായും ഇറാന്റെ മാധ്യമ റിപോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇറാൻ സേന ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.

അതേസമയം, യുദ്ധ വിമാനം വെടിവച്ചിട്ടതായുള്ള ഇറാൻ മാധ്യമ വാർത്തകൾ ഇസ്രയേൽ നിഷേധിക്കുകയും ചെയ്തു.

ഇസ്രായേൽ പ്രതിരോധ സേന പങ്കിട്ട വീഡിയോ പ്രകാരം, ഇറാനെ ആക്രമിക്കാൻ ഐഎഎഫ് സൈനികർ RAAM (F-15I), SOUFA (F-16I), ADIR (F-35I) എന്നിവയാണ് ഉപയോഗിക്കുന്നത്. ഇസ്രായേൽ ഈ യുദ്ധവിമാനങ്ങളെല്ലാം അമേരിക്കയിൽ നിന്നാണ് വാങ്ങിയത്.

വെടിവച്ചിട്ടതായി പറയപ്പെടുന്ന യുഎസ് വിമാനത്തിന്റെ വില 90 ദശലക്ഷം ഡോളറാണ്. അതായത് ഇറാന്റെ അവകാശവാദം ശരിയാണെങ്കിൽ, ഈ ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ ഇസ്രായേലിന് 15 ബില്യൺ രൂപയുടെ നാശനഷ്ടം സംഭവിച്ചു.

ഇറാനിലെ എണ്ണപ്പാടങ്ങൾക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. തെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. തെക്കൻ ബുഷേഹർ പ്രവിശ്യയിലെ സൗത്ത് പാർസ്, ഫജർ ജാം എണ്ണപ്പാടങ്ങൾക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു.

വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. തെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News